മെല്‍ബണ്‍: മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയും കാത്തലിക് മിഷന്‍ ഓസ്‌ട്രേലിയയും സംയുക്തമായി സമാഹരിച്ച കോവിഡ് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ മെഡിക്കല്‍ കിറ്റുകള്‍ കേരളത്തില്‍ വിതരണം ചെയ്യും. കാരിത്താസ് ഇന്ത്യയുടെ മേല്‍നോട്ടത്തിലാണ് കേരളത്തിലും ഏതാനും നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി കോവിഡ് രോഗികളുടെ കുടുംബങ്ങള്‍ക്ക് മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. പള്‍സ് ഓക്‌സിമീറ്റര്‍, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, ഇന്‍ഹെയ്ലറുകള്‍, ഫേസ് മാസ്‌ക് തുടങ്ങി പി.പി.ഇ ആവശ്യ വസ്തുക്കള്‍ അടങ്ങുന്നതാണ് കിറ്റ്.
'എത്തിചേരുക: ജീവന്‍ നല്‍കുക' എന്ന് പേരിട്ട കോവിഡ് മെഡിക്കല്‍ കിറ്റ് വിതരണ പദ്ധതിയുടെ കേരളത്തിലെ വിതരണോദ്ഘാടനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. പദ്ധതിക്കായി പണം സ്വരൂപിച്ച സീറോ മലബാര്‍ സഭ മെല്‍ബണ്‍ രൂപതയ്ക്കും കാത്തലിക് മിഷന്‍ ഓസ്ട്രേലിയക്കും കര്‍ദിനാള്‍ ആലഞ്ചേരി നന്ദി അറിയിച്ചു. പാലാരിവട്ടം പി.ഒ.സി സെന്ററില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സി.ബി.സി.ഐ വൈസ് പ്രസിഡന്റും മാവേലിക്കര ബിഷപ്പുമായ മാര്‍ ജോഷ്വ മാര്‍ ഇഗ്‌നേഷ്യസ്, കൊച്ചി രൂപത ബിഷപ്പ് ജോസഫ് കരിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോവിഡ് മെഡിക്കല്‍ കിറ്റ് വിതരണ പദ്ധതിയുടെ കേരളത്തിലെ വിതരണോദ്ഘാടനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കുന്നു.
മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്യുന്ന പരിപാടിക്ക് കേരള കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സും (കെ.സി.ബി.സി) കേരള സോഷ്യല്‍ സര്‍വീസ് ഫോറവും നേതൃത്വം നല്‍കുന്നു. കോവിഡ് രോഗബാധിതരുടെയും കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരുടെയും കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ നല്‍കുന്നതെന്ന് കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലയ്ക്കപ്പള്ളി അറിയിച്ചു.
മെല്‍ബണ്‍ സീറോ മലബാര്‍ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂരിന്റെ ആഹ്വാനത്തെ തുടര്‍ന്ന് രൂപത നേതൃത്വം ഒരു ലക്ഷത്തി അയ്യായിരത്തിലധികം ഡോളര്‍ പദ്ധതിക്കായി നല്‍കി. ഇതില്‍ 58, 511 ഡോളര്‍ ഓസ്‌ട്രേലിയയിലെ വിവിധ സീറോ മലബാര്‍ വിശ്വാസികളില്‍നിന്നു സംഭാവനയായി ലഭിച്ചതാണ്. ഓസ്‌ട്രേലിയയിലെ മറ്റു പൗരസ്ത്യ രൂപതകളില്‍നിന്നും ലത്തീന്‍ രൂപതകളില്‍ നിന്നുമായി 16, 625 ഡോളറും ഓസ്‌ട്രേലിയയിലെ കാത്തലിക് മിഷന്‍ സൊസൈറ്റി നല്‍കിയ മുപ്പതിനായിരം ഡോളറും ചേര്‍ത്താണ് തുക സമാഹരിച്ചത്. ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം ആരംഭിച്ച സാഹചര്യത്തിലാണ് കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ കിറ്റുകള്‍ നല്‍കാന്‍ സഭാനേതൃത്വം തീരുമാനം എടുത്തത്. രോഗത്തെ സംബന്ധിച്ച അറിവും ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യതയും ഉണ്ടെങ്കില്‍ പല മരണങ്ങളും ഒഴിവാക്കാമായിരുന്നു എന്ന വിദഗ്ധ ഉപദേശത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കിറ്റുകള്‍ നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് കാരിത്താസ് ഇന്ത്യ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26