മികച്ച മാധ്യമ അവബോധം, ഫലപ്രദമായ രാഷ്ട്രിയ നിലപാടുകൾ, സാമൂഹിക സേവനത്തിലൂടെ ദൈവ സ്നേഹം അവതരിപ്പിക്കൽ, നല്ല പ്രസ്ഥാനങ്ങളുമായുള്ള സുദൃഢമായ സഹകരണം, യുവാക്കൾക്കും കുട്ടികൾക്കുമായി ക്രിയാത്മകപരിശിലനങ്ങൾ... ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിൽ മങ്ങുന്ന വിശ്വാസ വിളക്കിൽ പ്രത്യാശയുടെ എണ്ണ പകരാൻ മെൽബൺ സീറോ മലബാർ രൂപതയുടെ പുതിയ ഇടയൻ മാർ ജോൺ പനന്തോട്ടത്തിലിന്റെ ദീർഘ വീക്ഷണമിങ്ങനെ.
പൊതു സമൂഹത്തന് കൃത്യമായ ഒരു മാധ്യമ അവബോധം നൽകുക എന്നത് ഒരു പുതിയ മിഷൻ മേഖലയായി കണ്ട് പ്രവൃത്തിക്കേണ്ട സാഹചര്യം വന്ന് കഴിഞ്ഞു. നവ മാധ്യമങ്ങൾ അത്രയധികം ശക്തമാണ്; അനന്ത സാധ്യതകളുമുണ്ട്. ഒരു മിഷൻ മേഖലയായി മാധ്യമ രംഗം ഏറ്റെടുക്കണം. ആധുനിക സുവിശേഷവൽകരണത്തിന് മാധ്യമ അവബോധം ഉണ്ടാവുകയും ഫലപ്രദമായി അത് ഉപയോഗിക്കുകയും ചെയ്യേണ്ടതുണ്ട്. സീന്യൂസ് ലൈവ് അഡ്വൈസറി എഡിറ്റർ പ്രകാശ് ജോസഫിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മാർ ജോൺ പനന്തോട്ടത്തിൽ.
മാർ ജോൺ പനന്തോട്ടത്തിലിനൊപ്പം സീ ന്യൂസ് ലൈവ് അഡ്വൈസറി എഡിറ്റർ പ്രകാശ് ജോസഫ്
" വിശ്വാസം പകർന്നു നൽകുന്നതിൽ നമ്മുടെ സമൂഹത്തിന് വലിയ നഷ്ടം സഭവിക്കുന്നുണ്ട്. നമ്മുടെ വല്യപ്പന്മാരുടെ വിശ്വാസം നമുക്കില്ല. നമ്മുടെ വിശ്വാസം നമ്മുടെ കുട്ടികൾക്കുമില്ല. മികച്ച മാധ്യമ ഉപയോഗത്തിലൂടെയും കൂട്ടായ പരിശ്രമങ്ങളിലൂടെയും ഈ കുറവ് പരിഹരിച്ച് കൊണ്ടുവരാനാകും. മങ്ങുന്ന വിശ്വാസ മൂല്യങ്ങൾ വീണ്ടെടുക്കുന്നതിനും സാമൂഹ്യ തിന്മകൾക്കെതിരെ പോരാടുന്നതിനും മാധ്യമങ്ങളുടെ ഫലപ്രദമായ ഉപയോഗം അനിവാര്യമാണ്" - മാർ ജോൺ പനന്തോട്ടത്തിൽ വ്യക്തമാക്കി.
അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ചുവടെ:
ഓസ്ടേലിയയിലെ വിശ്വാസ രംഗത്ത് പിതാവ് കാണുന്ന മുഖ്യമായ വെല്ലുവിളികൾ എന്തെല്ലാമാണ്?
