ഷാർജ : അപൂർവ്വയിനം താമരകളുമായി ഷാർജയില്‍ ജാസ്മിന്റെ വില്ല. കോവിഡ് കാലത്ത് വീട്ടിലിരുന്നപ്പോഴാണ് താമരവളർത്തുന്നതിലേക്ക് ജാസ്മിന്‍ ഷാനവാസ് തിരിഞ്ഞത്. മുല്ലപ്പൂവെന്നാണ് തന്റെ പേരിനർത്ഥമെങ്കിലും ഷാർജയിലെ ജാസ്മിന്റെ വില്ലയിലെത്തിയാല്‍ ഇന്ന് നമ്മെ വിസ്മയിപ്പിക്കുക പൂത്തുനില്ക്കുന്ന താമരകളും ആമ്പലുകളുമാണ്.
എട്ട് വർഷങ്ങള്ക്ക് മുമ്പ് യുഎഇയിലെത്തിയതാണ് ജാസ്മിന്‍ ഷാനവാസ്. 45 ഓളം വിവിധ തരത്തിലുളള വാട്ടർ ലില്ലിയെന്ന ആമ്പലുകളും ആറ് വ്യത്യസ്ത തരം താമരകളും ഇവിടെയുണ്ട്. ഇതില്‍ തന്നെ യുഎഇയില്‍ അപൂർവ്വമായി കാണുന്ന താമരയും ഉള്‍പ്പെടും. ഒരു സുഹൃത്ത് നല്കിയ ആമ്പലാണ് താമരകൃഷിയിലേക്ക് തിരിയാന്‍ ജാസ്മിന് പ്രചോദനമായത്.
പിന്നീട് പലയിടങ്ങളില്‍ നിന്നായി വാട്ടർ ലില്ലിയും താമരകളും ശേഖരിച്ചു. ഭർത്താവായ ഷാനവാസും മക്കളായ ഫര്‍ഹാന്‍, അന്‍ഷീദ്, റാബിയ, നാഫിഹും നിശ്ചയദാർഢ്യമുളള മകന്‍ ഫായിക്കും പൂർണ പിന്തുണ നല്കിയതോടെ കൊച്ചുവില്ലയുടെ മുറ്റം താമരകള്‍ കൊണ്ട് നിറഞ്ഞു. ഉപയോഗ ശൂന്യമായ വലിയ വാട്ടർ ടാങ്കുകളില്‍ വെളളം നിറച്ച് താമര വളർത്താന്‍ തുടങ്ങി.
ചെടികള്‍ക്ക് ഗുണമാകുമെന്നുളളതുകൊണ്ട് കൂടെ മീനുകളേയും വളർത്താന്‍ ആരംഭിച്ചു. ഗപ്പി, മോളി, പ്ലാറ്റി തുടങ്ങിയവയാണുളളത്. മക്കള്‍ക്കും താല്പര്യമുളളതുകൊണ്ട് വളർത്തുമീനുകളേയും വാങ്ങി പരിപാലിക്കുന്നുണ്ട് ജാസ്മിന്‍. കാണുന്നവർക്ക് മനസിന് സന്തോഷമാണെങ്കിലും ഈ മരുഭൂമിയിലിങ്ങനെ പച്ചപ്പ് നിലനിർത്തുകയെന്നുളളത് എളുപ്പമല്ല. ഈ കുടുംബത്തിന്റെ വലിയൊരധ്വാനം ഈ പൂക്കളുടെ പുഞ്ചിരികള്‍ക്ക് പുറകിലുണ്ട്.
യുഎഇയുടെ കാലാവസ്ഥയില്‍ വളരാനും പൂക്കാനുമെല്ലാം ബുദ്ധിമുട്ടുളള താമര വർഗങ്ങളും ജാസ്മിന്റെ അടുത്തുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് പിങ്ക് ക്ലൌഡെന്ന താമരയിനം. ഇത് കൂടാതെ, അമേരി കമീലിയ, ബോള്‍ ലോട്ടസ്, വൈറ്റ് ലോട്ടസ്, ഡ്രോപ് ബ്ലഡ് ലോട്ടസ്, ഫോറിനർ ലോട്ടസ് തുടങ്ങിയവയും ശേഖരത്തിലുണ്ട്.
മന്‍ഗലോ ഉല്‍ബോള്‍, ഓസ്ട്രേലിയന്‍ വാട്ടർ ലില്ലി, ജെക്കാപ്പോ വാട്ടർലില്ലി, പർപ്പിള്‍ ജോയ്, വാട്ടർ ലില്ലി,സിയാം ജാസ്മിന് വാട്ടർലില്ലി,നൈറ്റ് ബ്ലൂമർ തുടങ്ങിയവയും നിരവധി ജലസസ്യങ്ങളും ജാസ്മിന്റെ വീട്ടുമുറ്റത്തുണ്ട്. സുഹൃത്തുക്കളും പറഞ്ഞ് കേട്ട് താമരയെ കാണാനായി ഇവിടെയെത്തുന്നവരുമുണ്ട്. ആവശ്യപ്പെടുന്നവർക്ക് തൈകള്‍ നല്കാറുമുണ്ട് ജാസ്മിന്‍. വിനോദത്തിനായി തുടങ്ങിയതാണെങ്കിലും വിരിഞ്ഞുനില്ക്കുന്ന പൂക്കൾ നല്കുന്ന സന്തോഷം ചെറുതല്ലെന്ന് പറഞ്ഞുകൊണ്ട്, കാണാനെത്തുന്നവരുടെ മനസില്‍ വസന്തം വിരിയിക്കുകയാണ് ജാസ്മിന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.