ആളില്ലാതോടും സൈക്കിള്‍...തനിയെ ബാലന്‍സ് ചെയ്യും സൈക്കിള്‍... സ്വന്തം കാലില്‍ നില്‍ക്കും സൈക്കിള്‍

ആളില്ലാതോടും സൈക്കിള്‍...തനിയെ ബാലന്‍സ് ചെയ്യും സൈക്കിള്‍... സ്വന്തം കാലില്‍ നില്‍ക്കും സൈക്കിള്‍

സ്വയം നിയന്ത്രിക്കാന്‍ ശേഷിയുള്ള സൈക്കിള്‍ വിപണിയിലെത്തിച്ചിരിക്കുകയാണ് ചൈനീസ് കമ്പനിയായ വാവെയിലെ എന്‍ജിനീയര്‍മാര്‍. ഇരിക്കാന്‍ ആളില്ലെങ്കില്‍ പോലും സ്വയം ഓടിച്ചു പോകുന്ന സൈക്കിളാണ് വാവെയ് പുറത്തിറക്കിയിരിക്കുന്നത്.

ഈ സൈക്കിള്‍ ഓടിക്കുമ്പോള്‍ വീഴുമെന്ന് ഭയക്കേണ്ടതില്ല. ഒരാളുടേയും പിന്തുണയില്ലാതെ സ്വന്തം കാലില്‍ നില്‍ക്കാനും ലക്ഷ്യത്തിലേക്ക് പോകാനും സാധിക്കും ഈ വാവെയ് സൈക്കിളിന്. അതിസങ്കീര്‍ണ സെന്‍സറുകളും ഇമേജ് റെക്കഗ്‌നിഷന്‍ ക്യാമറകളും നിര്‍മിത ബുദ്ധിയുമൊക്കെ ഉപയോഗിച്ചാണ് ഈ അത്യാധുനിക സൈക്കിളിന്റെ പ്രവര്‍ത്തനം.

ഒരിക്കല്‍ സൈക്കിളില്‍ നിന്നും വീണ് പരിക്കേറ്റ് കിടന്നപ്പോഴാണ് വാവെയ് എന്‍ജിനീയറായ സിഹുയ് ജുനിന് ഈയൊരു ആശയം ലഭിക്കുന്നത്. ബാലന്‍സ് തെറ്റാതെ സ്വന്തം നിലയ്ക്ക് ഓടുന്ന സൈക്കിളായിരുന്നെങ്കില്‍ തനിക്ക് അപകടം സംഭവിക്കില്ലായിരുന്നുവെന്നാണ് സിഹുയ് ജുന്‍ ചിന്തിച്ചത്.

വാവെയ് കമ്പനി തന്നെ ഈ ആശയം യാഥാര്‍ഥ്യമാക്കാന്‍ അനുമതി നല്‍കിയതോടെ സ്വയം നിയന്ത്രിക്കുന്ന സൈക്കിള്‍ യാഥാര്‍ഥ്യമാവുകയായിരുന്നു. മനുഷ്യന്റെ തലച്ചോറിന്റെ ശേഷിക്ക് സമാനമായ രീതിയില്‍ കണക്കുകൂട്ടലുകള്‍ നടത്താന്‍ കഴിയുന്ന കമ്പ്യൂട്ടര്‍ ചിപ്പുകളും സെന്‍സറുകളുമാണ് ഇതിനുപയോഗിച്ചിരിക്കുന്നത്.

കമ്പ്യൂട്ടര്‍ നിര്‍മിത മാതൃകയായാണ് ആദ്യം ഈ സൈക്കിള്‍ ആശയം യാഥാര്‍ഥ്യമായത്. രണ്ടു ബ്രഷ്ലസ് മോട്ടറുകള്‍ ഉപയോഗിച്ചാണ് ഹാന്‍ഡിലിന്റെ നിയന്ത്രണം. സൈക്കിളിന്റെ തുലന നിലയും ഗതിയും ഉറപ്പിക്കുന്നതിന് വേണ്ട വിവരങ്ങള്‍ ആര്‍ജിബിഡി ഡെപ്ത് ക്യാമറകളും അക്സെലറോ മീറ്ററും ജൈറോസ്‌കോപും ലിഡാറുമല്ലാം ചേര്‍ന്ന് നല്‍കി.

മൂന്ന് മണിക്കൂര്‍ വരെ ചാര്‍ജ് നില്‍ക്കുന്ന 6 എസ് മോഡല്‍ ലിഥിയം ബാറ്ററികളാണ് സൈക്കിളിന് വേണ്ട ഊര്‍ജം നല്‍കിയത്. പ്രധാന നിയന്ത്രണ ഭാഗം സൈക്കിളിന്റെ പിന്‍ ചക്രത്തിന് മുകളില്‍ ഇരിപ്പിടത്തിന് താഴെയായാണ് സജ്ജീകരിച്ചത്.

സൈക്കിളിന്റെ കമ്പ്യൂട്ടിംങ് യൂണിറ്റ് സിഹുയ് ജുന്‍ തന്നെയാണ് നിര്‍മിച്ചത്. വാവെയുടെ ആസെന്റ് 310 എ.ഐ പ്രൊസസറാണ് ഇതിനായി ഉപയോഗിച്ചത്. റോബോട്ടിക് ഫീച്ചറുകളും നിര്‍മിത ബുദ്ധിയും ഉപയോഗിച്ചതുകൊണ്ടുതന്നെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ബാലന്‍സ് നിലനിര്‍ത്താനും ഗതി നിര്‍ണയിക്കാനും വേണ്ട തീരുമാനങ്ങളെടുക്കാന്‍ സൈക്കിളിന് സാധിക്കും. ഓട്ടോ പൈലറ്റ് ഡ്രൈവിങ് ടെസ്റ്റും ഈ വാവെയ് സൈക്കിള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.