സെന്റ് ജോസഫ് ഓഫ് പീസ് സിസ്റ്റേഴ്‌സ് ലീഡര്‍ഷിപ്പ് ടീം അംഗമായി സിസ്റ്റര്‍ ഷീന ജോര്‍ജ്

സെന്റ് ജോസഫ് ഓഫ് പീസ് സിസ്റ്റേഴ്‌സ് ലീഡര്‍ഷിപ്പ് ടീം അംഗമായി സിസ്റ്റര്‍ ഷീന ജോര്‍ജ്

ജേഴ്സി സിറ്റി: അമേരിക്ക ആസ്ഥാനമായുള്ള അന്താരാഷ്ട്ര കത്തോലിക്കാ സന്യാസിനീ സമൂഹമായ സെന്റ് ജോസഫ് ഓഫ് പീസ് സിസ്റ്റേഴ്‌സിലെ ലീഡര്‍ഷിപ്പ് ടീം അംഗമായി മലയാളിയായ സിസ്റ്റര്‍ ഷീന ജോര്‍ജ് സ്ഥാനമേറ്റു. സിസ്റ്റര്‍ മാര്‍ഗി ഫോര്‍ട്ട്, സിസ്റ്റര്‍ കാത്‌ലീന്‍ പ്രൈറ്റ് എന്നിവരാണ് ലീഡര്‍ഷിപ്പ് ടീമിലെ മറ്റ് അംഗങ്ങള്‍.

ഏപ്രില്‍ 23 മുതല്‍ 25 വരെ ന്യൂജേഴ്‌സിയിലെ എംഗല്‍വുഡ് ക്ലിഫില്‍ നടന്ന 23-ാമത് സഭാ ചാപ്റ്റര്‍ മീറ്റിംഗിലാണ് പുതിയ നേതൃനിര തിരഞ്ഞെടുക്കപ്പെട്ടത്. സിസ്റ്റര്‍ ആന്‍ഡ്രിയ നെന്‍സെല്‍ കോണ്‍ഗ്രിഗേഷന്‍ ലീഡറായി പ്രവര്‍ത്തിക്കും. സിസ്റ്റര്‍ സൂസന്‍ ഫ്രാങ്കോയിസ് ആണ് അസിസ്റ്റന്റ് കോണ്‍ഗ്രിഗേഷന്‍ ലീഡര്‍. പുതിയ ലീഡര്‍ഷിപ്പ് ടീമിന്റെ കാലാവധി 2027 ജനുവരി ആറ് വരെയാണ്.

ഒമ്പതംഗ കുടുംബത്തിലെ ഏഴാമത്തെ മകളായി കേരളത്തില്‍ ജനിച്ച സിസ്റ്റര്‍ ഷീന 2017 ലാണ് വ്രതവാഗ്ദാനമെടുത്ത് സെന്റ് ജോസഫ് ഓഫ് പീസ് സഭാംഗമായത്. ഇപ്പോള്‍ ജേഴ്സി സിറ്റിയിലെ മാനസികാസ്വാസ്ഥ്യമുള്ള അഭയാര്‍ഥി വനിതകള്‍ക്കായുള്ള അഭയ ചികില്‍സാ കേന്ദത്തിന്റെ ചുമതലക്കാരിയാണ്. പാസ്റ്ററല്‍ കൗണ്‍സിലിംഗില്‍ ബിരുദാനന്തര ബിരുദവും ഫോര്‍ഡാം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തിയോളജി ആന്റ് സൈക്കോളജിയില്‍ ബിരുദവും നേടിയിട്ടുണ്ട് ഈ 47 കാരി.

സ്ത്രീകള്‍, കുട്ടികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുടെ ഭക്ഷണം, വിദ്യാഭ്യാസം, രോഗശാന്തി, ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ വിപുലമായി ഏറ്റെടുത്തുവരുന്ന സന്യാസിനീ സമൂഹത്തിനു വേണ്ടി അമേരിക്കയിലും യു.കെയിലും ഹെയ്ത്തിയിലുമായി മുന്നൂറോളം പേരാണ് നേരിട്ടുള്ള സേവന രംഗത്തുള്ളത്. ഹെയ്ത്തിയില്‍ ദരിദ്രരായ കുട്ടികള്‍ക്ക് സിസ്റ്റര്‍ ഷീന കുറച്ചു കാലം കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കിയിരുന്നു. സാമൂഹിക നീതിയിലൂടെ സമാധാനം എന്ന മുദ്രാവാക്യവുമായി 1884 ല്‍ സ്ഥാപിതമായതാണ് സെന്റ് ജോസഫ് ഓഫ് പീസ് സിസ്റ്റേഴ്‌സ് സമൂഹം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.