കടലമിഠായിക്ക് പിന്നിലെ ത്യാഗത്തിൻ്റെ കഥ

കടലമിഠായിക്ക്   പിന്നിലെ ത്യാഗത്തിൻ്റെ കഥ

അമേരിക്കൻ ശാസ്ത്രജ്ഞനായ ജോർജ് വാഷിങ്ങ്ടൺ കാർവറെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമായിരിക്കും. യേശുക്രിസ്തുവിൽ ആഴമേറിയ വിശ്വാസമുണ്ടായിരുന്നു കാർവാറിന്. എന്തു ചെയ്യുന്നതിന് മുമ്പും ദൈവഹിതം അന്വേഷിക്കുക എന്നത് അദ്ദേഹത്തിൻ്റെ ശീലമായിരുന്നു. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ശതകത്തിൽ അമേരിക്ക വലിയ കാർഷിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയം. കർഷകരുടെ ആശ്രയമായിരുന്ന പരുത്തികൃഷി ആയിടക്കാണ് വൻ തകർച്ചയിലായത്. ദൈവവിശ്വാസിയായ കാർവർ അതിൻ്റെ കാരണം കണ്ടെത്തി. ആവർത്തിച്ചുള്ള പരുത്തി കൃഷിമൂലം മണ്ണിൽ ലവണങ്ങൾ കുറഞ്ഞിരിക്കുന്നു. പരിഹാരമായി ഭൂമിയിൽ നൈട്രജൻ്റെ അളവ് കൂട്ടുന്നതിനായി നിലക്കടലയും മധുരക്കിഴങ്ങും കൃഷി ചെയ്യാൻ അദ്ദേഹം കർഷകരോട് നിർദ്ദേശിച്ചു.

ആ തീരുമാനം വിജയിച്ചു. പ്രതീക്ഷിച്ചതിലധികം വിളവ് കർഷകർക്ക് ലഭിച്ചു. അപ്പോഴാണ് പുതിയ പ്രതിസന്ധി കടന്നു വന്നത്. നിലക്കടലയ്ക്ക് വിപണിയില്ല. വാങ്ങിക്കാൻ ആളില്ലാതെ ചാക്കുകണക്കിന് നിലക്കടല കൃഷിയിടങ്ങളിൽ കെട്ടിക്കിടന്നു. നിലക്കടല കൃഷി ചെയ്യാൻ ഉപദേശിച്ച ജോർജ് കാർവറെ എല്ലാവരും അധിക്ഷേപിച്ചു. ഇതിലും മെച്ചം പരുത്തിയായിരുന്നു എന്നവർ പഴിപറഞ്ഞു. കടുത്ത മാനസികവ്യഥയിൽ അകപ്പെട്ട കാർവർ പ്രാർത്ഥിക്കാനായി ഉൾക്കാട്ടിലേക്ക് പിൻവാങ്ങി. "ദൈവമേ... അങ്ങയുടെ നിർദ്ദേശപ്രകാരമാണ് നിലക്കടല കൃഷി ചെയ്യാൻ ഞാൻ കർഷകരോട് ആവശ്യപ്പെട്ടത്. ഇപ്പോൾ അവർ എന്നെയും അങ്ങയെയും അധിക്ഷേപിക്കുന്നു. അങ്ങയുടെ ആത്മാവിനെ അയച്ച് ഈ പ്രതിസന്ധിയിൽ നിന്നും എന്നെ കരകയറ്റണമേ...." പ്രാർത്ഥനയ്ക്കുശേഷം അദ്ദേഹം പരീക്ഷണശാലയിലെത്തി.നിലക്കടല ഉപയോഗിച്ചുകൊണ്ടുള്ള ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കുന്ന പരീക്ഷണത്തിൽ ഏർപ്പെട്ടു. ആ അഗ്നിപരീക്ഷകൾ വൻ വിജയം കണ്ടു.105 ൽ പരം നിലക്കടല വിഭവങ്ങൾ അദ്ദേഹത്തിൻ്റെ പരീക്ഷണശാലയിൽ നിന്നും പുറത്തുവന്നു. ഇന്ന് നാം ഉപയോഗിക്കുന്ന പീനട്ട് ബട്ടർ, കടലമിഠായി, കടലെണ്ണ തുടങ്ങിയവയെല്ലാം കാർവറിൻ്റെ കണ്ടുപിടുത്തങ്ങളാണ്. ആധുനിക കാർഷിക മേഖലയുടെ പിതാവായാണ് അദ്ദേഹം ഇന്ന് അറിയപ്പെടുന്നത്. എന്തായിരുന്നു കാർവറിൻ്റെ ജീവിതത്തിലെ വിജയരഹസ്യം?കടുത്ത പ്രതിസന്ധിഘട്ടങ്ങളിലും ക്രിസ്തുവിലുള്ള വിശ്വാസം അദ്ദേഹം കൈവിട്ടില്ല. "ഗോതമ്പുമണി നിലത്തുവീണ്‌ അഴിയുന്നില്ലെങ്കില്‍ അത്‌ അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും"(യോഹന്നാന്‍ 12 : 24) എന്ന വചനം അദ്ദേഹത്തിൽ പൂർത്തിയായി. മറ്റുള്ളവരുടെ കുത്തുവാക്കുകളും പരിഹാസങ്ങളും ഏറ്റിട്ടും അവയെല്ലാം ദൈവഹിതമായ് കണ്ട്,ദൈവത്തോട് കൂടിയാലോചന നടത്തി,നിന്ദാപമാനങ്ങൾ ഏറ്റെടുത്തപ്പോഴാണ് ജോർജ്  കാർവർ എന്ന ശാസ്ത്രജ്ഞനെ ദൈവം ഉയർത്തിയത്‌. 

ജീവിത സഹനങ്ങളിലും പ്രതിസന്ധികളിലും ഗോതമ്പുമണി പോലെ നിലത്തു വീഴാനും അഴുകാനും അനുവദിച്ചാൽ മാത്രമേ മുളപൊട്ടി വളരാനും വിളവു നൽകാനും കഴിയൂ എന്ന സത്യം നമുക്ക് മറക്കാതിരിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.