ആദിവാസി ഊരുകളിലെ 'മൃതസഞ്ജീവനി'കള്‍ വീണ്ടെടുത്തു വളര്‍ത്തി സിസ്റ്റര്‍ ലിസി പോള്‍

ആദിവാസി ഊരുകളിലെ 'മൃതസഞ്ജീവനി'കള്‍ വീണ്ടെടുത്തു വളര്‍ത്തി സിസ്റ്റര്‍ ലിസി പോള്‍


അഹമ്മദാബാദ്: ആദിവാസി ഊരുകളില്‍ ഉറങ്ങിക്കിടന്ന പരമ്പരാഗത ചികിത്സാ രീതികളെ പ്രതിബദ്ധതയാര്‍ന്ന കര്‍മ്മശേഷിയിലൂടെ ഉണര്‍ത്തിയെടുത്ത് ആതുര ശുശ്രൂഷാ രംഗത്ത് ഗുജറാത്തിന്റെ സര്‍വാദരം ഏറ്റുവാങ്ങുന്നു മലയാളിയായ സിസ്റ്റര്‍ ലിസി പോള്‍. ഗോത്രവര്‍ഗ്ഗങ്ങള്‍ക്കു ഭൂരിപക്ഷമുള്ള ദാങ്‌സി, ഉനായ് പ്രദേശങ്ങളില്‍ പല കാരണങ്ങളാല്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടുവന്ന ആയിരക്കണക്കിനു കുടുംബങ്ങളാണിപ്പോള്‍ ശുദ്ധമായ പച്ചമരുന്നുകൂട്ടുകളിലൂടെ സ്വസ്ഥ ജീവിതം തിരികെ പിടിച്ചിരിക്കുന്നത്. അപകട സാധ്യതയുള്ളതും അമിത വില മൂലം അപ്രാപ്യവുമായ അലോപ്പതി മരുന്നുകള്‍ക്കായുള്ള കാത്തിരിപ്പ് പഴങ്കഥയായിരിക്കുന്നു.

'ആരോഗ്യം പച്ചമരുന്നുകളിലൂടെ' എന്ന മുദ്രാവാക്യം വിശുദ്ധ വചനങ്ങളോടൊപ്പം സിരകളില്‍ പേറുന്ന സിസ്റ്റര്‍ ലിസി പോള്‍ കെട്ടിപ്പടുത്ത ഉനായിലെ വെഡ്രൂണ ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സെന്റര്‍ ശ്രദ്ധേയമാകുന്നത് ഈ മേഖലയിലെ ആദിവാസി സ്ത്രീകളുടെ സജീവ സഹകരണം കൊണ്ടു കൂടിയാണ്. ജോക്വിന ഡി വെഡ്രൂണ വൈ ഡി മാസ് 1826-ല്‍ സ്‌പെയിനില്‍ സ്ഥാപിച്ച കാര്‍മലൈറ്റ് സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി - വെഡ്രൂണ സന്യാസിനീ സമൂഹത്തിന്റെ ഇന്ത്യയിലെ ഏറ്റവും തിളക്കമാര്‍ന്ന സാന്നിധ്യവും പ്രതീകവുമായിക്കഴിഞ്ഞു ഈ സ്ഥാപനം. അതിസമ്പന്നമായ ഒരു വൈദ്യ പാരമ്പര്യം മണ്‍മറയാതെ മെല്ലെ ഉണര്‍ന്നുവന്നിരിക്കുന്നു ഇതുവഴി.

'ജനിച്ചുവളര്‍ന്ന വീട്ടില്‍ നിന്നു കിട്ടിയതാണ് ഭൂമി മാതാവിലേക്കും പ്രകൃതി മരുന്നുകളിലേക്കുമുള്ള എന്റെ ആകര്‍ഷണം'- നിസ്തന്ത്ര പരിശ്രമത്തിലൂടെ ഹരിത സംസ്‌കൃതിയുടെ ചികില്‍സാ സമ്പ്രദായ മഹിമ വിവിധ ഉത്തരന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും പ്രസരിപ്പിക്കാന്‍ നേതൃത്വം നല്‍കിവരുന്ന സിസ്റ്റര്‍ ലിസി പോള്‍  'സിന്യൂസ് ലൈവി' നോടു പറഞ്ഞു .നഴ്‌സ് ആയി പരിശീലനം ലഭിച്ച സിസ്റ്റര്‍ അതിനു ശേഷം നാച്ചുറല്‍ മെഡിസിനില്‍ രണ്ടു വര്‍ഷത്തെ കോഴ്‌സ് ചെയ്തിട്ടുണ്ട്. അറിയപ്പെടുന്ന പ്രാക്ടീഷണര്‍മാരില്‍ നിന്ന്് ഹെര്‍ബല്‍ മെഡിസിന്‍ പാഠങ്ങളും അഭ്യസിച്ച സിസ്റ്റര്‍ ലിസി പോള്‍ സി.സി.വിയുടെ വാക്കുകള്‍:

'ഉഷ്ണാധിക്യമാര്‍ന്ന ഹരിത സുന്ദര കേരള ഗ്രാമത്തിലെ ഞങ്ങളുടെ കുടുംബത്തിലെ 9 കുട്ടികളില്‍ ഏറ്റവും ഇളയ ആളാണു ഞാന്‍. വീട്ടിലേക്കാവശ്യമായ ഭക്ഷണം ഏറെക്കുറെ പൂര്‍ണ്ണമായും ഞങ്ങളുടെ വയലുകളില്‍ തന്നെ കൃഷി ചെയ്താണുണ്ടാക്കിപ്പോന്നത്. പരമ്പരാഗത പ്രകൃതി മരുന്നുകളെക്കുറിച്ച് എന്റെ പിതാവിനുണ്ടായിരുന്ന ഭേദപ്പെട്ട അറിവ് കുടുംബത്തിലെ സാധാരണ രോഗങ്ങള്‍ മാറ്റാന്‍ ഫലപ്രദമായിരുന്നു. കന്നുകാലികള്‍ക്കും ഉപകാരപ്പെട്ടു പോന്നു അപ്പച്ചന്റെ പച്ചമരുന്നു പ്രയോഗങ്ങള്‍.

വയലുകളില്‍നിന്നു മാത്രമല്ല ചിലപ്പോഴൊക്കെ അടുത്തുള്ള വനത്തില്‍ നിന്നും അദ്ദേഹം ചെടികളും വേരുകളും മറ്റും കൊണ്ടുവന്ന്് മരുന്നുകളുണ്ടാക്കുന്നത് അതീവ ശ്രദ്ധയോടെ ഞാന്‍ നോക്കിക്കണ്ടു.തൈലങ്ങള്‍, ലേപനങ്ങള്‍, ഗുളികകള്‍ എന്നിവയില്‍ നിന്നു തുടങ്ങി അരിഷ്ടവും ലേഹ്യവും കയ്‌പ്പേറിയ കഷായവുമൊക്കെ ഉള്‍പ്പെട്ടതായിരുന്നു ആ ഔഷധക്കൂട്ടുകള്‍. മനുഷ്യരുടേയും മൃഗങ്ങളുടേയും അസുഖങ്ങള്‍ മാറാന്‍ മിക്കപ്പോഴും അവ ധാരാളം മതിയായിരുന്നു. ഇതെല്ലാം കണ്ട് അപ്പച്ചനില്‍ നിന്നാണ് ഭൂമിയെയും കാര്‍ഷിക തൊഴിലാളികളെയും അവരുടെ ഔഷധ പരിജ്ഞാനത്തെയും ബഹുമാനിക്കാനും വിശ്വസിക്കാനും ഞാന്‍ പഠിച്ചത്.'

വ്രതവാദ്ഗാനമെടുത്തശേഷം ബാംഗ്ലൂരിലെ സെന്റ് മാര്‍ത്ത കോളജ് ഓഫ് നഴ്‌സിങ്ങില്‍ ചേര്‍ന്നു സിസ്റ്റര്‍ ലിസി പോള്‍. 'പതിവുപോലെ ഞങ്ങള്‍ പഠിച്ചതില്‍ അധികവും അലോപ്പതി ചികിത്സയുടെ ഭാഗങ്ങളാണ്. ഇതിനിടെ, സ്വതസ്സിദ്ധമായ വീട്ടറിവുകളുടെ ബലത്തില്‍ സിഎച്ച്എഐ (കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ) യില്‍ ഹെര്‍ബല്‍ മരുന്നുകളെക്കുറിച്ച് രണ്ട് തവണ ദശദിന പരിശീലനവും നടത്തി.

