പുതു തലമുറയിൽ മികച്ച മാധ്യമ അവബോധം വളർത്തിയെടുക്കണം: ഫാ. മാത്യു കക്കാട്ടുപിള്ളിൽ വി.സി

പുതു തലമുറയിൽ മികച്ച മാധ്യമ അവബോധം വളർത്തിയെടുക്കണം: ഫാ. മാത്യു കക്കാട്ടുപിള്ളിൽ വി.സി

കാലത്തിന് അനുയോജ്യമായ മാധ്യമ അവബോധം ക്രിസ്തീയ സഭ വിശ്വാസികൾക്കിടയിൽ കുറവാണെന്നും ഇത് പരിഹരിക്കപ്പെടേണ്ടത് അനിവാര്യതയാണെന്നും വിൻസൻഷ്യൻ സന്യാസ സഭയുടെ കോട്ടയം പ്രൊവിൻഷ്യാൾ ഫാ. മാത്യു കക്കാട്ടുപിള്ളിൽ വി.സി അഭിപ്രായപ്പെട്ടു. കേൾക്കാൻ ഇമ്പമുള്ളതും കൗതുകകരവുമായ വാർത്തകൾക്കായാണ് കൂടുതൽ ആളുകളും സമയം ചിലവഴിക്കുന്നത്. സമൂഹത്തെ പടുത്തുയർത്തുന്ന മൂല്യ ബോധമുള്ള വാർത്തകൾ പങ്കുവെയ്ക്കുന്നതിലും കണ്ടെത്തുന്നതിലും ഇപ്പോഴത്തെ തലമുറ ​ഗുരുതരമായ വീഴ്ചകൾ വരുത്തുന്നതായും അദേഹം കുറ്റപ്പെടുത്തി. സീന്യൂസ് ലൈവ് അഡ്വൈസറി എഡിറ്റർ പ്രകാശ് ജോസഫുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് ഫാ. മാത്യു ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഓസ്ട്രേലിയയിലെ വിൻസൻഷ്യൻ വൈദികരെ സന്ദർശിക്കാൻ പെർത്തിലെത്തിയതായിരുന്നു ഫാ. മാത്യു കക്കാട്ടുപിള്ളിൽ.
ഫാ. മാത്യു കക്കാട്ടുപിള്ളിൽ വി.സി

സാമൂഹ്യ മാധ്യമങ്ങളിലൂടെയും പുത്തൻ സാങ്കേതിക വിദ്യയിലൂടെയുമുള്ള സുവിശേഷ പ്രഘോഷണം സഭയുടെ കാഴചപ്പാടും ദൗത്യവുമാണ്. പുതു തലമുറയിലെ വിശ്വാസികളായ എല്ലാ മക്കളും മാധ്യമ പ്രവർത്തക രം​ഗത്ത് ഒരു പ്രേഷിത പ്രവർത്തകനായി വളരേണ്ടതുണ്ട്. സാമുഹിക മാധ്യമങ്ങളിലൂടെയുള്ള ക്രിയാത്മക പ്രവർത്തനങ്ങളും ഇടപെടലുകളും ഓരോരുത്തരും തങ്ങളുടെ കടമയും ഉത്തരവാദിത്വവുമാണെന്ന തിരിച്ചറിവിലേക്ക് ഉയരണം. വൈദികരും സന്യസ്തരും വിശ്വാസികളുമെല്ലാം ദിവസവും സമയത്തിന്റെ ഒരു ഭാ​ഗം സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രതികരണങ്ങൾക്കും പങ്കുവെയ്ക്കലുകൾക്കുമായി മാറ്റിവെക്കേണ്ടതുണ്ടെന്നും ഫാ മാത്യു അഭിപ്രായപ്പെട്ടു.

