ഐ.എസ്.ആര്‍.ഒ ചാരക്കേസ്: നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടെന്ന് മുന്‍ ഡിജിപി സിബി മാത്യൂസ്

ഐ.എസ്.ആര്‍.ഒ ചാരക്കേസ്: നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടെന്ന് മുന്‍ ഡിജിപി സിബി മാത്യൂസ്

തിരുവനന്തപുരം: ചാരക്കേസില്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടാണെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുന്‍ ഡിജിപി സിബി മാത്യൂസ്. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് അദ്ദേഹം മുന്‍കൂര്‍ ജാമ്യം തേടിയത്.

ചാരക്കേസ് സത്യമായിരുന്നുവെന്ന വാദത്തില്‍ അദ്ദേഹം ഉറച്ചുനിന്നു. കോടതി എടുത്തു ചോദിച്ചപ്പോഴും നിലപാട് ആവര്‍ത്തിച്ചു. ചാരക്കേസില്‍ നമ്പി നാരായണനെ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടാണെന്നും ഹര്‍ജിയില്‍ സിബി മാത്യൂസ് വ്യക്തമാക്കി. 1996 ല്‍ സിബിഐ നല്‍കിയ അന്തിമ റിപ്പോര്‍ട്ട് ചവറ്റുകുട്ടയില്‍ കളയണമെന്നും സിബിഐയുടെ പുതിയ അന്വേഷണം അനുഗ്രഹമായെന്നും ചാരക്കേസ് ശരിയായി അന്വേഷിച്ചാല്‍ സത്യം പുറത്തുവരുമെന്നും സിബി മാത്യൂസ് ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത സിബിഐ അഭിഭാഷകന്‍, ജെയിന്‍ കമ്മറ്റി റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ ജില്ലാ കോടതിക്കു നല്‍കാമെന്ന് അറിയിച്ചു. രാജ്യസുരക്ഷയ്ക്കു വേണ്ടിയാണ് തങ്ങള്‍ ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തിയതെന്നും ഇതില്‍ ഗൂഢാലോചനയില്ലെന്നും നേരത്തെ കോടതിയില്‍ ഹാജരാക്കിയ രേഖയില്‍ സിബി മാത്യൂസ് വ്യക്തമാക്കിയിരുന്നു.

ഐ.ബി. ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍.ബി. ശ്രീകുമാറിന്റെ നിര്‍ദേശപ്രകാരം സി.ഐ. എസ്. വിജയനാണ് മറിയം റഷീദയെയും ഫൗസിയ ഹസനെയും അറസ്റ്റു ചെയ്തത്. തുടര്‍ന്നാണ് ഐ.എസ്.ആര്‍.ഒയിലെ ഉന്നത ശാസ്ത്രജ്ഞരുമായി ഇവര്‍ക്ക് ബന്ധമുള്ള കാര്യം ബോധ്യമായത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രതിനിധിയായ ബെംഗളൂരു സ്വദേശി ചന്ദ്രശേഖരനുമായും ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ ശശികുമാറുമായും ഫൗസിയ ഹസന് അടുത്ത ബന്ധമുണ്ടായിരുന്നു.

ബെംഗളൂരുവിലെ ആര്‍മി ക്ലബ്ബില്‍ മറിയം റഷീദയും ഫൗസിയ ഹസനും സ്‌ക്വാഡ്രന്‍ ലീഡര്‍ കെ.എല്‍. ഭാസിനെ കണ്ടിരുന്നു. ഇക്കാര്യം അന്ന് ഒരു മാധ്യമവും റിപ്പോര്‍ട്ടു ചെയ്തില്ല. മാധ്യമങ്ങള്‍ രമണ്‍ ശ്രീവാസ്തവയുടെ പിറകിലായിരുന്നു. രമണ്‍ ശ്രീവാസ്തവയെയും നമ്പി നാരായണനെയും അറസ്റ്റു ചെയ്യാന്‍ നിര്‍ബന്ധിച്ചതും ഐ.ബി ഉദ്യോഗസ്ഥരാണെന്നും സിബി മാത്യൂസ് വ്യക്തമാക്കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.