ടൈറ്റാനിക് കടലില്‍ നിന്നും പൂര്‍ണമായും അപ്രത്യക്ഷമാകുന്നു

ടൈറ്റാനിക് കടലില്‍ നിന്നും പൂര്‍ണമായും അപ്രത്യക്ഷമാകുന്നു

വാഷിംഗ്ടണ്‍: ലോക ജനതയുടെ ഹൃദയത്തില്‍ ഒരു കപ്പല്‍ കയറിയിട്ടുണ്ടെങ്കില്‍ അത് ടൈറ്റാനിക് മാത്രമാണ്. ആദ്യ യാത്രയില്‍ തന്നെ വന്‍ ദുരന്തത്തിന് ഇടയാക്കിയ ടൈറ്റാനിക്. ടൈറ്റാനിക് പ്രേമികളെ ഏറെ വേദനിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ടൈറ്റാനിക് പൂര്‍ണമായും കടലിനുള്ളില്‍ നിന്നും അപ്രത്യക്ഷമാകുന്നു. ഇരുമ്പ് തിന്നുന്ന ബാക്ടീരിയകളും സമുദ്രജല പ്രവാഹങ്ങളുമാണ് കടലിനടിയില്‍ കണ്ടെത്തിയ ടൈറ്റാനിക്കിന്റെ ശേഷിപ്പുകളെ തുടച്ചു നീക്കുന്നതിന് പിന്നില്‍. ഈ സാഹചര്യത്തില്‍ ആഴക്കടലില്‍ അലിഞ്ഞില്ലാതാകുന്ന ടൈറ്റാനിക്കിലേക്ക് വിനോദ സഞ്ചാരികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുരാവസ്തു വകുപ്പ് ഗവേഷകര്‍ അടങ്ങുന്ന സംഘം ഉടന്‍ തന്നെ പുറപ്പെടുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ടൈറ്റാനിക് തിരിച്ച് വരാത്ത വിധം സമുദ്ര ജലത്തില്‍ അലിയുകയാണ്. അതിനാല്‍ തന്നെ ഒരുപാട് വിവരങ്ങള്‍ ഇനിയും കപ്പലില്‍ നിന്നും ശേഖരിക്കേണ്ടതുണ്ടെന്ന് യാത്രപോകുന്ന ഗവേഷകര്‍ അറിയിച്ചു. ഏതാണ്ട് ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം ഡോളര്‍ വരെയാണ് ടൈറ്റാനിക്ക് നേരില്‍ കാണാന്‍ വിനോദ സഞ്ചാരികള്‍ മുടക്കിയിരിക്കുന്നത്. ബാക്ടീരിയകള്‍ കടലിനുള്ളിലുള്ള ടൈറ്റാനിക്കിന്റെ കിലോക്കണക്കിന് ഭാഗങ്ങളാണ് ദിവസവും നശിപ്പിക്കുന്നത്. സമുദ്രത്തിനടിയില്‍ നിന്നും 1985ല്‍ കണ്ടെത്തിയ ടൈറ്റാനിക്കിന്റെ നിരവധി അവശേഷിപ്പുകള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇനിയും ഒരുപാട് കാര്യങ്ങള്‍ കപ്പലില്‍ ഒളിഞ്ഞുകിടപ്പുണ്ടെന്നാണ് സൂചന.

കപ്പലിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഇതിനോടകം ദ്രവിച്ചതായാണ് വിവരം. മുന്നോട്ട് നീണ്ടു നിന്നിരുന്ന 30 മീറ്റര്‍ നീളമുള്ള ടൈറ്റാനിക്കിന്റെ പായ്മരം തകര്‍ന്നിരുന്നു. വളഞ്ഞ ഗോവണിയ്ക്ക് സമീപത്തെ ജിംനേഷ്യവും തകര്‍ന്നു. ക്യാപ്റ്റന്റെ ക്യാബിനകത്തെ ചുമര് തകര്‍ന്നതോടെ ബാത്ത്ടബും അപ്രത്യക്ഷമായിരുന്നു. ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ടൈറ്റാനിക്കിന്റെ എല്ലാ അവശേഷിപ്പുകളും കടലില്‍ അലിഞ്ഞു ചേരുമെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.