ഈ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായ വ്യക്തിയാണ് വനിതാ എസ്. ഐ. ആനി ശിവ.
ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോൾ അവൾക്കുണ്ടായിരുന്ന പ്രണയത്തെ വീട്ടുകാർ അനുകൂലിച്ചില്ല. എതിർപ്പുകൾ വകവയ്ക്കാതെ അവൾ പ്രണയിച്ചയാളെ തന്നെ വിവാഹം കഴിച്ചെങ്കിലും ആ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. എട്ട് മാസമുള്ള കുഞ്ഞിനെയും കൊണ്ട് അവൾ തെരുവിലേക്കിറങ്ങി. വീട്ടുകാർ ഏറ്റെടുക്കില്ലെന്ന് അറിഞ്ഞ ആനി കുഞ്ഞിനൊപ്പം അമ്മൂമ്മയുടെ വീട്ടിൽ അഭയം പ്രാപിച്ചു. കുഞ്ഞിനെ നോക്കാനായി ജോലിക്കായുള്ള അലച്ചിലിലായി. ഇതിനായി പഠനം വരെ വേണ്ടെന്ന് വച്ചു. സേവന കറി പൗഡറിന്‍റെ ഡോർ ടു ഡോർ ഡെലിവറിയടക്കം ജോലികൾ ചെയ്‌തു. കുട്ടികൾക്ക് പ്രൊജക്ടും റെക്കോർഡും എഴുതി നൽകിയും ഓൺലൈൻ ജോലികൾ ചെയ്‌തും കുടുംബത്തിന് ജീവിക്കാനുള്ള വരുമാനം കണ്ടെത്തി.
വർക്കല ശിവഗിരി തീർഥാടന സമയത്ത് സ്വന്തമായി സ്റ്റാൾ ഇട്ട് ഏഴ് മാസത്തോളം നാരാങ്ങാവെള്ളവും ഐസ്‌ക്രീമും വിറ്റു. 2014ൽ വനിതകളുടെ എസ്.ഐ. പരീക്ഷ എഴുതാൻ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തിൽ ചേർന്നു. 20 മണിക്കൂറോളമാണ് ദിവസവും പഠനത്തിനായി മാറ്റിവച്ചത്. 2016ൽ വനിത പൊലീസായി ജോലി ലഭിച്ചു. 2019ൽ എസ്.ഐ പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂൺ 25 ന് എസ്.ഐ ആയി ആദ്യ നിയമനം. തൻ്റെ ജീവിതത്തിൽ തെറ്റായ തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ടാകാം. തന്നെ ആരും മാതൃകയാക്കണമെന്നും ആഗ്രഹിക്കുന്നില്ല എന്നാണ് ആനിയുടെ പക്ഷം. അത് ശരിയാണുതാനും. എന്നാൽ ജീവിത പ്രതിസന്ധികളോട് അവൾ ഒറ്റയ്ക്ക് പൊരുതിയ രീതി പ്രചോദനകരമാണ്. കഠിനാധ്വാനവും സ്ഥിരോത്സാഹവും ഉള്ളിടത്ത് വിജയം ഉറപ്പാണെന്ന പാഠമാണ് ആനിയുടെ ജീവിതം തെളിയിക്കുന്നത്.
ക്രിസ്തുവിൻ്റെ വചനങ്ങൾ ഓർക്കാം: "ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, അനേകംപേര്‍ പ്രവേശിക്കാന്‍ "ശ്രമിക്കും. എന്നാല്‍ അവര്‍ക്കു* സാധിക്കുകയില്ല" (ലൂക്കാ 13 : 24).
ചെറുതും വലുതുമായ പ്രതിസന്ധികൾക്കു നടുവിൽ ജീവിതം വഴിമുട്ടിപ്പോകുമ്പോൾ ദൈവം ദാനമായ് നൽകിയ ജീവനെ പരിരക്ഷിക്കാനും സ്ഥിരോത്സാഹത്തിലൂടെ വിജയത്തിലെത്താനും നമുക്ക് പരിശ്രമിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26