പെര്‍ത്തില്‍ ക്വാറന്റീനിലിരുന്നയാള്‍ നാലാം നിലയില്‍നിന്ന് ബെഡ് ഷീറ്റുകള്‍ ഉപയോഗിച്ച് രക്ഷപ്പെട്ടു

പെര്‍ത്തില്‍ ക്വാറന്റീനിലിരുന്നയാള്‍ നാലാം നിലയില്‍നിന്ന് ബെഡ് ഷീറ്റുകള്‍ ഉപയോഗിച്ച് രക്ഷപ്പെട്ടു

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ പെര്‍ത്തില്‍ ഹോട്ടല്‍ ക്വാറന്റീനിലിരുന്ന ക്വീന്‍സ് ലാന്‍ഡ് സ്വദേശി നാലാം നിലയില്‍ ബെഡ് ഷീറ്റുകള്‍ ഉപയോഗിച്ച് തൂങ്ങിയിറങ്ങി രക്ഷപ്പെട്ടു. 39 വയസുള്ള ട്രാവിസ് ജയ് മൈല്‍സ് ആണ് തിങ്കളാഴ്ച്ച അര്‍ധരാത്രിയോടെ റിവര്‍വെയ്‌ലിലെ ഒരു ഹോട്ടലിന്റെ ജനലില്‍നിന്നു ബെഡ് ഷീറ്റുകള്‍ കൂട്ടിക്കെട്ടി കയറുണ്ടാക്കി പുറത്തുകടന്നത്. എട്ട് മണിക്കൂറിനുശേഷം മൗണ്ട് ലോലിയിലെ ബ്യൂഫോര്‍ട്ട് സ്ട്രീറ്റില്‍ വച്ച് പോലീസ് യുവാവിനെ പിടികൂടി.

ജി 2 ജി പാസ് പൂര്‍ത്തിയാക്കാതെ തിങ്കളാഴ്ച ഉച്ചയ്ക്ക് ബ്രിസ്ബനില്‍നിന്നുള്ള വിമാനത്തിലാണ് ഇയാള്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ എത്തിയത്. സംസ്ഥാനത്തു പ്രവേശിക്കുന്നതിനു മുന്നോടിയായി ഓണ്‍ലൈന്‍ ആപ്ലിക്കേഷനായ ജി 2 ജി പാസ് പൂര്‍ത്തിയാക്കിയിരിക്കണം. ആരോഗ്യസംബന്ധമായ വിവരങ്ങളാണ് അപേക്ഷയില്‍ നല്‍കേണ്ടത്. പെര്‍ത്ത് വിമാനത്താവളത്തിലെത്തിയശേഷമാണ് അപേക്ഷ പൂര്‍ത്തിയാക്കിയത്. പക്ഷേ സംസ്ഥാനത്തേക്കു പ്രവേശിക്കാനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ അപേക്ഷ നിരസിച്ചു. തുടര്‍ന്ന് അധികൃതര്‍ റിവര്‍വെയ്‌ലിലെ ഒരു ഹോട്ടലില്‍ ഇയാളെ ക്വാറന്റീനിന്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഓഡിയോ ലിങ്ക് വഴി യുവാവിനെ പെര്‍ത്ത് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോവിഡ് നിയന്ത്രണണങ്ങള്‍ പാലിക്കാത്തതിനും തെറ്റായ വിവരങ്ങള്‍ നല്‍കിയതിനുമാണ് ഇയാള്‍ക്കെതിരേ കുറ്റം ചുമത്തിയിരിക്കുന്നത്. ജാമ്യത്തിന് അപേക്ഷിക്കാത്തതിനാല്‍ ടാവിസിനെ ഓഗസ്റ്റ് ആദ്യം വരെ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തെ ക്വാറന്റീന്‍ കാലാവധി അവസാനിക്കുമ്പോള്‍ കോടതിയില്‍ നേരിട്ട് ഹാജരാകാനും നിര്‍ദേശം നല്‍കി. അതേസമയം ഇയാളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.