സങ്കീര്‍ണമായ 'ഫാല്‍സിപാറം മലേറിയ' ബാധിച്ചപ്പോള്‍ കഴിക്കേണ്ടിവന്ന അലോപ്പതി മരുന്ന് അതിനകം എന്നെ കടുത്ത പ്രമേഹ രോഗിയാക്കിയിരുന്നു.അത്തരത്തില്‍ അലോപ്പതി മരുന്നിന്റെ ഇരയായതും പ്രകൃതിദത്ത മരുന്നുകളോടുണ്ടായിരുന്ന എന്റെ ആഭിമുഖ്യം കൂട്ടാനിടയാക്കി.
ഗുജറാത്തിലെ സമര്‍പ്പിത സഹോദരിമാരുടെ മിക്ക ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും അലോപ്പതി ചികില്‍സ മാത്രമേയുള്ളൂ.'

ഗോത്രവര്‍ഗ്ഗങ്ങള്‍ക്കു സ്വന്തമായുള്ള തദ്ദേശീയ വൈദ്യശാസ്ത്രവും ചികിത്സയും സംരക്ഷിച്ച് സുസ്ഥിരമാക്കി ഒരു ബദല്‍ ആരോഗ്യ പരിപാലന സംവിധാനം സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുകയെന്ന ദര്‍ശനത്തിലേക്കു സിസ്റ്റര്‍ വൈകാതെ കടന്നു വന്നു. ആദിവാസി സ്ത്രീകളെ ആരോഗ്യ പ്രവര്‍ത്തകരായി പരിശീലിപ്പിക്കുക എന്നതാണ് അതിനുള്ള പ്രയോഗിക മാര്‍ഗമെന്നു കണ്ടെത്തി. അവര്‍ പരമ്പരാഗത മരുന്നുകള്‍ തയ്യാറാക്കാന്‍ പഠിക്കും. അങ്ങനെ ആദിവാസി ജനങ്ങള്‍ക്ക് സ്വന്തം പരമ്പരാഗത മരുന്നുകള്‍ ഉപയോഗിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ കഴിയും.

ദക്ഷിണ ഗുജറാത്തിലെ പ്രത്യേകിച്ചും ദാങ്‌സ്, ഉനായ് മേഖലയിലെ ഔഷധ സസ്യ വൈവിധ്യത്തിലേക്ക് തയ്യാറെടുപ്പുകളോടെ ഇറ്റങ്ങിയപ്പോള്‍ തുറന്നുകിട്ടിയത് വിശാല സാധ്യതകളായിരുന്നു.'ഭൂമി മാതാവ് നമുക്ക് ചുറ്റും അമൂല്യ വിഭവങ്ങളായി തയ്യാറാക്കി വച്ചിരിക്കുന്ന പ്രകൃതി മരുന്നുകളെക്കുറിച്ച് കൂടുതല്‍ പര്യവേക്ഷണം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. ഇത്തരം മരുന്നുകള്‍ പ്രയോഗിക്കുന്ന നിരവധി പാരമ്പര്യ വൈദ്യന്മാരെ സന്ദര്‍ശിച്ചു. അവരിലൂടെ സുഖം പ്രാപിച്ച ഗ്രാമവാസികളില്‍ നിന്ന് കഥകള്‍ കേട്ടു.അപ്പോഴാണ് നാട്ടു വൈദ്യന്മാരുടെ വായ്‌മൊഴി വിജ്ഞാനം രേഖപ്പെടുത്തിയിട്ടില്ലാത്തതിന്റെ ഗുരുതര പോരായ്മ ബോധ്യപ്പെട്ടത്. സമ്പന്നമായ വൈദ്യ പാരമ്പര്യമാണ് കാലക്രമേണ ഇതിനാല്‍ നഷ്ടമാകുന്നത്.'
്.
ദാങ്‌സിലെയും ഉനായിയിലെയും ഗ്രാമങ്ങളില്‍, സിക്കിള്‍ സെല്‍ അനീമിയ ബാധിച്ച അനേകം വ്യക്തികളെയും കുടുംബങ്ങളെയും കണ്ടെത്തി സിസ്റ്റര്‍. അലോപ്പതിയുടെ കണ്ണില്‍ ശമന മാര്‍ഗ്ഗങ്ങളില്ലാത്ത പാരമ്പര്യ രോഗമാണിത്.ലോകമെമ്പാടുമുള്ള ആദിവാസി സമൂഹങ്ങളില്‍ സിക്കിള്‍ സെല്‍ അനീമിയ പ്രത്യേകമായി കാണപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രകൃതി മരുന്നുകളുടെ സാധ്യത പഠിക്കാനും പരിശീലിക്കാനും മനസ്സിരുത്തിയ സിസ്റ്റര്‍ കറ്റാര്‍വാഴ ചെടിയില്‍ നിന്ന് ടോണിക്ക് തയ്യാറാക്കുന്ന പ്രകൃതി ചികില്‍സാ വൈഭവമുള്ള മധ്യപ്രദേശിലെ ഫാ.സക്കറിയാസ് സ്വാമിയെ സന്ദര്‍ശിച്ചു. സിക്കിള്‍ സെല്‍ അനീമിയ ബാധിച്ച രോഗികളെ വളരെക്കാലമായി അദ്ദേഹം ഇതുപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കുന്നുണ്ടായിരുന്നു.