മാധ്യമ അവബോധം വിശ്വാസ സമൂഹത്തിൽ എങ്ങനെ ഫലപ്രദമായി സൃഷ്ടിച്ചെടുക്കണമെന്ന ചർച്ചകളും പഠനങ്ങളും സഭയിലും സമൂഹത്തിലും ഉയർന്നു വരണ്ടേതുണ്ട്. ഇത്തരത്തിലുള്ള പരിശീലന പരിപാടികൾ ആവശ്യമാണ്. വിശ്വാസ സമൂഹത്തിന്റെ ചെറിയ കൂട്ടായ്മകളായ കുടുംബ യൂണിറ്റുകൾ, മറ്റ് ഭക്ത സംഘടന ​ഗ്രൂപ്പുകൾ എന്നിവയുടെ നേതൃത്വത്തിൽ മാധ്യമ അവബോധ ക്ലാസുകൾ നടത്തപ്പെടണം. വായനക്കൊപ്പം ക്രിയാത്മകമായി സമൂഹ മാധ്യമങ്ങളിൽ ഇടപെടാനുള്ള പരിശീലനവും നൽകണം. അതു വഴി സമൂഹത്തിൽ സ്വാധിനം ചെലുത്തുന്ന വ്യക്തികളെ സൃഷ്ടിച്ചെടുക്കാനാവുമെന്നും ഫാ. മാത്യു വ്യക്തമാക്കി. മനുഷ്യനെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചതുപോലെ തന്നെ പ്രസക്തമാണ് എന്തു വായിക്കണമെന്നും എങ്ങനെ വായിക്കണമെന്നും പഠിക്കുന്നതും.


ഫാ. മാത്യു കക്കാട്ടുപിള്ളിൽ വി.സി സീന്യൂസ് ലൈവ് അഡ്വൈസറി എഡിറ്റർ പ്രകാശ് ജോസഫിനൊപ്പം    (ഫോട്ടോ അലൻ മാത്യു)

ലോക വ്യാപകമായി നടക്കുന്ന മൂല്യമുള്ള വാർത്തകളും സംഭവങ്ങളും എല്ലാവരിലേക്കും എത്തിക്കപ്പെടേണ്ടതുണ്ട്. ഒരു കാലത്ത് വലിയ പ്രതിസന്ധിയിലായിരുന്ന അമേരിക്കയിലെ ക്രൈസ്തവ സഭ ആ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് തിളക്കത്തോടെ നിലകൊള്ളുന്നത് ക്രിസ്തീയ സമൂഹങ്ങൾക്ക് മാതൃകയായി കാണാവുന്നതാണ്. അതിനായി ടെലിവിഷൻ മേഖലകളിലൂടെ അമേരിക്കൻ സഭ നടത്തിയ വിശ്വാസ പ്രഖ്യാപനങ്ങൾ വഹിച്ച പങ്ക് നിസ്തുലമാണ്. ബിഷപ്പ് റോബട്ട് ബാരനെ പോലുള്ളവരുടെ പ്രഭാഷണങ്ങളും ലേഖനങ്ങളുമെല്ലാം ഈ മുന്നേറ്റത്തിന് വളരെയധികം കരുത്ത് പകർന്നിട്ടുണ്ട്. അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ സഭ ശക്തമായ സാന്നിധ്യമായി വളർന്നതെല്ലാം കരുത്തുറ്റ മാധ്യമ അവബോധത്തിന്റെ കൂടെ പ്രതിഫലനമാണ്. ഇതെല്ലാം ലോകം മുഴുവനുമുള്ള ക്രൈസ്തവ കൂട്ടായ്മകൾ അറിയുകയും പങ്കുവെക്കുകയും മാതൃകയാക്കുകയും വേണം


