മെല്‍ബണ്‍: വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള മാംസ ഉല്‍പന്നങ്ങളില്‍ വിഷാംശമുള്ള കുതിര ഇറച്ചി കലര്‍ന്ന സംഭവത്തില്‍ ഓസ്‌ട്രേലിയയിലെ വിക്‌ടോറിയന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബീഫ് എന്ന പേരില്‍ വിറ്റ കുതിര ഇറച്ചി കഴിച്ച് 22 വളര്‍ത്തു നായ്ക്കള്‍ മരണപ്പെടുകയും 61 നായ്ക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബെയ്ന്‍സ്‌ഡേല്‍, ട്രാരല്‍ഗോണ്‍, മോര്‍ണിംഗ്ടണ്‍ പെനിന്‍സുല, മെല്‍ബണിലെ കിഴക്കന്‍ പ്രാന്തപ്രദേശങ്ങള്‍ എന്നിവിടങ്ങളിലുള്ള വളര്‍ത്തു നായ്ക്കള്‍ക്കാണ് കേടായ മാംസം കഴിച്ചതിനെതുടര്‍ന്ന് കടുത്ത കരള്‍ രോഗം ബാധിച്ചത്. ഇവയില്‍ ചിലത് മരണപ്പെടുകയും മറ്റുള്ളവ ചികിത്സയിലുമാണ്.
മാഫ്ര ഡിസ്ട്രിക്റ്റ് നാക്കറി എന്ന കമ്പനിയില്‍നിന്ന് വിതരണം ചെയ്ത വളര്‍ത്തുമൃഗങ്ങളുടെ മാംസാഹാരത്തില്‍ ഇന്‍ഡോസ്പിസിന്‍ എന്ന വിഷം അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചതായി ഇതുസംബന്ധിച്ച് പ്രൈം സേഫും അഗ്രികള്‍ച്ചര്‍ വിക്ടോറിയയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. മാംസാഹാരത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനു വേണ്ടിയുള്ള റെഗുലേറ്റര്‍മാരാണ് പ്രൈം സേഫും അഗ്രികള്‍ച്ചര്‍ വിക്ടോറിയയും. കശാപ്പ് ചെയ്യുന്നതിനു മുന്‍പായി നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ വച്ച് കുതിരകളുടെ ഉള്ളില്‍ വിഷം ചെന്നതായാണ് നിഗമനം. മേയ് 31 നും ജൂലൈ മൂന്നിനും ഇടയില്‍ മാഫ്ര ഡിസ്ട്രിക്റ്റ് നാക്കറിയില്‍നിന്ന് വിതരണം ചെയ്ത മാംസാഹാരം ഒഴിവാക്കണമെന്ന് നേരത്തെ നായ്ക്കളുടെ ഉടമകളോട് ആവശ്യപ്പെട്ടിരുന്നു.
വളര്‍ത്തുമൃഗങ്ങളുടെ മാംസ ഉല്‍പന്നങ്ങളില്‍ ഇന്‍ഡോസ്പിസിന്‍ എന്ന വിഷം കണ്ടെത്തിയതിനെതുടര്‍ന്നുള്ള അന്വേഷണമാണ് കുതിര മാംസത്തില്‍ എത്തിനില്‍ക്കുന്നത്. ഇത്രയും നായ്ക്കളുടെ കൂട്ടമരണത്തിനിടയാക്കിയ സംഭവം അതീവ ഗൗരവത്തോടെയാണ് പോലീസും സര്‍ക്കാരും പരിഗണിക്കുന്നത്.
നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ കാണപ്പെടുന്ന തദ്ദേശീയമായ ഒരു ചെടിയില്‍നിന്നാണ് വിഷാംശം കുതിരകളുടെ ഉള്ളില്‍ ചെന്നതെന്നാണു നിഗമനം. കുതിരകളും ഒട്ടകങ്ങളും ഭക്ഷണമാക്കുന്ന ചെടിയില്‍ അടങ്ങിയിരിക്കുന്ന വിഷാംശം അവയ്ക്കു ദോഷകരമല്ലെങ്കിലും മാംസം കഴിച്ച നായ്ക്കളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.
വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള കമ്പനിയുടെ മാംസ ഉല്‍പന്നങ്ങളില്‍ പല മൃഗങ്ങളുടെ ഇറച്ചികള്‍ കൂടിച്ചേരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ എല്ലാത്തിലും ഇന്‍ഡോസ്പിസിന്‍ വിഷത്തിന്റെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയുണ്ട്.
