കുട്ടനാട്: ഭൂമി താഴുന്നു; പ്രളയ സമാന സാഹചര്യം സൃഷ്ടിക്കുമെന്ന് പഠനം

കുട്ടനാട്: ഭൂമി താഴുന്നു; പ്രളയ സമാന സാഹചര്യം സൃഷ്ടിക്കുമെന്ന് പഠനം

കോട്ടയം: കുട്ടനാട് വർഷങ്ങളായി വെള്ളപ്പൊക്കത്തിന്റെ ദുരിതക്കയത്തിൽ ആണ്. ഈ മേഖലയിൽ അടിക്കടി വെള്ളമുയരുന്നതിനു കാരണം ഭൂമി താഴുന്നതെന്നു പഠനം.ലോക അംഗീകാരങ്ങളുടെ നെറുകയില്‍ നില്‍ക്കുമ്പോഴും ജൈവ വൈവിധ്യങ്ങളുടെയും പ്രകൃതി രമണീയതയുടെയും മുന്നില്‍ നില്‍ക്കുന്ന കുട്ടനാട്, ഈ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വെള്ളപ്പൊക്കത്തിന്റെ കണ്ണീര്‍ക്കയമായി മാറിയിരിക്കുകയാണ്. തുടര്‍ച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കങ്ങളെയും കൃഷി തകര്‍ച്ചയേയും അതിജീവിക്കാനായി ഇവിടുത്തെ ജനതയുടെ ഒരു നല്ല പങ്കും പ്രാണരക്ഷാര്‍ത്ഥം മറ്റ് പ്രദേശങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്നു. 

കുട്ടനാട് കായൽ കൃഷി ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിലാണ് ശരാശരി 30 സെന്റീമീറ്റർ വരെ കരഭൂമി താഴ്ന്നിട്ടുണ്ടെന്നു കണ്ടെത്തിയത്. 2018ലെ മഹാപ്രളയത്തിനു ശേഷമാണ് കരഭൂമിയിൽ താഴ്ച വന്നിരിക്കുന്നതെന്നു ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പത്മകുമാർ പറഞ്ഞു. 

2018 ഓഗസ്റ്റിൽ ഉണ്ടായ മഹാപ്രളയത്തിൽ കുട്ടനാടൻ മേഖല ഏതാണ്ടു പൂർണമായും മുങ്ങി. പടിഞ്ഞാറൻ മേഖലയിൽ സ്വാഭാവികമായും അധികം ഉറപ്പില്ലാത്ത മണ്ണുള്ള പ്രദേശങ്ങൾ ഇതോടെ താഴ്ന്നു. ഓരോ സ്ഥലത്തെയും മണ്ണിന്റെ ഘടന അനുസരിച്ചാണു ഈ പ്രതിഭാസം ഉണ്ടായത്. ചെളി കൂടുതലുള്ള പ്രദേശങ്ങളിൽ കൂടുതൽ ഭൂമി താഴ്ന്നു. ഇങ്ങനെ ശരാശരി 30 സെന്റീമീറ്റർ വരെ താഴ്ചയുണ്ടായി. 

എന്നാൽ 300 ചതുരശ്ര കിലോമീറ്റർ കര ഭൂമിയും 500 ചതുരശ്ര കിലോമീറ്റർ പാടശേഖരങ്ങളും 200 ചതുരശ്ര കിലോമീറ്ററിൽ ജലശേഖരവുമാണു കുട്ടനാടിന്റെ സ്വാഭാവിക പ്രകൃതി ഇപ്പോൾ‍. 300 ചതുരശ്ര കിലോമീറ്ററിലെ കര ഭൂമി മുഴുവനായും ജനവാസ കേന്ദ്രങ്ങളാണ്. ഭൂമിയിലെ ചെറിയ മാറ്റം പോലും കാര്യമായി പ്രതിഫലിക്കും.  കൂടാതെ ആറുകള്‍ വഴി കിഴക്കൻ മേഖലയിൽനിന്ന് വേഗത്തിൽ വെള്ളം പടിഞ്ഞാറോട്ട് ഒഴുകുന്നതും വെള്ളപ്പൊക്കത്തിന് കാരണമാകുന്നു.

മീനച്ചിൽ, മണിമല, പമ്പ, അച്ചൻകോവിൽ ആറുകളാണ് ഈ പ്രദേശത്തെ പ്രധാന ജലസ്രോതസുകൾ. ഇവയെല്ലാം കൊണ്ട് തന്നെ മഴ പെയ്താൽ ഉടൻ തന്നെ വെള്ളം പടിഞ്ഞാറൻ മേഖലയിൽ എത്തും. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് ഇവ കാരണങ്ങളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.