നമ്മുടെ യുവതി യുവാക്കളിലും കുട്ടികളിലും ക്രിസ്തീയ ഭാവനകളും ചിന്തകളും വളർന്നു വരാൻ ബോധപൂർവമായ ഇടപെടൽ ഉണ്ടാകണമെന്നും ഫാ. മാത്യു കക്കാട്ടുപിള്ളിൽ അഭിപ്രായപ്പെട്ടു. ഒരു മതനിരപേക്ഷ അന്തരീക്ഷത്തിൽ ക്രിസ്തീയ മൂല്യമുള്ള കഥകൾ, നോവലുകൾ, സിനിമകൾ തുടങ്ങിയ സൃഷ്ടികൾ ഉണ്ടാകേണ്ടതുണ്ട്. ഇതോടൊപ്പം ഡിജിറ്റലായുള്ള സർ​ഗ സൃഷ്ടികളും ഉയർന്നു വരണം. ഇതിനായി നിരവധി അവസരങ്ങൾ യുവ തലമുറയക്കായി ഒരുക്കപ്പെടേണ്ടതുണ്ട്. നല്ല വാർത്തകൾക്കൊപ്പം സർ​ഗ സൃഷ്ടികൾ കൂടി ഉയർന്നു വരുമ്പോൾ നമ്മുടെ യുവ തലമുറ മികച്ച മാധ്യമ അവബോധമുള്ള ഒരു സമൂഹമായി മാറും.
ഫാ. മാത്യു കക്കാട്ടുപിള്ളിൽ വി.സി

ഓരോ ക്രിസ്തീയ വിശ്വാസിയും വായിക്കേണ്ട വാർത്തകളാണ് സീ ന്യൂസ് ലൈവ് കൈകാര്യം ചെയ്യുന്നതെന്നും ഫാ മാത്യു അഭിപ്രായപ്പെട്ടു. ലോകത്തിന്റെ ഒരു ഭാ​ഗത്തെ നന്മ മറ്റുള്ളവർക്ക് കൂടി എത്തിച്ചു കൊടുക്കുന്ന ശ്രേഷ്ടമായ ഒരു പ്രേക്ഷിത പ്രവർത്തനമാണ് സീന്യൂസ് ലൈവ് ഏറ്റെടുത്തിരിക്കുന്നത്. അതോടൊപ്പം സഭയുടെ പ്രബോധനങ്ങളും പഠനങ്ങളും സാധരണക്കാർക്ക് എളുപ്പത്തിൽ മനസിലാകുന്ന ഭാഷയിൽ അവതരിപ്പിക്കുന്നതും സീ ന്യൂസ് ലൈവിന്റെ പ്രത്യകതയാണ്. ആ​ഗോള സഭയിലെ ഓരോ വാർത്തകളും മലയാളത്തിൽ അവതരിപ്പിക്കാൻ കഴിയുന്നു എന്നത് സീ ന്യൂസ് ലൈവിനെ വിത്യസ്തമാക്കുന്നു എന്നും ഫാ മാത്യു കക്കാട്ടുപിള്ളിൽ അഭിപ്രായപ്പെട്ടു.

ഓസ്ട്രേലിയയിലെ സഭാ​​ഗങ്ങൾ ശക്തമായ സുവിശേഷ പ്രഘോഷണത്തിലേക്ക് കടക്കണമെന്നും ഫാ. മാത്യു അഭിപ്രായപ്പെട്ടു. കുടിയേറ്റ സമൂഹത്തിൽ നിന്നും തീർത്ഥാടക സമൂഹമായി ഓസ്ട്രേലിയയിലെ ക്രൈസ്തവ സമൂഹം വളരണം. ആളുകളുടെ കഴിവുകൾ കണ്ടെത്തി സുവിശേഷ പ്രഘോഷകരായി വളർത്തിയെടുക്കണം. പ്രയർ ബ്രേക്ക്ഫാസ്റ്റുകൾ പോലുള്ള ഇവന്റുകൾ സമൂഹത്തിൽ സംഘടിപ്പിച്ച് മറ്റുള്ളവരിലേക്ക് വിശ്വാസം പകരാൻ സാധിക്കണമെന്നും ഫാ. മാത്യു കക്കാട്ടുപിള്ളിൽ അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.