വിശുദ്ധ അൽഫോൻസാമ്മയുടെ ജീവചരിത്രം ആദ്യമായി കാവ്യ രൂപത്തിൽ: "സഹനരാഗങ്ങൾ" പ്രകാശനം ചെയ്യുന്നു

വിശുദ്ധ അൽഫോൻസാമ്മയുടെ ജീവചരിത്രം ആദ്യമായി കാവ്യ രൂപത്തിൽ:

കൊച്ചി : വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിത കഥ അരങ്ങിൽ അവതരിപ്പിക്കാവുന്ന വിധം സംഗീതാത്മകമായി മെനെഞ്ഞെടുക്കുകയാണ് ഫാ. റോയി കണ്ണൻചിറ. 36 വർഷം മാത്രം നീണ്ടു നിന്ന ഹൃസ്വമായ ജീവിതതിൽ ഇഴമുറിയാത്തൊരു പീഡാനുഭവ പരമ്പരയിലൂടെ ആയിരുന്നു അൽഫോൻസാമ്മ കടന്നു പോയിരുന്നത്.

സഹനങ്ങൾ ചോദിച്ചു വാങ്ങിയിരുന്ന അൽഫോൻസാമ്മയുടെ ജീവിതം സംഗീത ശില്പമായി പുറത്തിറക്കുമ്പോൾ അതിന് സഹന രാഗങ്ങൾ എന്ന് പേരല്ലാതെ മറ്റൊന്നും റോയി അച്ചന് മുന്നിൽ തെളിഞ്ഞിരുന്നില്ല. ആധുനിക തലമുറയ്ക്ക് വിശ്വസിക്കാനാവാത്ത വിധം സങ്കീർണ്ണമായ ഒരു പ്രഹേളികയാണ് അൽഫോൻസാമ്മയുടെ ജീവിതം. പീഡന പർവങ്ങളിലൂടെ  പൂർണ്ണത കൈവരിച്ച വേദനയുടെ ഇതിഹാസം. വേദന അവളെ നിരാശപ്പെടുത്തിയില്ല . മറിച്ച് ഈശോയുടെ പ്രിയ പുഷ്പമായതിനാൽ ആഹ്ളാദിക്കുകയായിരുന്നു. മുഴുനീള പീഡാനുഭവ കഥയുടെ മനോഹരമായ  കാവ്യാവിഷ്‌കാരമാണ് സഹനരാഗങ്ങൾ. അൽഫോൻസാമ്മയുടെ ജീവിത കഥ കലയുടെ വിവിധ രൂപങ്ങളിൽ സൗന്ദര്യോപാസകരെ തേടിയെത്തുന്ന കാലം വരാനിനിരിക്കുന്നതേയുള്ളു എന്ന് ഡോ . കുര്യാസ് കുമ്പളക്കുഴി സഹനരാഗങ്ങളുടെ അവതാരികയിൽ രേഖപ്പെടുത്തി.

ജൂലൈ 24 ന് എന്റെ അൽഫോൻസാ ഓൺലൈൻ തിരുന്നാൾ ആഘോഷ വേളയിൽ സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ചുബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പുസ്തകപ്രകാശനം നടത്തും. വാക്കില്‍ വിരിഞ്ഞ പൂക്കള്‍, വലിച്ചുകീറാന്‍ ഒരു മുഖം, വളവിനപ്പുറത്തെ വഴി, തേന്‍മഴത്തുള്ളികള്‍, ആകാശത്തിന്റെ മുഴക്കങ്ങള്‍, കടലോളങ്ങളില്‍ കടലാസു തോണികള്‍ എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് റോയി അച്ചൻ. ആബാ പിതാവേ, ബലിയാകുവാന്‍, ആകാശമോക്ഷത്തിന്‍ പ്രഭയില്‍ എന്നീ ആല്‍ബങ്ങളുള്‍പ്പെടെ നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെ രചിയിതാവ് കൂടിയാണ്  അദ്ദേഹം .  ദീപിക ഫ്രണ്ട്‌സ്‌ ക്ലബ്ബിന്റെ സംസ്ഥാന ഡയറക്ടര്‍ 2017 മുതല്‍ സ്പെഷല്‍ ഒളിമ്പിക്സ്‌ ഭാരത്‌ ഡയറക്ടര്‍ബോര്‍ഡ്‌ അംഗം എന്നീ നിലകളില്‍ ഫാ. റോയി കണ്ണൻചിറ സിഎംഐ   സേവനമനുഷ്ഠിക്കുന്നു.

അൽഫോൻസാ യുടെ ജീവിത ചരിത്രം പലതുണ്ടെങ്കിലും  കാവ്യ രൂപത്തിൽ അവതരിപ്പിക്കുന്നത് ആദ്യമായിട്ടാണ്. വൃത്ത ബദ്ധമായി എഴുതിയിട്ടുള്ള  ഈ ജീവചരിത്ര കാവ്യം മലയാള സാഹിത്യത്തിന് മുതൽകൂട്ടാകുമെന്ന് നിസംശയം പറയാം.ഇനി മലയാളികളായ ആബാല വൃദ്ധജനങ്ങളും അൽഫോൻസാമ്മയുടെ ജീവചരിതം പാടി നടക്കും. തീർച്ച !
.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.