വിസ നയം കഠിനം: അമേരിക്കയിലെ മിടുക്കരായ ഇന്ത്യന്‍ യുവാക്കള്‍ കാനഡയിലേക്ക് ചേക്കേറുന്നു

വിസ നയം കഠിനം: അമേരിക്കയിലെ മിടുക്കരായ ഇന്ത്യന്‍ യുവാക്കള്‍ കാനഡയിലേക്ക് ചേക്കേറുന്നു

നൈപുണ്യ ചോര്‍ച്ച തടയാന്‍ യു. എസ് കോണ്‍ഗ്രസ് സത്വര
നടപടി സ്വീകരിക്കണമെന്ന് ഇമിഗ്രേഷന്‍, നയ വിദഗ്ധര്‍

വാഷിംഗ്ടണ്‍: കാലഹരണപ്പെട്ട എച്ച് -1 ബി വിസ നയം കാരണം അമേരിക്കയില്‍ നിന്ന് തൊഴില്‍ വൈദഗ്ധ്യമുള്ള ഇന്ത്യന്‍ യുവാക്കള്‍ കാനഡയിലേക്ക് വന്‍തോതില്‍ ആകര്‍ഷിക്കപ്പെടുന്നതായി ഇമിഗ്രേഷന്‍, നയ വിദഗ്ധര്‍ യു.എസ് നിയമ നിര്‍മാതാക്കള്‍ക്ക് മുന്നറിയിപ്പു നല്‍കി. കാനഡയിലെ കുടിയേറ്റ നയം അമേരിക്കയിലേതിനേക്കാള്‍ ഭേദപ്പെട്ടതായിരിക്കേ, ഇത്തരക്കാരുടെ ഒഴുക്കു തടയാന്‍ യു.എസ് കോണ്‍ഗ്രസ് സത്വര നടപടി സ്വീകരിക്കണമെന്ന നിര്‍ദ്ദേശവും അവര്‍ മുന്നോട്ടുവച്ചു.

കാലഹരണപ്പെട്ട യു.എസ് ഇമിഗ്രേഷന്‍ നയങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് മികച്ച പ്രതിഭകളെ എങ്ങനെ എത്തിക്കുന്നുവെന്നതിനെപ്പറ്റി ഇമിഗ്രേഷന്‍ സംബന്ധിച്ച ഹൗസ് ജുഡീഷ്യറി കമ്മിറ്റിയുടെ ഉപസമിതി മുമ്പാകെ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റുവര്‍ട്ട് ആന്‍ഡേഴ്സണ്‍ സമര്‍പ്പിച്ച കണക്ക്് തൊഴില്‍ അടിസ്ഥാനമാക്കിയുള്ള ഗ്രീന്‍ കാര്‍ഡ് അല്ലെങ്കില്‍ സ്ഥിരം റെസിഡന്‍സി നല്‍കുന്നതിലുള്ള വലിയ പോരായ്മ പ്രകടമാക്കുന്നതാണ്.

ഇന്ത്യക്കാര്‍ക്ക് തൊഴില്‍ അടിസ്ഥാനമാക്കി മൂന്ന് വിഭാഗങ്ങളിലായി നല്‍കുന്ന മൊത്തം വിസകളുടെ കണക്കില്‍ 9,15,497 വ്യക്തികളുടെ കുറവാണ് ഇപ്പോഴുള്ളത്. 2030 സാമ്പത്തിക വര്‍ഷത്തോടെ ഇത് 21,95,795 ആകും.

അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഉയര്‍ന്ന യോഗ്യതയുള്ള പ്രഗത്ഭരായ വിദേശ പൗരന്മാര്‍ അമേരിക്കയെക്കാള്‍ കാനഡയെ തിരഞ്ഞെടുക്കുന്നുവെന്ന് ആന്‍ഡേഴ്സണ്‍ പറഞ്ഞു. ഇതു തടയാന്‍ എത്രയും പെട്ടെന്ന് നടപടി ഉണ്ടായില്ലെങ്കില്‍ തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ ദൗര്‍ലഭ്യം രാജ്യത്ത് രൂക്ഷമാകും.

ഗ്രീന്‍ കാര്‍ഡിനു വേണ്ടി ലക്ഷക്കണക്കിന് ആളുകള്‍ക്ക് അനിശ്ചിതമായി കാത്തുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്. എച്ച്-1ബി വിസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നവര്‍ പ്രതിസന്ധിയിലാകുമ്പോള്‍ സ്ഥിരതാമസത്തിന് അനുമതി ലഭിക്കുന്നതില്‍ കാനഡയിലെ നടപടികള്‍ താരതമ്യേന എളുപ്പമാണെന്ന് ആന്‍ഡേഴ്‌സണ്‍ ചൂണ്ടിക്കാട്ടി.

നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്ക നടത്തിയ യു.എസ് ഗവണ്‍മെന്റ് ഡാറ്റ വിശകലനത്തില്‍, യു.എസ് സര്‍വ്വകലാശാലകളില്‍ ബിരുദ തലത്തിലുള്ള കമ്പ്യൂട്ടര്‍ സയന്‍സ്, എഞ്ചിനീയറിംഗ് എന്നിവയില്‍ പ്രവേശനം നേടിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം 2016-17 നും 2018-19 വര്‍ഷങ്ങള്‍ക്കിടയില്‍ 25 ശതമാനത്തിലധികം കുറഞ്ഞു. അതേസമയം കാനഡ സര്‍വകലാശാലകളിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 2016 ല്‍ 76,075 ആയിരുന്നത് 2018 ല്‍ 1,72,625 ആയി വര്‍ധിച്ചു. 127% ആണ് വര്‍ദ്ധന.