സെക്കുലറിസം തന്നെയാണ് ഏറ്റവും വലിയ ചലഞ്ച്. മതതരത്വം എന്ന അടിസ്ഥാന അർത്ഥമല്ല മറിച്ച് മതങ്ങളും വിശ്വാസവുമായി ഒരുതരത്തിലും ബന്ധപ്പെടാതിരിക്കുന്ന വിചിത്രമായ സെക്കുലർ കാഴ്ചപ്പാടാണ് നമ്മുടെ തലമുറയെ ഭയപ്പെടുത്തുന്നത്. "ദൈവം വേണ്ട, വിശ്വാസം വേണ്ട എന്ന മനോഭാവമാണ്; യൂറോപ്പിൽ അത് ആധിപത്യം പുലർത്തി കഴിഞ്ഞു. സാവധാനം എല്ലായിടത്തേക്കും കടന്നു കയറും. സമ്പത്തും അധികാരവും സാങ്കേതിക വിദ്യയും മൂലം എല്ലാം സാധ്യമാണ്. പിന്നെ ദൈവത്തിന് എന്ത് പ്രസക്തി?" എന്നതാണ് മനോഭാവം.
നമുക്ക് ഒരു മതത്തിന്റെയും ദൈവത്തിന്റെയും ആവശ്യമില്ല എന്ന ചിന്താഗതിയിലാണ് ആധുനിക യുവത്വം. ഞായറാഴ്ച പള്ളിയിൽ പോകുന്നു എന്ന് പറയുന്നത് തന്നെ വലിയ വെല്ലുവിളിയാണ്. നമ്മുടെ കുട്ടികൾ ഇത്തരം യുവാക്കളുമായി ഇടപഴകിയാണ് ജീവിക്കുന്നത്. ഞായറാഴ്ച സ്വിമ്മിങ്ങിനും സ്പോർട്സിനും മറ്റ് പ്രവർത്തനങ്ങൾക്കുമെല്ലാം യുവത്വം സമയം കണ്ടെത്തുന്നു. ദേവാലയത്തോടും ദൈവത്തോടും വലിയ അകൽച്ച. വലിയ വെല്ലുവിളിയാണ് ഇത്. ശക്തമായ വിശ്വാസ അടിത്തറയുള്ളവർക്ക് മാത്രമേ ഇതിനെ മറികടക്കാനാകു.
ഓസ്ട്രേലിയ അതിവേഗം ഒരു വിശ്വാസ രഹിത ഭൂരിപക്ഷ രാജ്യമായി മാറുന്നു ( No longer a christian nation). ഇതിനെ പ്രതിരോധിക്കാനും ഒരു നവ സുവിശേഷവൽകരണത്തിനും നമ്മുടെ സഭയ്ക്ക് എന്തെല്ലാം ചെയ്യാനാകും?
സഘടിതമായ പ്രവർത്തനങ്ങൾ ഉണ്ടാകണം; ഒപ്പം വ്യക്തിപരമായ പരിശ്രമങ്ങളും. ദൈനംദിന ജീവിതത്തിൽ നമ്മൾ കണ്ടുമുട്ടുന്ന വ്യക്തികളുമായി വിശ്വാസം പങ്കുവെക്കണം. നമ്മുടെ സമൂഹത്തിൽ അധികവും പ്രൊഫഷണൽസാണ്. നമ്മൾ പോകുന്ന ഇടങ്ങളിൽ മറ്റുള്ളവരുമായി വിശ്വാസ ജീവിതം പങ്കുവെക്കുക. ഒരു മാസം ഒരാളെയെങ്കിലും സ്വാധീനിക്കാനായാൽ വലിയ മാറ്റമാകും. ജനത്തിന് അറിയേണ്ടത് യഥാർത്ഥ ദൈവിക അനുഭവമാണ്. അത് പകരാൻ കഴിയണം. ബൈബിളിലെ ഏത് കാര്യവും ഗൂഗിളിൽ ലഭ്യമാണ്. എന്നാൽ യഥാർത്ഥ ദൈവാനുഭവങ്ങൾ നമുക്ക് പങ്കുവെക്കാനായാൽ വ്യക്തികളെ നേടാനാകും.