ഫാ.സക്കറിയാസ് സ്വാമിയോടൊപ്പം താമസിച്ച് കറ്റാര്‍വാഴ ടോണിക്ക് തയ്യാറാക്കാന്‍ സിസ്റ്റര്‍ പഠിച്ചു. തിരിച്ചെത്തിയ ശേഷം, സിക്കിള്‍ സെല്‍ അനീമിയ ബാധിച്ച എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഈ ടോണിക്ക് നല്‍കി. അവരുടെ ഹീമോഗ്ലോബിനില്‍ പ്രകടമായ പുരോഗതി കണ്ടു; തുടര്‍ന്ന് പഠനത്തിലും അവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

'ആധുനിക അലോപ്പതി മരുന്നുകളുടെ ആക്രമണത്തോടെ നാടന്‍ മരുന്നുകളുടെ ഉപയോഗം ക്രമേണ അപ്രത്യക്ഷമാകുന്നത് ഉത്ക്കണ്ഠയുണര്‍ത്തുന്ന കാര്യമാണ്. പാവപ്പെട്ടവര്‍ക്ക് പ്രാപ്യമല്ല ഈ അലോപ്പതി മരുന്നുകളെന്ന യാഥാര്‍ത്ഥ്യവുമുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ എന്റെ അനുഭവത്തില്‍, പല സാധാരണ രോഗങ്ങളും സുഖപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും നാടന്‍ മരുന്നുകള്‍ വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. അലോപ്പതി മരുന്നുകളില്‍ നിന്ന് വ്യത്യസ്തമായി, അസംസ്‌കൃത വസ്തുക്കള്‍ പ്രാദേശികമായി കണ്ടെത്തുകയോ വളര്‍ത്തുകയോ ചെയ്യാമെന്നതിനാല്‍ മിതമായ നിരക്കില്‍ ഹെര്‍ബല്‍ മരുന്നുകള്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം. ഇത് അലോപ്പതി മരുന്നുകളുടെ വലിയ വിലക്കുരുക്കില്‍ നിന്ന് പാവപ്പെട്ട ആളുകളെ രക്ഷിക്കും.'

വിഭാവനം ചെയ്ത പദ്ധതിയുടെ ആദ്യ ഘട്ടമായി 2003 മുതല്‍ 2006 വരെ മൂന്നു വര്‍ഷത്തേക്ക് മാസത്തിലൊരിക്കല്‍ ആദിവാസി , ഗോത്ര വര്‍ഗ സ്ത്രീകളെ സംഘടിപ്പിച്ച്് തുടര്‍ച്ചയായ പരിശീലനവും ബോധവല്‍ക്കരണ പരിപാടികളും നടത്തി.പ്രകൃതിയും അതിന്റെ ഔഷധസസ്യങ്ങളും സംബന്ധിച്ച് ഭേദപ്പെട്ട അറവ് ഇതിലൂടെ അവര്‍ക്കു നല്‍കാന്‍ കഴിഞ്ഞു.