പ്രൈം സേഫിന്റെ അഭ്യര്‍ത്ഥനയെതുടര്‍ന്ന് മാഫ്ര ഡിസ്ട്രിക്റ്റ് നാക്കറിയില്‍നിന്ന് വിതരണം ചെയ്ത മാംസം കമ്പനി തിരിച്ചുവിളിച്ചു. ബാക്ക്മാന്‍സ് മീറ്റ്‌സ്, ബാക്ക്മാന്‍സ് ഗ്രേഹൗണ്ട് സപ്ലൈസ് എന്നീ പേരുകളിലും മാഫ്ര ഡിസ്ട്രിക്റ്റ് നാക്കറി മാംസ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്. ഇതുകൂടാതെ വിക്ടോറിയയിലുടനീളമുള്ള പെറ്റ് ഷോപ്പുകളിലൂടെ അസംസ്‌കൃത മാംസവും വില്‍ക്കുന്നുണ്ട്.
വിഷം കലര്‍ന്ന മാംസത്തിന്റെ വിതരണം ഇപ്പോഴും നടക്കുന്നതായി പ്രൈം സേഫ് അധികൃതര്‍ പറഞ്ഞു. മാംസം ഇതിനകം പലതരം ഉല്‍പന്നങ്ങളാക്കി സംസ്‌കരിച്ചിട്ടുണ്ട്. എല്ലാ ഉല്‍പന്നങ്ങളും പരിശോധിച്ച് തിരിച്ചറിയുന്നത് ബുദ്ധിമുട്ടാണ്.
വിഷം കലര്‍ന്ന കുതിര മാംസം കഴിച്ച് ഗുരുതരാവസ്ഥയിലായ വളര്‍ത്തുനായ
ആന്‍ഡ്രൂ ലോറന്‍സ് എന്ന വ്യക്തിയുടെ ജര്‍മ്മന്‍ ഷെപ്പേര്‍ഡ് കേടായ മാംസം കഴിച്ച് ഗുരുതരാവസ്ഥയിലാണ്. കുതിര മാംസം അടങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും ഇവ വാങ്ങില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന നിലവാരമുള്ള പ്രീമിയം ബീഫ് എന്നു പറഞ്ഞാണ് മാംസം വാങ്ങിയത്. അതില്‍ കുതിര ഇറച്ചി കലരുമെന്നു സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കുന്നില്ലെന്നു ആന്‍ഡ്രൂ രോഷത്തോടെ പറയുന്നു.
ഗ്ലെന്‍ഗാരി വെസ്റ്റില്‍ താമസിക്കുന്ന ഗിപ്സ്ലാന്‍ഡ് സ്വദേശിയുടെ വളര്‍ത്തുനായക്ക് മാംസം കഴിച്ചതിനുശേഷം കടുത്ത കരള്‍ രോഗം ബാധിച്ചു. ഇതിനകം ചികിത്സയ്ക്കായി 5000 ഡോളര്‍ ചെലവഴിച്ചു. ഭക്ഷണം കഴിക്കാതിരിക്കുകയും മഞ്ഞപ്പിത്തം, തളര്‍ച്ച എന്നിവ ബാധിക്കുകയും ചെയ്തു. ദീര്‍ഘനാള്‍ ചികിത്സ വേണ്ടിവരും.
അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി കമ്പനിയും രംഗത്തെത്തി. മാംസ ഉല്‍പന്നങ്ങളില്‍ വിഷാംശം കണ്ടെത്തിയെന്ന വാര്‍ത്ത ഞെട്ടിച്ചതായി മാഫ്ര ഡിസ്ട്രിക്റ്റ് നാക്കറിയുടെ സഹ ഉടമയായ കാരെന്‍ ബാക്ക്മാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. ഇങ്ങനെയൊരു സംഭവം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. മറ്റൊരു സംസ്ഥാനത്തുനിന്നാണ് കുതിരകളെ വാങ്ങിയത്. അവിടെ വച്ചാകാം അവയുടെ ശരീരത്തിനുള്ളില്‍ വിഷം ചെന്നിട്ടുള്ളതെന്നും കാരെന്‍ ബാക്ക്മാന്‍ പറഞ്ഞു. ഇനി മുതല്‍ വിക്ടോറിയയിലെ മൃഗങ്ങളുടെ മാംസം മാത്രം ഉപയോഗിച്ചാല്‍ മതിയെന്നാണു കമ്പനിയുടെ തീരുമാനം. ഉല്‍പാദന പ്രക്രിയകളിലും മാറ്റം വരുത്തി. തങ്ങളുടെ ഉല്‍പന്നങ്ങള്‍ സുരക്ഷിതമാണ്. ഏറ്റവും മോശമായ കാര്യമാണ് സംഭവിച്ചത്. ഇത് ഇനി ഒരിക്കലും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.