ഇന്ത്യയിലേക്ക് വരാന്‍ മൃഗങ്ങള്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം

ഇന്ത്യയിലേക്ക് വരാന്‍ മൃഗങ്ങള്‍ക്കും  കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം

ചെന്നൈ: കോവിഡ് വ്യാപന സാഹചര്യത്തിൽ വിമാനങ്ങളിൽ ഇന്ത്യയിലെത്തിക്കുന്ന മൃഗങ്ങൾക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. ജൂൺ 30നാണ് നിർദേശം പുറപ്പെടുവിച്ചത്. കോവിഡ് വ്യാപനം ഇന്ത്യയിൽ നിലനിൽക്കുന്നിടത്തോളംകാലം നിയമം പാലിക്കണമെന്നും ഇതിൽ പറയുന്നു.

പൂച്ചകൾ, സിംഹങ്ങൾ, പുള്ളിപ്പുലികൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ വിദേശത്തുനിന്ന് എത്തിക്കുകയാണെങ്കിൽ കോവിഡ് പരിശോധന നടത്തണമെന്നാണ് കേന്ദ്ര ധനമന്ത്രാലയം കസ്റ്റംസ് അധികൃതർക്ക് നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞമാസം ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ കോവിഡ് ബാധിച്ച് രണ്ട് സിംഹങ്ങൾ ചത്തിരുന്നു. ഒമ്പത് സിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്ത സഹചര്യത്തിലാണ് തീരുമാനം.

പല രാജ്യങ്ങളിൽനിന്നും കടത്തിക്കൊണ്ടുവരുന്ന വിവിധ മൃഗങ്ങളെ ചെന്നൈ വിമാനത്താവളത്തിൽ പലപ്പോഴായി പിടികൂടിയിട്ടുണ്ട്. കടുവകൾ, സിംഹങ്ങൾ, പുള്ളിപ്പുലികൾ തുടങ്ങിയ മൃഗങ്ങൾക്ക് എളുപ്പത്തിൽ കോവിഡ് ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കുന്നത്.

കൃത്യമായ രേഖകളില്ലാതെ വന്യമൃഗങ്ങളെ ഇറക്കുമതി ചെയ്താൽ അവയെ അതേ രാജ്യങ്ങളിലേക്കുതന്നെ തിരിച്ചയക്കുമെന്ന് അധികൃതർ അറിയിച്ചു. വിദേശത്തുനിന്ന് വളർത്തുമൃഗങ്ങളെ നാട്ടിലെത്തിക്കുന്ന പ്രവാസികൾക്കും കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിയമം ബാധകമാണെന്ന് ചെന്നൈ കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.