തുടക്കത്തില്‍ സ്ത്രീകള്‍ക്ക് ഹെര്‍ബല്‍ മരുന്നുകള്‍ തയ്യാറാക്കാന്‍ വലിയ മടിയായിരുന്നു. കാരണം ഇതിന് ധാരാളം സമയവും കഠിനാധ്വാനവും ആവശ്യമാണ്. തലവേദന, ജലദോഷം, ചുമ, വയറിളക്കം മുതലായവയ്ക്ക് ഗ്രാമത്തിലെ കടകളില്‍ നിന്ന് മരുന്ന് കിട്ടുന്നുണ്ട് എന്നതായിരുന്നു അവരുടെ പ്രധാന വാദം. പക്ഷേ, സിസ്റ്റര്‍ കാട്ടില്‍ അവരോടൊപ്പം പോയി ആവശ്യമുള്ള സസ്യങ്ങളും വേരുകളും മറ്റും കൊണ്ടുവന്ന ശേഷം കാര്യങ്ങള്‍ക്കു മാറ്റം വന്നുതുടങ്ങി. സ്വയം തയ്യാറാക്കിയ മരുന്നുകളുടെ സദ്ഫലങ്ങള്‍ സ്വയം അനുഭവിച്ചതോടെ അവര്‍ പ്രചോദിതരായി. തലവേദന, ചൈതന്യക്കുറവ്, ദിവസാവസാനത്തെ ക്ഷീണം തുടങ്ങി അവരില്‍ പലര്‍ക്കുമുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ കുറഞ്ഞുവന്ന് ശാശ്വത രോഗശമനം അനുഭവപ്പെട്ടു.

തദ്ദേശീയ മരുന്നുകളുമായി ബന്ധപ്പെട്ട് വനിതാ കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്ക് തുടര്‍ച്ചയായ പരിശീലനം നല്‍കി. അവര്‍ ഹെര്‍ബല്‍ മരുന്നുകള്‍ തയ്യാറാക്കാനും ഉപയോഗിക്കാനും പഠിച്ചതോടൊപ്പം അറിവും ആത്മവിശ്വാസവും കൈവരിച്ചു. ആ അറിവ് പതുക്കെ സമൂഹത്തില്‍ വ്യാപിച്ചു. അങ്ങനെ പ്രകൃതിദത്ത രോഗശാന്തിക്കുതകുന്ന നിര്‍ണ്ണായക വിജ്ഞാനത്തിന്റെ വലിയ സമ്പത്ത് എന്നെന്നേക്കുമായി നഷ്ടപ്പെടാതെ പുനരുജ്ജീവിപ്പിക്കാനുമായി.പദ്ധതിയുടെ രണ്ടാം ഘട്ടമായി 2007-2009-ല്‍ നവ്‌സാരി, താപ്പി ജില്ലാ വനം വകുപ്പിന്റെ സഹായത്തോടെ 27 ഗ്രാമങ്ങളിലെ സ്ത്രീകള്‍ വഴി ഏകദേശം 60,000 ഔഷധ സസ്യങ്ങള്‍ വിതരണം ചെയ്തു.

മൂന്നാം ഘട്ടത്തില്‍ സിസ്റ്റര്‍ ലിസിയുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിശീലനം നേടിയ സ്ത്രീകള്‍ ഹെര്‍ബല്‍ മരുന്നുകള്‍ തയ്യാറാക്കാന്‍ തുടങ്ങി. ഈ മരുന്നുകള്‍ അവരുടെ വീടുകളില്‍ ഉപയോഗിക്കുന്നതിനു പുറമേ ഗ്രാമങ്ങളിലെ ആളുകള്‍ക്കും വിതരണം ചെയ്തു. ഇതോടെ, ഭവനങ്ങളില്‍ നിര്‍മ്മിച്ച മരുന്നുകളുടെ ആവശ്യം 2009 മുതല്‍ ക്രമേണ വര്‍ദ്ധിച്ചുവന്നു.ഈ രംഗത്ത് ആദിവാസി സ്ത്രീകള്‍ വലിയ താത്പര്യമാണു കാണിച്ചത്. അവരുടെ ചികിത്സാ നൈപുണ്യവും വികസിച്ചു.