വിശ്വാസത്തിനെതിരെയുള്ള കടന്നുകയറ്റങ്ങളെ ക്രിസ്തീയമായി എതിർക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന സഘടനകളെയും പ്രസ്ഥാനങ്ങളെയും രാജ്യവ്യാപകമായി പിന്തുണക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കാമോ?
ശ്രദ്ധേയമായ ക്രിസ്തീയ മുന്നേറ്റങ്ങൾ ഓസ്ട്രേലിയയിൽ നടക്കുന്നുണ്ട്. മനുഷ്യരുടെ മനസിൽ ദൈവത്തെക്കുറിച്ചുള്ള ദാഹമുണ്ട്. ഇവിടെ നടക്കുന്ന പല മുന്നേറ്റങ്ങളെക്കുറിച്ചും സമൂഹം അജ്ഞരാണ്. ക്രിസ്തീയ വിശ്വാസമുള്ള വ്യക്തികൾ തിരഞ്ഞെടുപ്പിലൊക്കെ മത്സരിക്കണം. പാർലമെന്റിലും മറ്റും ക്രിസ്ത്യാനികൾക്ക് വേണ്ടി സംസാരിക്കാൻ ആളുകളുണ്ടാകണം. അത്തരക്കാർക്ക് വേണ്ടി വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണം നടത്തണം.
ക്രിസ്തീയമായ എല്ലാ മുന്നേറ്റങ്ങളെയും പ്രസ്ഥാനങ്ങളെയും ശക്തമായി പിന്തുണക്കുകയും സഹകരിക്കുകയും വേണം. അല്ലെങ്കിൽ ഈ രംഗത്ത് നിന്ന് നമ്മൾ അപ്രത്യക്ഷരാകും. അന്നന്ന് വേണ്ട അപ്പത്തിന് വേണ്ടി പ്രവർത്തിക്കുന്നതിനപ്പുറം ഭാവിയെക്കരുതി ആസൂത്രിതമായ പ്രവർത്തനങ്ങൾ ഉണ്ടാകുക തന്നെ വേണം.
സാമൂഹിക തിന്മകളെ (വിശ്യഷ്യ വിശ്വാസത്തിനും ജീവനുമെതിരെയുള്ള) എതിർക്കാനും വിശ്വാസം പ്രതിരോധിക്കാനുമുള്ള നമ്മുടെ രൂപതയുടെ പരിശ്രമങ്ങൾ വിശദീകരിക്കാമോ?
നമ്മുടേത് താരതമ്യേനെ ചെറുപ്പമായ ഒരു സമൂഹമാണ്. കഴിഞ്ഞ 20 വർഷങ്ങൾക്കുള്ളിലാണ് നമ്മുടെ സാന്നിധ്യം ഓസ്ട്രേലിയയിൽ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. നമ്മുടെ കുട്ടികൾ യൂണിവേഴ്സിറ്റികളിലായി തുടങ്ങി. ചിലർ ജോലിക്ക് കയറി. മറ്റ് ചിലർ വിവാഹിതരാകുന്നു. ഓസ്ട്രേലിയയിലെ സാമൂഹിക തിന്മകൾ നമ്മുടെ കുട്ടികളെ ചെറുതായിട്ടേ സ്വാധിനീച്ചിട്ടൊള്ളു.
കുട്ടികളെ ലക്ഷ്യമിട്ട് നിരവധി ധ്യാനങ്ങളും സെമിനാറുകളും സഭാ തലത്തിൽ ഒരുക്കുന്നുണ്ട്. സീറോ മലബാർ യൂത്ത് മൂവ്മെന്റെ്(എസ്എംവൈഎം), ടീൻസ് മിനിസ്ട്രി എന്നിവയെല്ലാം ഫലപ്രദമായ പ്രോഗ്രാമുകൾ കുട്ടികൾക്കും യുവാക്കൾക്കുമായി സഘടിപ്പിക്കുന്നുണ്ട്.
