'ആധാര്‍ കാര്‍ഡോ അല്ലെങ്കില്‍ 11 രേഖകളോ അംഗീകരിക്കണം'; തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കി സുപ്രീം കോടതി

'ആധാര്‍ കാര്‍ഡോ അല്ലെങ്കില്‍ 11 രേഖകളോ അംഗീകരിക്കണം'; തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കി സുപ്രീം കോടതി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡോ അല്ലെങ്കില്‍ 11 രേഖകളോ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണമെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ഇതിന്റെ മുഴുവന്‍ നടപടിക്രമങ്ങളും വോട്ടര്‍മാര്‍ക്ക് അനുകൂലമാകണമെന്നും കോടതി നിര്‍ദേശിച്ചു.

വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെട്ട വോട്ടര്‍മാര്‍ക്ക് വീണ്ടും പേര് ചേര്‍ക്കാന്‍ അവകാശവാദം ഉന്നയിക്കാന്‍ ഓണ്‍ലൈനായി ആധാര്‍ കാര്‍ഡോ മറ്റ് 11 തരം രേഖകളോ ചേര്‍ക്കുന്നത് തങ്ങള്‍ അനുവദിക്കുമെന്ന് കോടതി ഇലക്ഷന്‍ കമ്മിഷനെ അറിയിച്ചു. ആദ്യം കമ്മിഷന്‍ അംഗീകരിച്ച പതിനൊന്ന് തിരിച്ചറിയല്‍ രേഖകളില്‍ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടുത്തിയിരുന്നില്ല.

പതിനൊന്ന് രേഖകളില്‍ ഒന്നോ, ആധാര്‍ കാര്‍ഡോ സഹിതം ആവശ്യമായ ഫോമുകള്‍ സമര്‍പ്പിക്കുന്നതിന് വോട്ടര്‍മാരെ സഹായിക്കാന്‍ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കണം. സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളും ഇതിന് വോട്ടര്‍മാര്‍ക്ക് സഹായം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.
ബീഹാറിലെ പാര്‍ട്ടികളൊന്നും വോട്ടര്‍മാരെ നീക്കം ചെയ്ത നടപടിക്ക് ശേഷം പേര് തിരുത്തുന്നതിനും മറ്റും രംഗത്ത് വരാത്തതില്‍ സുപ്രീം കോടതി അമ്പരപ്പ് പ്രകടിപ്പിച്ചു. 85000 വോട്ടര്‍മാര്‍ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് എതിര്‍പ്പുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇതില്‍ ബൂത്ത് ഏജന്റുമാര്‍ വഴിയോ പാര്‍ട്ടികള്‍ വഴിയോ വന്നത് രണ്ട് പേര്‍ മാത്രമാണ് എന്നതാണ് ഇതിന് കാരണം.

ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ള ബീഹാറില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ധൃതിപിടിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ 65 ലക്ഷം പേരുടെ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കാന്‍ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഓരോ വോട്ടറുടെ കാര്യത്തിലും എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്ന് കാര്യകാരണ സഹിതം വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.