കൊല്ലം: കൊല്ലം കുണ്ടറയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ നാല് മരണം. കിണര്‍ ശുചീകരിക്കാനിറങ്ങിയ നാല് പേരാണ് അപകടത്തില്‍പ്പെട്ടത്. കിണറ്റില്‍ കുടുങ്ങിയ നാല് പേരേയും അഗ്‌നിരക്ഷാസേന പുറത്ത് എത്തിച്ചു. ഗുരുതരാവസ്ഥയില്‍ ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാല് പേരുടേയും ജീവന്‍ രക്ഷിക്കാനായില്ല.
കിണറ്റില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ മൂന്ന് പേര്‍ക്ക് ജീവനുണ്ടായിരുന്നു. അഗ്‌നിരക്ഷാസേന പ്രവര്‍ത്തകര്‍ ഇവര്‍ക്ക് സിപിആര്‍ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരും രക്ഷപ്പെട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ കൊല്ലം ഫയര്‍ സ്റ്റേഷനിലെ വാത്മീകി നാഥ് എന്ന ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണു. ഇദ്ദേഹത്തിന്റെ ആരോഗ്യനില നിലവില്‍ ആശ്വാസകരമാണ്. നാലാമത്തെ ആളേയും രക്ഷപ്പെടുത്തിയ ശേഷമാണ് വാത്മീകി നാഥ് കുഴഞ്ഞുവീണത്.
ശിവപ്രസാദ് എന്ന വാവ ,സോമരാജന്‍, മനോജ്, രാജന്‍ എന്നിവരാണ് മരണപ്പെട്ടത്. സോസോമരാജന്‍, രാജന്‍ എന്നിവര്‍ കൊറ്റങ്കര പോളശേരി സ്വദേശികളാണ് മനോജ്, വാവ (ശിവ പ്രസാദ്) എന്നിവര്‍ കൊറ്റങ്കര ചിറയടി സ്വദേശികളാണ്. ഏറെ ആഴമുള്ള കിണര്‍ ശുചീകരിക്കാന്‍ ആദ്യം ഒരു തൊഴിലാളിയാണ് ഇറങ്ങിയത്. ഇയാള്‍ക്ക് ശ്വാസതടസ്സമുണ്ടായതോടെ രണ്ട് പേര്‍ രക്ഷിക്കാന്‍ ഇറങ്ങി. ഇവരില്‍ നിന്നും പ്രതികരണമൊന്നുമില്ലാതെ വന്നതോടെ നാട്ടുകാര്‍ അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. 80 അടിയോളം ആഴമുള്ള കിണറ്റില്‍ വിഷവാതകം ശ്വസിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. ജനവാസമേഖലയായതിനാല്‍ പെട്ടെന്ന് തന്നെ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കാന്‍ സാധിച്ചെങ്കിലും നാല് ജീവനുകളും നഷ്ടമാവുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.