" ശരീരത്തിന്റെ ദൈവശാസ്ത്രം (Theology of the body) തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധേയമായ ക്ലാസുകൾ വിദഗ്ദർ വഴി നൽകപ്പെടുന്നുണ്ട്. ഇത്തരം പരിശീലന പരിപാടികൾ കുട്ടികളെ ചെറുപ്പത്തിൽ തന്നെ മയക്കു മരുന്ന്, അശ്ലീല വീഡിയോകൾ, സാത്താനിക സ്വാധീനം തുടങ്ങിയ തിന്മകളിൽ നിന്ന് അകന്ന് നിൽക്കാൻ സഹായിക്കുന്നു. എന്താണ് തെറ്റും ശരിയുമെന്ന വലിയ ആശയക്കുഴപ്പത്തിലാണ് നമ്മുടെ കുട്ടികൾ. ഇത്തരം ഫലപ്രദമായ ക്ലാസുകളിലൂടെ ഈ കുറവ് പരിഹരിക്കാനാകുന്നുണ്ട്.
നമ്മുടെ രൂപതയുടെ ശക്തിയും ദൗർബല്യവും വിശദമാക്കാമോ?
2015 മുതൽ ഞാൻ ഓസ്ട്രേലിയയിലുണ്ടായിരുന്നെങ്കിലും നമ്മുടെ സമൂഹവുമായി ഇത്രയും ബന്ധപ്പെടുന്നത് കഴിഞ്ഞ എട്ട് മാസമായിട്ടാണ്. രൂപതയുടെ നന്മ പറയാനാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്. പള്ളിയോടും ദൈവത്തോടും വളരെ ആത്മാർത്ഥതയുള്ള അനവധി ആളുകൾ നമുക്കുണ്ട്. വിശ്വാസവും കുടുംബ മൂല്യങ്ങളും ഒട്ടും വിട്ടുവീഴ്ചയില്ലാതെ പരിശീലിക്കുന്ന സമൂഹം നമ്മുടെ വലിയ ശക്തിയാണ്. നമ്മൾ വളരെ ചെറുപ്പമാണ്. കുട്ടികളും യുവാക്കളും അടങ്ങുന്ന ചെറുപ്പമുള്ള സമൂഹം. ദൈവവിശ്വാസത്തിൽ തീക്ഷ്ണതയുള്ളവരാണ്. ജനങ്ങളാണ് നമ്മുടെ ശക്തി.
നെഗറ്റീവായി പറയാനുള്ള കാര്യം നമ്മൾ വളർന്നു വരുന്ന ഒരു സമൂഹമാണ് എന്നത് തന്നെയാണ്. അതുകൊണ്ട് പോരായ്മകൾ നിരവധിയാണ്. പെർത്ത് പോലത്തെ കമ്മ്യൂണിറ്റികൾ ഒത്തിരി അനുഗ്രഹീതമാണ്. നിങ്ങൾക്ക് സ്വന്തമായി എല്ലാ സൗകര്യങ്ങളുമുണ്ട്. മറ്റ് പല ഇടവകകളിലും സ്ഥപരിമിതികൾ വലിയ പ്രയാസം സൃഷ്ടിക്കുന്നു.
വിശ്വാസം പ്രാക്ടീസ് ചെയ്യാൻ സ്ഥലമില്ല. ഒരുപാട് പരിമിതിക്കുള്ളിലാണ് മിക്ക ഇടവകകളും മിഷൻ സെന്ററുകളും പ്രവർത്തിക്കുന്നത്. സ്ഥപലപരിമിതിയാണ് ഏറ്റവും വലിയ പ്രശ്നം. അത് വഴി നമുക്ക് നൽകാൻ കഴിയുന്ന വിശ്വാസ പരിശിലീനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.
നമ്മുടെ കുട്ടികളുടെ വിശ്വാസ പരിശീലനം കുറച്ചുകൂടി ഫലപ്രദമാക്കാനുള്ള എന്തെങ്കിലും പദ്ധതികൾ?
