സർക്കാരിനെതിരെ ഉയരുന്ന പ്രതിഷേധം കത്തോലിക്കാ സഭക്കെതിരെ തിരിച്ച് വിട്ട് കനേഡിയൻ പ്രധാനമന്ത്രി

 സർക്കാരിനെതിരെ ഉയരുന്ന പ്രതിഷേധം കത്തോലിക്കാ സഭക്കെതിരെ തിരിച്ച് വിട്ട്  കനേഡിയൻ പ്രധാനമന്ത്രി

കാനഡയിലെ തദ്ദേശീയ കുട്ടികൾക്കായി 19-ആം നൂറ്റാണ്ടിന്റെ അവസാനം മുതൽ 1970 കളുടെ അവസാനം വരെ പ്രവർത്തിച്ചിരുന്ന കംലൂപ്സ് ഇന്ത്യൻ റെസിഡൻഷ്യൽ സ്‌കൂളിൽ ഉണ്ടായ മരണങ്ങളുടെ പേരിൽ മാർപ്പാപ്പ മാപ്പ് പറയണം എന്ന ആവശ്യം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂ‍‍ഡോ ഉയർത്തിയത് അടുത്തിയിടെ മാധ്യമശ്രദ്ധ ആകർഷിച്ചിരുന്നു. ബ്രിട്ടീഷ് കൊളംബിയയിൽ 251 കുഴിമാടങ്ങൾ കണ്ടെത്തിയതാണ് ആദ്യം വാർത്തയായത്. പിന്നീട് സ്കാപേം പ്രവിശ്യയിലെ കംലൂപ്സ് ഇന്ത്യൻ റെസിഡൻഷ്യൽ സ്കൂളിന് സമീപത്തുനിന്നും 751 കുഴിമാടങ്ങളും കണ്ടെത്തി.

ഈ സ്കൂൾ കാനഡയിലെ ഏറ്റവും വലിയ സ്കൂളായിരുന്നു. 1960 കളുടെ അവസാനത്തിൽ ഫെഡറൽ സർക്കാർ ഇത് ഏറ്റെടുക്കുന്നതുവരെ കത്തോലിക്കാ സഭയായിരുന്നു ഇതിന്റെ പ്രവർത്തന മേൽനോട്ടം വഹിച്ചിരുന്നത്, എന്നതാണ് ഈ മരണങ്ങൾക്കുത്തരവാദിയായി കത്തോലിക്കാ സഭയെ ചില കേന്ദ്രങ്ങൾ ചൂണ്ടി കാണിക്കുന്നത്.

പതിനെട്ട് , പത്തൊൻപത് നൂറ്റാണ്ടിലെ ക്യാനഡയിൽ വംശീയതയും കൊളോണിയലിസവും  അടിസ്ഥാനമാക്കിയുള്ള ഭരണസംവിധാനമായിരുന്നു  നിലവിലിരുന്നത്  എന്നാണ് ഒന്റാറിയോ പാർലമെന്റ് അംഗം പാം ഡാംഹോഫ് പ്രസ്താവിച്ചത്. ഇന്നും ഇത്തരത്തിൽ ഉള്ള പ്രവർത്തനങ്ങൾ തുടരുന്നതായും പോലീസിലും ആരോഗ്യ രംഗത്തും ഇത് വളരെ സ്പഷ്ടമാണെന്നും ഡാംഹോഫ് കൂട്ടിച്ചേർത്തു.

കാനഡ നടപ്പിലാക്കിയ റെസിഡൻഷ്യൽ സ്കൂൾ സംവിധാനം ഒരുതരത്തിൽ 'സാംസ്‌കാരിക ഉന്മൂലനം'  തന്നെയായിരുന്നു എന്ന് പല നിരീക്ഷകരും കരുതുന്നു. പലയിടങ്ങളിലും തദ്ദേശ വാസികൾക്കായി പ്രത്യേകം സ്ഥലങ്ങൾ നീക്കിവച്ചിരുന്നു എങ്കിലും ചില സ്ഥലങ്ങളിൽ, പ്രത്യേകിച്ച് ബ്രിട്ടീഷ് കൊളംബിയയിൽ തദ്ദേശീയ ഭൂമി അവരിൽ നിന്നും സർക്കാർ പിടിച്ചെടുക്കുകയാണുണ്ടായത്. 