ഈ മരുന്നുകള്‍ തയ്യാറാക്കി വിതരണം ചെയ്ത മൂന്ന് വര്‍ഷത്തിനുള്ളില്‍, പ്രകൃതിദത്ത ഹെര്‍ബല്‍ മരുന്നുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് ആദിവാസി പുരുഷന്മാരിലും സ്ത്രീകളിലും ക്രമേണ അവബോധമുണ്ടായി. ഹെര്‍ബല്‍ മരുന്നുകള്‍ തയ്യാറാക്കുന്നതില്‍ പരിശീലനം നേടിയ 30 വനിതാ കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ ഇക്കാര്യത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു.സ്വന്തം അനുഭവത്തില്‍ നിന്നു തന്നെ ഈ നാട്ടുമരുന്നുകളുടെ ഗുണം മറ്റുള്ളവരെ ബോധ്യപ്പെടുത്തിക്കൊടുത്തു അവര്‍. 6 പേര്‍ വീതമുള്ള അഞ്ച് ഗ്രൂപ്പുകളായി അവര്‍ എല്ലാ മാസവും മരുന്നു നിര്‍മ്മാണ കേന്ദ്രത്തില്‍ വന്ന് ഹെര്‍ബല്‍ മരുന്നുകള്‍ തയ്യാറാക്കുന്നു. അങ്ങനെയാണ് ആദിവാസി ഹെര്‍ബല്‍ മരുന്നുകളുടെ ഉത്പാദനത്തിനും വിതരണത്തിനുമായി കാര്യക്ഷമവും വിശ്വസനീയവുമായ ഒരു സംവിധാനം വികസിപ്പിച്ചെടുക്കാനായത്.

ഈ ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യമായ ഔഷധസസ്യങ്ങളില്‍ ഭൂരിഭാഗവും സ്വന്തം വയലുകളിലും അടുക്കളത്തോട്ടങ്ങളിലും വളര്‍ത്തുന്നു. അപൂര്‍വ സസ്യങ്ങളെ സംരക്ഷിക്കുന്നുമുണ്ടവര്‍. അല്ലാത്തപക്ഷം അവ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന അവസ്ഥയായിരുന്നു.സംരംഭത്തിനു കീഴില്‍ രണ്ട് ഏക്കര്‍ വരുന്ന ഒരു ഹെര്‍ബല്‍ ഫാം ഉണ്ട്. അവിടെ 80 ഇനം സസ്യങ്ങള്‍ വളര്‍ത്തുന്നു. അവര്‍ സസ്യങ്ങള്‍ വെഡ്രൂണ ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സെന്ററിലേക്ക് കൊണ്ടുവരുന്നു. സംസ്‌കരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നു.ശുദ്ധീകരണം, പൊടിക്കല്‍, മിശ്രണം, തിളപ്പിക്കല്‍ മുതലായവയ്ക്ക് വലിയ യന്ത്രങ്ങളുണ്ട്. എല്ലാം കൃത്യതയോടെയും പൂര്‍ണ്ണ ശുചിത്വത്തോടെയും ചെയ്യുന്നത് വഴി മെഡിക്കല്‍ ഗുണനിലവാരം ഉറപ്പ് വരുത്തുന്നു.

'വില്‍പ്പനയ്ക്കുള്ള മരുന്നുകളുടെ പ്രൊഫഷണല്‍ പാക്കേജിംഗ്, ലേബലിംഗ് തുടങ്ങിയവയും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ചുറ്റുമുള്ള ഗ്രാമങ്ങളില്‍ സ്ത്രീകള്‍ തന്നെ മരുന്നുകള്‍ വില്‍ക്കുന്നു. മറ്റ് ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, വനിതാ ഗ്രൂപ്പുകള്‍, മേളകള്‍ മുതലായവയിലൂടെയുമുണ്ട് വിതരണം. പലപ്പോഴും ആവശ്യത്തിന് മരുന്നുകള്‍ തികയാതെ വരുന്നു.ആദിവാസി മേഖലകളിലെ കൂടുതല്‍ സ്ത്രീകള്‍ക്ക് ഈ രംഗത്ത് പരിശീലനം ലഭിക്കണമെന്നും സമ്പന്നമായ വൈദ്യ പാരമ്പര്യം എന്നെന്നേക്കുമായി നഷ്ടപ്പെടാതിരിക്കാന്‍ പരമ്പരാഗത മരുന്നുകള്‍ ഉപയോഗിക്കണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു.'- ദൈവവിളിയുടെ വിശാല വഴിയില്‍ ഇനിയും പുതിയ ലക്ഷ്യങ്ങള്‍ മനസില്‍ കാണുന്നു സിസ്റ്റര്‍ ലിസി പോള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.