നമ്മുടെ സഭയുടെ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി അഞ്ച് വർഷത്തിലൊരിക്കലാണ് നടക്കുന്നത്. അടുത്ത ഓഗസ്റ്റ് 24 മുതൽ പാലായിൽ ഈ അസംബ്ലി നടക്കും. ലോകം മുഴുവനുമുള്ള സീറോ മലബാർ സഭ പ്രതിനിധികൾ അവിടെ ഒത്തു ചേരും. ആ ആസംബ്ലിയുടെ അജണ്ടയിലെ ഒരു പ്രധാന വിഷയം വിശ്വാസ പരിശിലീനം നവീകരിക്കുക എന്നതാണ്. നമ്മുടെ കാറ്റിക്കിസം നവീകരിക്കണം.
കാലാനുസൃതമായി പരിഷ്കരിക്കണം. ഇപ്പോൾ കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുന്നത് പരമ്പരാഗത രീതിയാണ്. ഇവിടെ ഓസ്ട്രേലിയയിൽ പഠിക്കുന്ന രീതിയും നമ്മൾ നാട്ടിൽ പഠിച്ച രീതിയും തികച്ചും വിത്യസ്തമാണ്. അതുകൊണ്ട് നമ്മുടെ സഭയുടെ കാറ്റിക്കിസം നവീകരിക്കേണ്ടതുണ്ട്. നമ്മൾ പഠിച്ച രീതിയിൽ ഇത് കുട്ടികൾക്ക് പകർന്ന് കൊടുക്കാൻ ശ്രമിക്കുമ്പോൾ അവർക്ക് അത് മനസിലാകില്ല.
പാഠപുസ്തകം മാറേണ്ടതായിട്ടുണ്ട്. മാറ്റങ്ങൾ വരുത്തണം. പത്ത് വർഷത്തേക്ക് ഒരു പാഠപുസ്തകം എന്ന ആശയമൊന്നും ഇനി സാധ്യമല്ല. ഞാനെപ്പോഴും കാറ്റിക്കിസം ടീച്ചേഴ്സിനോട് പറയുന്നത് പുസ്തകം ഒരു ദിശാ സൂചിക മാത്രമാണ്, ഇത് നിങ്ങൾ സന്ദർഭോചിതമായി അവതരിപ്പിക്കണം. അധ്യാകർക്ക് ഭാവന വേണം.
പ്രധാനപ്പെട്ട ആശയം എന്താണെന്ന് മനസിലാക്കി കുട്ടികൾക്ക് അവതരിപ്പിച്ച് കൊടുക്കാൻ സാധിക്കണം. ഇതിനെ ഒരു അക്കാദമിക് എക്സൈസായി അവതരിപ്പിക്കരുത്. പരീക്ഷയുണ്ട്, പാഠഭാഗങ്ങൾ തീർന്നിട്ടില്ല തുടങ്ങിയ സംസാരങ്ങൾ കുട്ടികൾക്ക് ഉൾക്കൊള്ളാനാകില്ല. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.
ലോകം കണ്ടതിൽ ഏറ്റവും നല്ല അധ്യാപകൻ യേശു ക്രിസതുവായിരുന്നു. മുന്നിലിരിക്കുന്ന ആളുകളുടെ അവസ്ഥ മനസിലാക്കി കഥകളിലൂടെ അവർക്ക് കാര്യങ്ങൾ അവതരിപ്പിച്ചു കൊടുത്തു. അതുപോലെ നമ്മുടെ കാറ്റിക്കിസവും കാലാനുസൃതമായി പരിഷ്കരിച്ചേ മതിയാകൂ.. അല്ലെങ്കിൽ ഇത് ഒരു വലിയ പരാജയമായിരിക്കും. കുട്ടികൾക്ക് നമ്മളോട് വിരോധം തോന്നുകയേയുള്ളൂ..
