ആക്സിഡൻ്റിൽ ഗുരുതര പരിക്കേറ്റ ആതിരയെ സുഖപ്പെടുത്തിയതാര്?

ആക്സിഡൻ്റിൽ ഗുരുതര പരിക്കേറ്റ   ആതിരയെ സുഖപ്പെടുത്തിയതാര്?

ആതിര എന്ന പെൺകുട്ടിയ്ക്കായി പ്രാർത്ഥിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് അവരുടെ മാതാപിതാക്കൾ കരഞ്ഞുകൊണ്ട് എന്നെ വിളിച്ചത്.സ്കൂൾ വിട്ട് വീട്ടിലേയ്ക്കുള്ള യാത്രയിൽ നിയന്ത്രണം വിട്ടു വന്ന ഒരു കാർ അവളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിലവിളിയോടെ ഓടിയെത്തിയ നാട്ടുകാർ അവളെ ആശുപത്രിയിലെത്തിച്ചു.വിദഗ്ധ പരിശോധനയിൽ തലയ്ക്ക് ക്ഷതമേറ്റുവെന്നായിരുന്നു റിപ്പോർട്ട്.

അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർ മാതാപിതാക്കളോട് പറഞ്ഞു:''നന്നായ് പ്രാർത്ഥിക്കുക. ഞങ്ങളാൽ ആകും വിധം ശ്രമിക്കുന്നുണ്ട്. അതുകൊണ്ടായില്ലല്ലോ,ദൈവാനുഗ്രഹം കൂടി വേണം."അക്രൈസ്തവരായിരുന്നിട്ടുപോലുംആഴമേറിയ വിശ്വാസത്തിന് ഉടമകളായ അവർ പ്രാർത്ഥനാപേക്ഷയുമായ് ആശ്രമത്തിലെത്തി. "അച്ചാ, നിങ്ങൾ പ്രാർത്ഥിച്ചാൽ മകൾ സുഖപ്പെടുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.ഈ പള്ളിയും ഇവിടുത്തെ മാതാവും ഈശോയുമെല്ലാം അവൾക്ക് ഏറെ *ഇഷ്ടമാണ്.....""വാക്കുകൾ പൂർത്തീകരിക്കാനാകാതെ അവർ വിതുമ്പി.അവരുടെ വിശ്വാസ തീക്ഷ്ണതഎന്നെ അതിശയിപ്പിച്ചു.ഞാനവരോട് പറഞ്ഞു:''ദൈവത്തിന് അസാധ്യമായൊന്നുമില്ല.അവിടുന്ന് സുഖപ്പെടുത്തും. ആശുപത്രിയിൽ ബോധരഹിതയായി കിടക്കുന്ന അവൾക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം."

തുടർന്നുള്ള ദിവസങ്ങളിൽ ഞങ്ങൾ ആ മകൾക്കുവേണ്ടി പ്രാർത്ഥിച്ചു. ജപമാലകളും കുർബാനകളും അവൾക്കായ് അർപ്പിച്ചു.ദൈവത്തിന് അസാധ്യമായ് ഒന്നുമില്ലെന്നതിന് തെളിവായ് അവളിന്നും പൂർണ്ണ ആരോഗ്യവതിയായി ജീവിക്കുന്നു.മധ്യസ്ഥ പ്രാർത്ഥനയുടെ ശക്തി എത്ര വലുതാണെന്ന് തെളിയിക്കുന്ന അനേകം സാക്ഷ്യങ്ങൾ സഭാചരിത്രത്തിൽ ഉടനീളം കാണാൻ കഴിയും. അതു കൊണ്ടാകാം മധ്യസ്ഥപ്രാർത്ഥന ശക്തിയേറിയ വിശ്വാസ പ്രഘോഷണമാണെന്ന് ഫ്രാൻസിസ് പാപ്പയും ഓർമിപ്പിക്കുന്നത്.

അങ്ങനെയൊരു വിശ്വാസ പ്രകടനം സുവിശേഷത്തിൽ നമുക്ക് കാണുവാൻ സാധിക്കും. തളർവാത രോഗിയെ സുഖപ്പെടുത്തണമെന്ന ആവശ്യവുമായി ക്രിസ്തുവിന് മുമ്പിൽ എത്തിയ നാലു പേരുടെ വിശ്വാസം. മേൽക്കൂര പൊളിച്ചു പോലും തങ്ങളുടെ സുഹൃത്തിന് സൗഖ്യം ലഭിക്കാനായ് അവർ പ്രകടിപ്പിച്ച തീക്ഷ്ണത ശക്തമായ പ്രാർത്ഥനയാണ്. അവരുടെ വിശ്വാസം കണ്ടാണ് ക്രിസ്തു അദ്ഭുതം പ്രവർത്തിച്ചതും ( Ref മർക്കോ 2:1-12).

പ്രതികൂല സാഹചര്യങ്ങൾക്ക് നടുവിലും നമ്മുടെ കുടുംബത്തിനും ലോകം മുഴുവനുവേണ്ടിയും ഉണർവോടെ പ്രാർത്ഥിക്കാൻ നമുക്ക് കഴിയട്ടെ.പ്രാർത്ഥനയിലുള്ള തീഷ്ണത ഒരിക്കലും അസ്തമിക്കാതിരിക്കട്ടെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.