താല്‍ക്കാലിക പദവിയില്‍ ജോലി ചെയ്യുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും വിദേശ പൗരന്മാരും താരതമ്യേന എളുത്തിലാണ് കാനഡയില്‍ സ്ഥിര താമസം നേടുന്നതെന്ന് ആന്‍ഡേഴ്സണ്‍ പറഞ്ഞു. കമ്പ്യൂട്ടര്‍ സയന്‍സില്‍ യുഎസ് സര്‍വകലാശാലകളിലെ മുഴുവന്‍ സമയ ബിരുദ വിദ്യാര്‍ത്ഥികളില്‍ ഏകദേശം 75% അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാണ്. 2016-17 അധ്യയന വര്‍ഷത്തില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ മൂന്നില്‍ രണ്ട് ഭാഗം ഇന്ത്യയില്‍ നിന്നുള്ളവരായിരുന്നു.

തൊഴില്‍ നൈപുണ്യമുള്ള വ്യക്തികളുടെ പ്രവേശനം സുഗമമാക്കുന്നതിന് കാനഡയുടെ കുടിയേറ്റ നയങ്ങള്‍ അമേരിക്കയുടേതിനേക്കാള്‍ ഏറെ മികച്ചതാണ്. സ്മാര്‍ട്ട് ഫോണുകള്‍, ഇ-കൊമേഴ്‌സ്, സോഷ്യല്‍ മീഡിയ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഇന്റര്‍നെറ്റിന്റെ ദൈനംദിന ഉപയോഗം എന്നിവയിലെ ഉയര്‍ന്ന സാങ്കേതിക നൈപുണ്യമുള്ള തൊഴിലാളികളുടെ ഡിമാന്‍ഡ് ഉയരുന്നുന്നതിനുമുമ്പ് 1990 ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് സ്ഥാപിച്ച ഇമിഗ്രേഷന്‍ നയങ്ങള്‍ ലോകം ഏറെ മാറുന്നതിന് അനസരിച്ച് പരിഷ്‌കരിക്കേണ്ടുണ്ട്- ആന്‍ഡേഴ്സണ്‍ പറഞ്ഞു.

അതിവേഗം വളരുന്ന കനേഡിയന്‍ കമ്പനികള്‍ക്ക് ഉയര്‍ന്ന ക്ഷമതയുള്ള പ്രഗത്ഭരായ വിദേശ പ്രതിഭകളെ നിയമിക്കാന്‍ അനുമതിയുണ്ടെന്നും അമേരിക്കയിലെ എച്ച് -1 ബി അപേക്ഷകരുടെ യോഗ്യതയെ അപേക്ഷിച്ച് നാലില്‍ താഴെ മാത്രം നൈപുണ്യമേ അവിടെ ആവശ്യമുള്ളൂ എന്നും നോര്‍ത്ത് അമേരിക്കന്‍ ടെക്നോളജി കൗണ്‍സില്‍ സിഇഒ ജെന്നിഫര്‍ യംഗ് പറഞ്ഞു. കോവിഡ് വരുന്നതിനു മുമ്പേ അമേരിക്കയിലെ ഇമിഗ്രേഷന്‍ സംവിധാനം പേപ്പര്‍ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഇത് മിക്കവാറും എല്ലാ അപേക്ഷകളുടെയും പ്രോസസിംഗില്‍ കാര്യമായ കാലതാമസമുണ്ടാക്കിപ്പോന്നുവെന്നും അവര്‍ പറഞ്ഞു.

തന്റെ മുന്‍ സഹപ്രവര്‍ത്തകയായ കേതകി ദേശായിയും ഭര്‍ത്താവും അമേരിക്കയില്‍ വിദ്യാര്‍ത്ഥി വിസയില്‍ വിദ്യാഭ്യാസം നേടിയവരാണ്. ബിരുദാനന്തര ബിരുദം കഴിഞ്ഞ് 18 വര്‍ഷത്തിനുശേഷം, യു.എസില്‍ സ്ഥിര താമസത്തിനുള്ള തങ്ങളുടെ പാത വളരെ മങ്ങിയതായി മനസിലാക്കിയ അവര്‍ കാനഡയിലെ ടൊറന്റോയിലേക്ക് പുറപ്പെട്ടു. അവിടെ ഒരു വീട് വാങ്ങി.

യുഎസ് ജോലി ഉപേക്ഷിച്ച് കാനഡയിലേക്കു ചേക്കേറുന്നവരെ സജീവമായി റിക്രൂട്ട് ചെയ്യുകയും സഹായിക്കുകയും ചെയ്യുകയാണ് അവരെന്നും ജെന്നിഫര്‍ യംഗ് നിയമ നിര്‍മാതാക്കളോട് പറഞ്ഞു. 'പ്രതിവര്‍ഷം ലക്ഷക്കണക്കിന് എച്ച് -1 ബി വിസ അപേക്ഷകള്‍ നിരസിക്കപ്പെടുന്നു. ഉയര്‍ന്ന വൈദഗ്ധ്യമുള്ള അവര്‍ മറ്റ് സമ്പദ് വ്യവസ്ഥയിലേക്ക് സംഭാവന നല്‍കാന്‍ പോകുകയാണ് '- അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്മെന്റ് ഓഫ് സയന്‍സ് സയന്‍സ് ജേണല്‍സ് സിഇഒയും എക്സിക്യൂട്ടീവ് പബ്ലിഷറുമായ സുദീപ് പരീഖ് ചൂണ്ടിക്കാട്ടി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.