"മാനിഷാദ" കൊല്ലരുതേ സമുദ്രത്തെ


ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് സമുദ്രജീവികളുടെ മരണകാരണമാവുകയും സമുദ്രത്തിന്റെ സന്തുലനാവസ്ഥ നഷ്ടപ്പെടുത്താൻ ഇടയാവുകയും ചെയ്യുന്ന എട്ട് ദശലക്ഷം ടൺ പ്ലാസ്റ്റിക്കാണ് സമുദ്രത്തിൽ ഓരോ വർഷവും നിക്ഷേപിക്കപ്പെടുന്നത്.


സമുദ്രത്തിൽനിന്നും കിട്ടിയ പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച കടൽക്കുതിര

ഫ്രാൻസിസ് മാർപാപ്പയും സമുദ്ര സംരക്ഷണത്തെ പിന്താങ്ങിക്കൊണ്ട് സന്ദേശമറിയിച്ചു. സമുദ്ര ഞായറായ ജൂലൈ 11, കടലിനെ ആശ്രയിച്ച്‌ ഉപജീവനം നടത്തുന്ന എല്ലാവർക്കുമായി പ്രത്യേകം സമർപ്പിക്കപ്പെട്ട ദിവസമാണെന്ന് പാപ്പാ പറഞ്ഞു. അന്നേ ദിവസം കടൽ യാത്രക്കാർക്കും മൽസ്യബന്ധനം നടത്തുന്നവർക്കുംവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം. നമ്മുടെ ജീവിതത്തിൽ അവർ വഹിക്കുന്നത് സുപ്രധാന പങ്കാണ്. അവരെ ഓർക്കാനും അവർക്ക് നന്ദി പറയാനും പാപ്പാ ഓർമ്മിപ്പിച്ചു.

കടലിനെയും അതിന്റെ ആവാസവ്യവസ്ഥയെയും പരിപാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പാപ്പാ ഊന്നിപ്പറഞ്ഞു. പാപ്പയുടെ ശസ്ത്രക്രിയ നടന്ന ജെമെല്ലി ആശുപത്രിയിൽ നിന്ന് കൊടുത്ത ഞായറാഴ്ച സന്ദേശത്തിലാണ് തന്റെ പ്രാർത്ഥനയിൽ അവരെ ഓർക്കുന്നെന്നും എല്ലാവരോടും കടലിന്റെ ആരോഗ്യം ശ്രദ്ധിക്കണമെന്നും പ്ലാസ്റ്റിക്കുകൾ കടലിലേക്ക് വലിച്ചെറിയരുതെന്നും പാപ്പാ ആവശ്യപ്പെട്ടത് .


സമുദ്രത്തിൽനിന്നും കിട്ടിയ പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച ആമ

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്‌ എട്ട് ദശലക്ഷം ടൺ പ്ലാസ്റ്റിക്കാണ് സമുദ്രത്തിൽ ഓരോ വർഷവും എത്തിച്ചേരുന്നത്‌. സമുദ്ര പരിപാലനത്തെ സംബന്ധിക്കുന്ന ധാരാളം പരാമർശങ്ങൾ ഫ്രാൻസിസ് പാപ്പാ തന്റെ ചാക്രീക ലേഖനമായ "ലൗദാത്തൊസീ" യിൽ നടത്തിയിട്ടുണ്ട്. "സമുദ്രങ്ങളിൽ നമ്മുടെ ഗ്രഹത്തിന്റെ ജലവിതരണത്തിന്റെ ഭൂരിഭാഗം മാത്രമല്ല, ഇപ്പോഴും നമുക്ക് അജ്ഞാതമായ വൈവിധ്യമാർന്ന പല ജീവജാലങ്ങളും അടങ്ങിയിരിക്കുന്നു. അവ പല കാരണങ്ങളാൽ ഭീഷണി നേരിടുകയാണ്. ഇത്തരം ഭീഷണി നേരിടുന്ന സമുദ്രജീവികളാണ് നാം അവഗണിക്കുന്ന പ്ലവകം. അവ സമുദ്രഭക്ഷ്യ ശൃംഖലയിലെ ഒരു സുപ്രധാന ഘടകമാണ്.


