കാറ്റില്‍നിന്നും സൂര്യപ്രകാശത്തില്‍നിന്നും ഹരിത ഇന്ധനം; ലോകത്തിലെ ഏറ്റവും വലിയ പദ്ധതിക്കൊരുങ്ങി പശ്ചിമ ഓസ്‌ട്രേലിയ

കാറ്റില്‍നിന്നും സൂര്യപ്രകാശത്തില്‍നിന്നും ഹരിത ഇന്ധനം;  ലോകത്തിലെ ഏറ്റവും വലിയ പദ്ധതിക്കൊരുങ്ങി  പശ്ചിമ ഓസ്‌ട്രേലിയ

പെര്‍ത്ത്: കാറ്റില്‍ നിന്നും സൂര്യപ്രകാശത്തില്‍ നിന്നും ഹരിത ഇന്ധനം ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പദ്ധതിക്കൊരുങ്ങി പശ്ചിമ ഓസ്‌ട്രേലിയ. നൂറ് ബില്യണ്‍ ഡോളര്‍ മുടക്കി ഗ്രേറ്റര്‍ സിഡ്‌നിയേക്കാള്‍ വലിപ്പത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഊര്‍ജ ഉല്‍പാദന രംഗത്ത് ഭാവി സാധ്യതകള്‍ മനസില്‍ക്കണ്ടാണ് ലോകത്തിന് തന്നെ മാതൃകയാകുന്ന പദ്ധതി ഓസ്‌ട്രേലിയ തയാറാക്കുന്നത്.

സോളാറില്‍നിന്നും കാറ്റില്‍നിന്നും ഹരിത ഇന്ധന ഉത്പാദനത്തിന് രാജ്യാന്തര കണ്‍സോര്‍ഷ്യമാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഊര്‍ജോല്‍പാദന രംഗത്ത് പ്രവര്‍ത്തന പരിചയമുളള വിവിധ കമ്പനികളുടെ കൂട്ടായ്മയാണിത്. കാറ്റില്‍ നിന്നും സൂര്യപ്രകാശത്തില്‍ നിന്നും ഹൈട്രജന്‍ അടക്കമുളള ഇന്ധനം വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാനാണ് ആലോചന. പതിനയ്യായിരം കിലോമീറ്റര്‍ മേഖലയാണ് പദ്ധതിക്കായി വിഭാവനം ചെയ്തിരിക്കുന്നത്. അന്‍പത് ജിഗാവാട്ട് ശേഷിയുളള ഊര്‍ജോല്‍പാദനമാണ് ലക്ഷ്യം.

പശ്ചിമ ഓസ്‌ട്രേലിയയുടെ തെക്ക് കിഴക്കന്‍ മേഖലയാണ് 50 ജിഗാ വാട്ട് ശേഷിയുളള പ്ലാന്റിനായി നോക്കുന്നത്. ഇവിടുത്തെ പാരിസ്ഥിതിക പ്രത്യേകതകള്‍ കൊണ്ടുതന്നെയാണ് പദ്ധതി ഇവിടെയാക്കാന്‍ ആലോചിക്കുന്നത്. വര്‍ഷത്തില്‍ തുടര്‍ച്ചയായി കാറ്റില്‍നിന്നും സൂര്യപ്രകാശത്തില്‍നിന്നും മാറിമാറി ഇന്ധനം ഉല്‍പാദിപ്പിക്കാന്‍ കഴിയും.

ഓരോ വര്‍ഷവും 3.5 ദശലക്ഷം ടണ്‍ ഹൈഡ്രജനോ അല്ലെങ്കില്‍ 20 ദശലക്ഷം ടണ്‍ അമോണിയമോ ഉത്പാദിപ്പിക്കാനാണു ലക്ഷ്യമിടുന്നത്. ഓസ്‌ട്രേലിയയിലെ പ്രമുഖ ടൂറിസ്റ്റ് ക്രേന്ദ്രമായ എസ്‌പെറന്‍സ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളാണ് പദ്ധതിക്കായി കണ്‍സോര്‍ഷ്യം നോട്ടമിടുന്നത്.

ശക്തമായ സൂര്യപ്രകാശവും കാറ്റും ധാരാളമായി ഇവിടെ ലഭിക്കുന്നു. പശ്ചിമ ഓസ്‌ട്രേലിയയില്‍നിന്ന് ഏകദേശം 700 കിലോമീറ്റര്‍ മാറിയാണ് എസ്‌പെറന്‍സ്. പദ്ധതിയെ ഇവിടുത്തെ ജനങ്ങളും പ്രതീക്ഷയോടെയാണു കാണുന്നത്്. പ്രാദേശികമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും കൂടുതല്‍ പേര്‍ ഇവിടേക്കു കുടിയേറുമെന്നും ഷെയര്‍ ഓഫ് എസ്‌പെറന്‍സ് പ്രസിഡന്റ് ഇയാന്‍ മിക്കല്‍ പറഞ്ഞു


ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ കല്‍ക്കരി പ്ലാന്‍ില്‍നിന്ന് ഉല്‍പാദിപ്പിക്കുന്നത് 2.9 ജിഗാവാട്ട് വൈദ്യുതി മാത്രമാണ്. കല്‍ക്കരിയില്‍നിന്നും ഗ്യാസില്‍നിന്നും മറ്റ് ഊര്‍ജോല്‍പാദന പ്ലാന്റുകളില്‍ നിന്നുമായി 54 ജിഗാ വാട്ട് ഊര്‍ജമാണ് നിലവില്‍ രാജ്യത്താകെ ഉല്‍പാദിപ്പിക്കുന്നത്. അതേസമയം പശ്ചിമ ഓസ്‌ട്രേലിയയിലെ നിര്‍ദിഷ്ട പദ്ധതിയില്‍നിന്നു മാത്രം 50 ജിഗാവാട്ട് ശേഷിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ പ്ലാന്റായിരിക്കും ഇത്. കാര്യങ്ങള്‍ വേഗത്തിലായാല്‍ 2030ല്‍ ഉത്പാദനം തുടങ്ങും. 26 ജിഗാവാട്ട് ഉല്‍പാദന ശേഷിയുളള മറ്റൊരു പദ്ധതി ഓസ്‌ട്രേലിയന്‍ പരിസ്ഥിതി മന്ത്രായലം കഴിഞ്ഞയാഴ്ച തളളിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.