1883 ഓടെ സർക്കാർ തദ്ദേശവാസികളെ ചൂഷണം ചെയ്യുന്നതിന് ഒരു പുതിയ മാനം വന്നു. കാനഡയുടെ പല ഭാഗങ്ങളിലുമുള്ള തദ്ദേശീയരായ കുട്ടികൾ റെസിഡൻഷ്യൽ സ്കൂളുകളിൽ ചേരാൻ നിർബന്ധിതരായി. ഈ സ്‌കൂളുകളിൽ  തദ്ദേശീയ ഭാഷകളും തദ്ദേശീയ സാംസ്കാരിക രീതികളും ഉപയോഗിക്കുന്നത് നിരോധിച്ചു. അങ്ങനെ സ്വന്തം ഭാഷയും സ്വന്തം സംസ്കാര രീതികളും കുട്ടികൾക്ക് അന്യമായി എന്ന് മാത്രമല്ല , വേണ്ട രീതിയിൽ പോഷകാഹാരവും ലഭ്യമായിരുന്നില്ല എന്ന് വിവിധ റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നു.

പതിനെട്ടാം നൂറ്റാണ്ടിലും, പത്തൊമ്പതാം നൂറ്റാണ്ടിലും കനേഡിയൻ സർക്കാരിന് സ്കൂളുകൾ നടത്താനും, എല്ലാവർക്കും വിദ്യാഭ്യാസം നൽകാനും ബുദ്ധിമുട്ട് ഉണ്ടായിരുന്നതിനാൽ പലതിന്റെയും ചുമതല ഏൽപ്പിച്ചത് റോമൻ കത്തോലിക്കാസഭയെയാണ്. തദ്ദേശീയരായ ഗോത്രവർഗ്ഗക്കാരായ കുട്ടികൾ ഉൾപ്പെടെ ഉള്ളവർക്ക് വിദ്യാഭ്യാസം നൽകുക എന്ന ചുമതലയിൽ നിന്നും സർക്കാർ സൗകര്യപൂർവ്വം മാറിനിൽക്കുകയായിരുന്നു. എന്ന് മാത്രമല്ല ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ നൽകിയിരുന്നുമില്ല.


ഇക്കാലയളവിൽ ആശുപത്രികളുടെയും, മെഡിക്കൽ സാങ്കേതികവിദ്യയുടെയും അഭാവംമൂലം ആളുകളുടെ ഇടയിൽ, പ്രത്യേകിച്ച് തദ്ദേശീയരായ ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ ക്ഷയരോഗങ്ങൾ പോലുള്ള അസുഖങ്ങൾ കൂടുതലായിരുന്നു. സ്‌കൂളുകളിലെ മരണങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ട്രൂത്ത് ആൻഡ് റീകൺസീലിയേഷൻ കമ്മീഷന്റെ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. മതിയായ വൈദ്യസഹായം ലഭിക്കാതിരുന്നത് കൊണ്ട് മരണനിരക്കും ഉയർന്നു.

രോഗം വന്ന് മരണപ്പെട്ട ഗോത്ര വർഗ്ഗക്കാരായ കുട്ടികളുടെ ശവശരീരങ്ങൾ അവരുടെ വീടുകളിലേക്ക് കൊടുത്തയക്കാൻ വേണ്ടി വരുന്ന സാമ്പത്തിക ചിലവ് വഹിക്കാൻ സർക്കാർ ഒരുക്കമല്ലായിരുന്നു. ഈ അവസരത്തിലാണ് സഭാ അധികൃതർ സ്കൂളുകൾക്ക് സമീപം തന്നെ മരണപ്പെട്ടവരെ അടക്കിയത്. കുട്ടികളോടൊപ്പം തന്നെ മരണപ്പെടുന്ന വൈദികരെയും, സന്യാസിനികളെയും അവിടെ തന്നെ അടക്കം ചെയ്തിരുന്നു.

കനേഡിയൻ സർക്കാർ നിസ്സംഗമായി മാറി നിന്ന സാഹചര്യത്തിൽ കത്തോലിക്കാ സഭ മുന്നിട്ടിറങ്ങി നടത്തിയ സേവന പ്രവർത്തനങ്ങൾ തമസ്കരിച്ച് കത്തോലിക്കാ സഭയ്‌ക്കെതിരെ ജനരോഷം ഉയർത്തിവിടുകയാണ് പ്രധാനമന്ത്രി ചെയ്തത് . തന്റെ മുൻഗാമികളായ ഭരണകർത്താക്കളുടെ വംശീയപരമായ നടപടികൾ വെള്ള പൂശുന്നതിനാണ് ഇപ്രകാരം ഒരു നിലപാട് അദ്ദേഹം സ്വീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.