പോര്‍ട്ട് ഒ പ്രിന്‍സ്: രാഷ്ട്ര തലവന്‍ കൊല്ലപ്പെട്ടതോടെ ഹെയ്തി വീണ്ടും അശാന്തമാവുകയാണ്.  ദരിദ്രമായ ഈ കരീബിയന്‍ രാജ്യത്തിന് പ്രസിഡന്റോ വര്‍ക്കിംഗ് പാര്‍ലമെന്റോ ഇല്ലാത്ത അവസ്ഥയാണ്. ഇടക്കാല പ്രധാനമന്ത്രിയായി ക്ലോഡ് ജോസഫ് അധികാരമേല്‍ക്കുകയും രാജ്യത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. 
 പ്രസിഡന്റ് വെടിയേറ്റ് മരിച്ചതിന് പിന്നാലെ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങിയതാണ് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കാരണമെന്ന് ഇടക്കാല പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നു.
പതിനൊന്ന് ദശലക്ഷം ജനങ്ങളുള്ള ഹെയ്തിയില്‍ നാല് ദശലക്ഷം ആളുകള്‍ പട്ടിണിയിലാണ്. വ്യാപകമായ കൂട്ടമാനഭംഗവും അക്രമങ്ങളും ഇവിടെ പതിവാണ്. സായുധ സംഘങ്ങളാണ് ഹെയ്തിയുടെ പല ഭാഗങ്ങളും നിയന്ത്രിക്കുന്നത്. കോവിഡ് കാലത്ത് അതിഗുരുതരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്.
പ്രസിഡന്റ് ഹൊവനൈല്‍ മോസെയെ അദ്ദേഹത്തിന്റെ സ്വകാര്യ വസതിയില്‍ കയറി അജ്ഞാതര്‍ വധിച്ച സംഭവം ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. ഹെയ്തിയുടെ പ്രസിഡന്റിനെ കൊലപ്പെടുത്താന്‍ ഇരുളിന്റെ മറവില്‍ വന്‍ സംഘമാണ് എത്തിയതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 
അമേരിക്കക്കാരും കൊളംബിയക്കാരും ഉള്‍പ്പെട്ട 28 അംഗ ഹിറ്റ് സ്‌ക്വാഡില്‍ അമേരിക്കക്കാരും കൊളംബിയക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്. സൈന്യത്തിന്റെ പക്കലുള്ളതിലും സാങ്കേതിക മേന്മയുള്ള അത്യാധുനിക ആയുധങ്ങളായിരുന്നു കൊലയാളികളുടെ കൈവശം ഉണ്ടായിരുന്നത്.
പ്രസിഡന്റിന്റെ വസതിയായ പോര്‍ട്ട് പ്രിന്‍സ് ഹോമില്‍ വെച്ച് മോസെ കൊല്ലപ്പെടുകയും ഭാര്യ മാര്‍ട്ടിന്‍ മോസെ അക്രമികളാല്‍ ക്രൂരമായി പരിക്കേല്‍ക്കപ്പെടുകയും ചെയ്തിരുന്നു. കൊലപാതകത്തിന് പിന്നാലെ അക്രമികളുമായി സുരക്ഷാ സേന ഏറ്റുമുട്ടുകയും നാലു പേരെ വധിക്കുകയും ചെയ്തു. സംഘത്തില്‍ പെട്ട 15 കൊളംബിയക്കാരെയും രണ്ട് ഹെയ്തിയന്‍ വംശജരായ അമേരിക്കക്കാരെയും ജീവനോടെ പിടികൂടിയിട്ടുമുണ്ട്. 
സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള എട്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പിടിയിലായവരില്‍ നിന്നും കണ്ടെടുത്ത ആയുധങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചിലരില്‍ നിന്നും കൊളംബിയന്‍ പാസ്പോര്‍ട്ടുകളും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് മേധാവി ലിയോണ്‍ ചാള്‍സ് അറിയിച്ചു.
പ്രസിഡന്റിനെ കൊലപ്പെടുത്താന്‍ എത്തിയവരില്‍ കൊളംബിയന്‍ മുന്‍ സൈനികരുണ്ടെന്ന സംശയം ബലപ്പെടുകയാണ്. രാജ്യ തലവനെ കൊലപ്പെടുത്തുന്നതില്‍ വിദേശ ശക്തിക്ക് പങ്കുണ്ടെന്ന നിഗമനത്തിലേക്ക് ഇത് വെളിച്ചം വീശുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൊളംബിയ പ്രതിരോധ മന്ത്രി ഡീഗോ മൊളനോ അന്വേഷണത്തില്‍ സഹായിക്കാന്‍ തന്റെ സൈന്യത്തോടും പൊലീസിനോടും  ആവശ്യപ്പെട്ടിട്ടുണ്ട്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.