ദൈവ സ്നേഹം എന്നത് സാമൂഹിക സേവനത്തിലൂടെ ഓസ്ട്രേലിയൻ ജനതക്ക് എങ്ങനെ കാണിച്ച കൊടുക്കാൻ സാധിക്കും? രൂപതയുടെ പരിശ്രമങ്ങൾ ഇക്കാര്യത്തിൽ എന്തെല്ലാമാണ്?
നമ്മളെ പറ്റിയുള്ള പ്രധാന ആക്ഷേപം ഇത് തന്നെയാണ്. നമ്മൾ നമ്മളിൽ തന്നെ ഒതുങ്ങിക്കൂടി ആഘോഷിക്കുന്നു. മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളിൽ ചെന്നാൽ വലിയ സ്വീകരണമാണ്; ചിലപ്പോൾ ഭക്ഷണവും ലഭിക്കും. നമ്മൾ അധികവും പ്രൊഫഷണൽസായ ആളുകളാണ്. എന്നിട്ടും നമ്മൾ ഓസ്ട്രേലിയയിലെ ഈ വിശാല സമൂഹത്തിന് എന്ത് കൊടുക്കുന്നു എന്ന ചോദ്യം ഉയരുന്നുണ്ട്.
സാമൂഹിക സേവനത്തിന് വേണ്ടി നമ്മൾ എത്രമാത്രം സമയം മാറ്റിവെക്കുന്നു എന്നത് പ്രസക്തമാണ്. ഇവിടെയുള്ള പലസമൂഹങ്ങളിലും വൊളണ്ടിയർമാർ ചെയ്യുന്ന സേവനങ്ങൾ നിസ്തുലമാണ്. പ്രായമായവരെ ഒരു ദിവസം വിളിച്ചുകൊണ്ട് വന്ന് അവർക്ക് ഭക്ഷണം നൽകി സംസാരിക്കാനായി സൗകര്യം ഒരുക്കുന്നു.
പ്രായമായ വോളണ്ടിയർമാരാണ് പല സ്ഥലങ്ങളിലും ഇപ്രകാരം ചെയ്യുന്നത്. രോഗികളെയും വൃദ്ധരെയും സന്ദർശിച്ച് അവരുടെ കാര്യങ്ങൾ അന്വേഷിക്കുന്ന നല്ലൊരു വിഭാഗം ജനങ്ങളുണ്ട്. ഓരോ ഇടവക അതിർത്തിയിലും ആവശ്യങ്ങളുള്ള ഒരുപാട് ആളുകളുണ്ട്. പക്ഷെ നമ്മൾ ഈ രീതിയിൽ ഒന്നും ചെയ്യുന്നില്ല. ഈ രംഗത്ത് എന്ത് ചെയ്യാൻ സാധിക്കും എന്നതിനെക്കുറിച്ച് നമ്മൾ ചിന്തിച്ചുവരികയാണ്. അതിനായുള്ള പദ്ധതികൾ നമ്മൾ വിഭാനം ചെയ്യുന്നുണ്ട്.
നമ്മുടെ രൂപതയിൽ പുതിയതായി ഇടവകകളും മിഷൻ സെന്ററുകളും സ്ഥാപിക്കുന്നതിനെക്കുറിച്ച്?
ചെറിയ കമ്യൂണിറ്റികളാണ് പല സ്ഥലങ്ങളിലും ഉള്ളത്. അതുപോലെ തന്നെ ഇന്റേണൽ മൈഗ്രേഷൻ നടക്കുന്നുണ്ട്. അത് പലപ്പോഴും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. സ്ഥിരമായി ഒരു എണ്ണമുള്ള സമൂഹം ഉണ്ടെങ്കിലാണ് ഇടവകകളും മിഷൻ സെന്ററുകളും കൂടുതലായിട്ട് ആരംഭിക്കാൻ സാധിക്കുന്നത്. വൈദികരുടെ അഭാവം ഒരു വലിയ പ്രശ്നമാണ്. ദൈവ കൃപയാൽ അധികം വൈകാതെ അതെല്ലാം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫോട്ടോ- ആൽവിൻ മാത്യൂസ്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.