കായിക മാമാങ്കത്തിന് തിരി തെളിഞ്ഞു; ഇനിയുള്ള 17 നാളുകള്‍ ടോക്യോ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രം

കായിക മാമാങ്കത്തിന് തിരി തെളിഞ്ഞു; ഇനിയുള്ള 17 നാളുകള്‍ ടോക്യോ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രം

ടോക്യോ: കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ടോക്കിയോ ഒളിമ്പിക്‌സിന് വര്‍ണാഭമായ തുടക്കം. ഇന്ത്യന്‍ സമയം വൈകിട്ട് 4.30ഓടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടുകൂടി തുടങ്ങിയ ഉദ്ഘാടന ചടങ്ങില്‍ വനിതാ ബോക്‌സര്‍ മേരി കോമും ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്ടന്‍ മന്‍പ്രീത് സിംഗും ഇന്ത്യയുടെ പതാകയേന്തി. ലേസര്‍ ഷോ, സംഗീത നിശ, പരമ്പരാഗത നൃത്തം എന്നീ കലാരൂപങ്ങളും ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്നുണ്ട്. ഓഗസ്റ്റ് എട്ടിന് ഒളിമ്പിക്‌സ് സമാപിക്കും.

കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ളവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. പിന്നാലെ ജാപ്പനീസ് സംഗീതത്തിനൊപ്പം ആതിഥേയ രാജ്യത്തിന്റെ സാംസ്‌കാരിക തനിമ നിറഞ്ഞുനില്‍ക്കുന്ന പരിപാടികള്‍ നടന്നു. നാഷണല്‍ സ്റ്റേഡിയത്തെ ദീപപ്രഭയിലാക്കി വെടിക്കെട്ടും നടന്നു. ഗ്രീസിലൂടെ തുടക്കമിട്ട അത്ലറ്റ്സ് പരേഡില്‍ അവസാനമെത്തിയ രാജ്യം ജപ്പാനാണ്.

ജപ്പാന്‍ ചക്രവര്‍ത്തി ഹിരോണോമിയ നരുഹിതോ മുഖ്യാതിഥിയായി എത്തിയ ചടങ്ങ് 'മുന്നോട്ടു നീങ്ങുക' എന്ന ആശയമാണ് ഉയര്‍ത്തിപ്പിടിച്ചത്. 228 അംഗ സംഘമാണ് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സിന് പങ്കെടുക്കുന്നത്. ഇതില്‍ 119 പേര്‍ അത്ലറ്റുകളാണ്. എന്നാല്‍ 28 പേര്‍ മാത്രമാണ് ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച നടന്ന മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.


ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ നേരത്തെ നല്‍കിയിരുന്ന താരങ്ങളുടെ ലിസ്റ്റില്‍ 50 പേരുണ്ടായിരുന്നുവെങ്കിലും ടേബിള്‍ ടെന്നിസ് താരങ്ങളായ മനിക ബത്രയും അജന്ത ശരത്കമാലും നാളെ മിക്‌സഡ് ഡബിള്‍സില്‍ ആദ്യ റൗണ്ട് മത്സരം നടക്കുന്നതിനാല്‍ മാര്‍ച്ച് പാസ്റ്റില്‍ നിന്ന് ഒഴിവായി. കോവിഡ് ഭീഷണി കണക്കിലെടുത്ത് പിന്നീട് കൂടുതല്‍ താരങ്ങളെ ഒഴിവാക്കുകയായിരുന്നു.


42 വേദികളിലായി 33 മത്സര ഇനങ്ങളാണ് അരങ്ങേറുന്നത്. 339 മെഡല്‍ ഇനങ്ങളിലായി 11,000 മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും. ഇന്ന് നടന്ന അമ്പെയ്ത്ത് വ്യക്തിഗത റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി.

മെഡല്‍ പ്രതീക്ഷയായ വനിതാ താരം ദീപികാ കുമാരി ഒന്‍പതാം സ്ഥാനത്തും പുരുഷവിഭാഗത്തില്‍ പ്രവീണ്‍ യാദവ്, അതാണു ദാസ്, തരുണ്‍ദീപ് റായ് 31, 35,35 എന്നീ സ്ഥാനങ്ങളിലെത്തി. കാണികളോ ആരവങ്ങളോ ഇല്ലാത്ത ഒളിംമ്പിക്‌സാണ് ടോക്യോയില്‍ അരങ്ങേറുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.