സമുദ്രത്തിൽനിന്നും കിട്ടിയ പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച മത്സ്യം

നമ്മുടെ ഭക്ഷണം അത്യന്തീകമായി അവയെ ആശ്രയിച്ചാണിരിക്കുന്നത്. ഉഷ്ണ-ഉപോഷ്ണമേഖലകളിലെ കടലുകളിൽ, കരയിൽ കാണുന്ന വൻ കാടുകൾക്ക് തുല്യമായ പവിഴപുറ്റുകൾ കാണാം. ഇവ മത്സ്യങ്ങൾ, ഞണ്ടുകൾ, കല്ലിൻമേൽ കായ് , കടൽപഞ്ഞി, കടൽ പായൽ തുടങ്ങി ഏകദേശം ഒരു ദശലക്ഷത്തോളം  ജൈവ ഇനങ്ങൾക്ക് അഭയം നൽകുന്നു. ലോകത്തിലെ പല പവിഴപ്പുറ്റുകളും ഇതിനകം തരിശാവുകയോ നിരന്തരമായ വിനാശം നേരിടുന്ന അവസ്ഥയിലോ ആയതിനാൽ കടലിന്റെ അൽഭുത ലോകത്തെ വെള്ളത്തിനടിയിൽ നിറവും ജീവനും നഷ്ടപ്പെട്ട സിമിത്തേരികളാക്കി മാറ്റുന്നു" എന്ന് “ലൗദാത്തൊസീ” യുടെ നാല്പതും നാല്പത്തി ഒന്നും ഖണ്ഡികയിൽ പാപ്പാ എഴുതുന്നു.

2018ൽ സൃഷ്ടികളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള ലോക പ്രാർത്ഥനാദിനത്തിൽ വത്തിക്കാനിൽ നടന്ന കോൺഫെറെൻസിൽ വ്യാവസായിക നേതാക്കളോട് പാപ്പാ ഇങ്ങനെ പറഞ്ഞു " അളവില്ലാത്തത്ര പ്ലാസ്റ്റിക്ക് നിക്ഷേപിച്ച് നമ്മുടെ കടലുകളെയും സമുദ്രങ്ങളെയും മലിനമാക്കാൻ അനുവദിച്ചുകൂട ".


സമുദ്രത്തിൽനിന്നും കിട്ടിയ പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച സ്രാവ്

വത്തിക്കൻ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്ത ഈ വാർത്തയോട് ചേർത്ത് വച്ചുകൊണ്ട് മറ്റൊന്ന് കൂടി. അമേരിക്കയിലെ ടെക്സസിലെ കോർപ്പസ് ക്രിസ്റ്റി എന്ന സ്ഥലത്തുള്ള 'ടെക്സാസ്സ് സ്റ്റേറ്റ് അക്വാറിയ'ത്തിൽ ജനങ്ങളുടെ ബോധവത്ക്കരണത്തിനായി ചെയ്തു വച്ചിരിക്കുന്ന മനോഹരമായ ഒരു സംഗതിയുണ്ട്. സമുദ്രത്തിൽ നിന്നും ലഭിച്ച പ്ലാസ്റ്റിക്കുകൾ കൊണ്ട് നിർമിച്ച, മത്സ്യം, സ്രാവ്, ആമ , കടൽക്കുതിര മുതലായവയാണ് അത്. സന്ദർശകരുടെ കണ്ണ് തുറക്കാൻ പര്യാപ്തമായവയാണ് ആ സൃഷ്ടികൾ.


പ്ലാസ്റ്റിക് സ്ട്രോ മൂക്കിൽ തുളച്ചു കയറിയ ആമ

പ്ലാസ്റ്റിക് സ്‌ട്രൊ മൂക്കിൽ തുളച്ചു കയറിയ ആമയുടെ അവസ്ഥ സ്കൂളുകളിൽ കുട്ടികളെ കാണിക്കുകയും അത് കണ്ട് ഇനി സ്ട്രോ ഉപയോഗിക്കില്ല എന്ന് തീരുമാനമെടുക്കുകയും അങ്ങനെ ചെയ്യാൻ മാറ്റ് കുട്ടികളെയും മാതാപിതാക്കളെയും പ്രേരിപ്പിക്കുകയും ചെയ്യുന്ന കുട്ടികളെയും കണ്ടിട്ടുണ്ട്. ഇപ്പോൾ 'പേപ്പർ സ്ട്രോ'യും വിപണിയിലെത്തി.


പേപ്പർ സ്ട്രോ

ലോകം മുഴുവൻ അവബോധം കൊടുക്കേണ്ട ഒരു പ്രധാനപ്പെട്ട വിഷയം തന്നെയാണിത്. നിഗൂഢതകൾ നിറഞ്ഞ സമുദ്രാന്തർഭാഗത്തെ സന്തുലനാവസ്ഥ നിലനിർത്തുന്നതിൽ ഈ ഭൂമിയിൽ ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ട്. ഓരോ കാര്യത്തിലും ഉത്തരവാദിത്ത്വത്തോടെ അഭിപ്രായം പറയുകയും നിർദേശങ്ങൾ മുൻപോട്ട് വയ്ക്കുകയും ചെയ്യുന്ന ഫ്രാൻസിസ് പാപ്പാ തന്നെ ലോകത്തിന് പ്രചോദനമാകുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.