കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിനി ജീവനൊടുക്കിയത് കാമുകന്‍ മതം മാറാന്‍ നിര്‍ബന്ധിച്ച് വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചത് മൂലമെന്ന് പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ്. കഴിഞ്ഞ ശനിയാഴ്ചയാണ് കോതമംഗലം കറുകടം ഞാഞ്ഞൂല്‍മല കടിഞ്ഞുമ്മല്‍ പരേതനായ എല്‍ദോസിന്റെ മകള്‍ സോന(23)യെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
നെടുമ്പാശേരി വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരനായ റമീസിനെതിരെ സോനയുടെ കുടുംബം രംഗത്ത് വന്നു. സോനയും റമീസും തമ്മിലെ അടുപ്പം ഇരു വീട്ടുകാര്‍ക്കും അറിയാമായിരുന്നു.
കോളജ് പഠന കാലത്ത് തന്നെ ഇരുവരുംതമ്മില്‍ പ്രണയത്തിലായിരുന്നെന്നും വിവാഹം ആലോചിച്ചെത്തിയപ്പോള്‍ മതം മാറണമെന്ന് യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടെന്നും സോനയുടെ സഹോദരന്‍ ബേസില്‍ പറഞ്ഞു.
പിതാവ് മരിച്ച് 40 ദിവസം മാത്രമേ ആയിരുന്നുള്ളൂ. അതുകൊണ്ട് ഒരു വര്‍ഷം കഴിഞ്ഞ് വിവാഹം നടത്താമെന്ന് തങ്ങള്‍ പറഞ്ഞു. മതം മാറാനും സഹോദരി തയ്യാറായിരുന്നു. പിന്നീട് അവനെ അനാശാസ്യത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം ലോഡ്ജില്‍ നിന്ന് പിടിച്ചിരുന്നു.
ഇതറിഞ്ഞതോടെ ഇനി മതം മാറാനില്ലെന്നും റജിസ്റ്റര്‍ മാര്യേജ് ചെയ്താല്‍ മതിയെന്നും സോന പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ സഹോദരിയെ ആലുവയില്‍ റജിസ്റ്റര്‍ മാര്യേജ് ചെയ്യാമെന്നു പറഞ്ഞ് കബളിപ്പിച്ചാണ് അവന്‍ കൂട്ടിക്കൊണ്ടു പോയതെന്നും ബോസില്‍ പറഞ്ഞു.
'അവന്റെ വീട്ടില്‍ ക്കൊണ്ടു പോയി പൂട്ടിയിട്ട് മര്‍ദിച്ചു. മതം മാറാന്‍ പൊന്നാനിക്ക് കൊണ്ടുപോകാന്‍ കാര്‍ റെഡി ആക്കിയിട്ടിരിക്കുകയാണെന്നു പറഞ്ഞായിരുന്നു മര്‍ദനം. പൊന്നാനിയില്‍ ചെന്ന് രണ്ടുമാസം കഴിഞ്ഞേ രജിസ്റ്റര്‍ മാര്യേജ് ഉള്ളൂവെന്നും മതം മാറാതെ പറ്റില്ലെന്നും റമീസ് പറഞ്ഞു.
അവന്റെ വാപ്പയും ഉമ്മയും പെങ്ങളും കൂട്ടുകാരും അവിടെയുണ്ടായിരുന്നു. പൊലീസ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. സോനയുടെ മരണശേഷം റമീസും മറ്റുള്ളവരും ബന്ധപ്പെട്ടിട്ടില്ല.
സോന ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് അവളെഴുതിയ കുറിപ്പ് റമീസിന്റെ അമ്മയ്ക്ക് അയച്ചു കൊടുത്തിരുന്നു. അവര്‍ എന്റെ അമ്മയെ വിളിച്ച് നിങ്ങളുടെ മകള്‍ക്ക് ഭ്രാന്താണ് അവള്‍ അയച്ചിരിക്കുന്നത് കണ്ടില്ലേ എന്നൊക്കെയാണ് ചോദിച്ചത്. ജോലി സ്ഥലത്തു നിന്ന് അമ്മ ഓട്ടോയില്‍ എത്തിയപ്പോഴേക്കും സോന മരിച്ചിരുന്നു'- ബേസില്‍ പറഞ്ഞു.
സോനയുടെ ആത്മഹത്യാ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍:
'ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാന്‍ സാധിക്കില്ല. ഇമ്മോറല്‍ ട്രാഫിക്കിന് പിടിച്ച റമീസിനോട് ഞാന്‍ ക്ഷമിച്ചു. എന്നാല്‍ അവന്‍ വീണ്ടും വീണ്ടും എന്നോട് സ്നേഹമില്ലെന്ന് തെളിയിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാന്‍ നിര്‍ബന്ധിച്ചു. രജിസ്റ്റര്‍ മാര്യേജ് നടത്താമെന്ന വ്യാജേന വീട്ടിലെത്തിച്ച് കുടുംബക്കാരെക്കൊണ്ട് മതം മാറിയാല്‍ കല്യാണം നടത്താമെന്ന് പറയിപ്പിച്ചു.
റമീസിന്റെ തെറ്റുകള്‍ ഉപ്പയും ഉമ്മയും അറിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. മതം മാറാന്‍ സമ്മതിച്ച എന്നോട് പിന്നീടും റമീസും കൂട്ടുകാരും കുടുംബക്കാരും ക്രൂരത തുടര്‍ന്നു. മതം മാറിയാല്‍ മാത്രം പോര തന്റെ വീട്ടില്‍ നില്‍ക്കണമെന്നും കര്‍ശനമായി പറഞ്ഞു. അപ്പന്റെ മരണം തളര്‍ത്തിയ എന്നെ മേല്‍പ്പറഞ്ഞ വ്യക്തികള്‍ ചേര്‍ന്ന് മരണത്തിലേക്ക് എത്തിച്ചിരിക്കുന്നു'
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ - 1056, 0471- 2552056).
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.