കണ്ടാല്‍ ഉറങ്ങുകയാണെന്നു തോന്നും; 28000 വര്‍ഷം പഴക്കമുണ്ട് സൈബീരിയയില്‍ കണ്ടെത്തിയ സിംഹക്കുട്ടിക്ക്

കണ്ടാല്‍ ഉറങ്ങുകയാണെന്നു തോന്നും; 28000 വര്‍ഷം പഴക്കമുണ്ട് സൈബീരിയയില്‍ കണ്ടെത്തിയ സിംഹക്കുട്ടിക്ക്

മോസ്‌കോ: കണ്ടാല്‍ ഉറങ്ങുകയാണെന്നു തോന്നും. തൊട്ടാല്‍ ഇപ്പോള്‍ ചാടിയെണീറ്റ് അലറുമെന്നും. എന്നാല്‍ 28000 വര്‍ഷം പഴക്കമുണ്ട്. സൈബീരിയയില്‍ ഹിമമണ്ണില്‍ തണുത്തുറഞ്ഞ നിലയില്‍ കണ്ടെത്തിയ സിംഹക്കുട്ടിക്ക്. ചെമ്പന്‍ രോമങ്ങള്‍ ചെളി കൊണ്ട് മൂടിയിട്ടുള്ളതല്ലാതെ ശരീരത്തിന് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല. പല്ലുകള്‍, ചര്‍മ്മം, അവയവങ്ങള്‍, നഖങ്ങള്‍ എന്നിവ അതുപോലെയുണ്ട്.

മീശകള്‍ക്കു പോലും കേടുപാടു സംഭവിച്ചിട്ടില്ല. വംശനാശം സംഭവിച്ച സൈബീരിയന്‍ സിംബ എന്ന ഇനത്തില്‍പെട്ട സിംഹത്തിന് സ്പാര്‍ട്ടയെന്നാണ് ഗവേഷകര്‍ പേരു നല്‍കിയത്. സ്പാര്‍ട്ടയ്‌ക്കൊപ്പം 43,448 വര്‍ഷം പ്രായമുള്ള മറ്റൊരു സിംഹക്കുട്ടിയെയും കണ്ടെത്തി. ബോറിസ് എന്നാണ് ഇതിന് പേരു നല്‍കിയത്. 2017 ലും 2018 ലും റഷ്യയിലെ വിദൂര കിഴക്കന്‍ പ്രദേശത്തെ സെമ്യുലാഖ് നദിയുടെ തീരത്ത് വേട്ടക്കാരാണ് ഇവയെ കണ്ടെത്തിയത്.


ആദ്യം, രണ്ട് സിംഹക്കുട്ടികളും സഹോദരങ്ങളാണെന്ന് കരുതിയത്. കാരണം 15 മീറ്റര്‍ അകലത്തിലാണ് ഇവ കാണപ്പെട്ടത്. പക്ഷേ രണ്ടു ജീവികളും തമ്മില്‍ ഏകദേശം 15,000 വര്‍ഷം പ്രായത്തില്‍ വ്യത്യാസമുണ്ടെന്ന് കണ്ടെത്തി. റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗ് ഉപയോഗിച്ചുള്ള പഠനത്തില്‍, സിംഹക്കുട്ടിയായ ബോറിസിന് 43,448 വയസുണ്ട്. ഗുഹക്കുള്ളില്‍ മഞ്ഞില്‍ പൂണ്ടുകിടക്കുന്ന നിലയിലായിരുന്നു ഇവയുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗുഹാ സിംഹങ്ങളെന്നാണ് ഇവ അറിയപ്പെടുന്നത്.

'തണുത്തുറഞ്ഞ കാലാവസ്ഥയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും നന്നായി സംരക്ഷിക്കെപ്പട്ട മൃഗമാണ് സപാര്‍ട്ട. രോമങ്ങള്‍ അല്‍പ്പം പരുക്കനായി കാണപ്പെട്ടതല്ലാതെ അവയ്ക്ക് കൂടുതല്‍ കേടുപാടുകള്‍ വന്നിട്ടില്ലെന്നു സ്വീഡനിലെ സ്റ്റോക്ക്‌ഹോം സെന്റര്‍ ഫോര്‍ പാലിയോജെനെറ്റിക്‌സിലെ പരിണാമ ജനിതകശാസ്ത്ര പ്രൊഫസര്‍ ലവ് ഡാലന്‍ പറഞ്ഞു. സ്്പാര്‍ട്ടയുടെ മീശരോമങ്ങള്‍ നല്ല രീതിയില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ബോറിസിന്റെ ശരീരത്തിന് കുറച്ചുകൂടി കേടുപാടു സംഭവിച്ചിട്ടുണ്ട്.

രണ്ട് സിംഹക്കുഞ്ഞുങ്ങള്‍ക്കും ജീവന്‍ നഷ്ടപ്പെടുമ്പോള്‍ വെറും ഒന്നോ അല്ലെങ്കില്‍ രണ്ടോ മാസം മാത്രമാണ് പ്രായമുണ്ടായിരുന്നത്. എന്നാല്‍ രണ്ടു സിംഹക്കുട്ടികളും എങ്ങനെയാണ് ചത്തതെന്നു വ്യക്തമല്ല. വേട്ടക്കാര്‍ കൊലപ്പെടുത്തിയതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്ന് ലവ് ഡാലന്‍ പറഞ്ഞു.

അതേസമയം കമ്പ്യൂട്ടര്‍ സ്‌കാനിംഗില്‍ തലയോട്ടിക്ക് ക്ഷതം, വാരിയെല്ലുകള്‍ക്ക് സ്ഥാനചലനം, അസ്ഥികൂടങ്ങള്‍ക്ക് വികലത എന്നിവ കണ്ടെത്തി. ഒരുപക്ഷേ മണ്ണിടിച്ചിലിലാകാം അവ കൊല്ലപ്പെട്ടത്. അല്ലെങ്കില്‍ പെര്‍മാഫ്രോസ്റ്റില്‍ വിള്ളല്‍ വീണു സംഭവിച്ച അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരിക്കാം. സൈബീരിയയിലെയും ആര്‍ട്ടിക്കിലെയും മണ്ണിനൊപ്പം മഞ്ഞും ഇടകലര്‍ന്ന് ഉറച്ച് പോയ മേഖലകളെയാണ് പെര്‍മാഫ്രോസ്റ്റ് എന്നു വിളിക്കുന്നത്. എന്നന്നേയ്ക്കുമായി മരവിച്ചത് എന്നതാണ് ഈ പേരിലൂടെ സൂചിപ്പിക്കുന്നത്. മഞ്ഞിന്റെ ബലത്തില്‍ ഉറച്ചു നിന്നിരുന്ന ഭാഗങ്ങള്‍ അടര്‍ന്നു വീഴുമ്പോഴുള്ള അപകടത്തില്‍ അവയുടെ ജീവന്‍ നഷ്ടപ്പെട്ടിരിക്കാമെന്ന് ഡാലന്‍ പറഞ്ഞു.

ശീതക്കാറ്റും കാലാവസ്ഥയിലെ വേഗത്തിലുള്ള മാറ്റങ്ങളും കാഠിന്യമേറിയ തണുപ്പുമുള്ള അന്തരീക്ഷത്തില്‍ അവ എങ്ങനെ പൊരുത്തപ്പെട്ടുവെന്ന് വ്യക്തമല്ല. ആഫ്രിക്കന്‍ സിംഹത്തിന്റെ ചര്‍മവുമായി കണ്ടാല്‍ സാമ്യമുണ്ടെങ്കിലും ഒരുപോലെയല്ല. കണ്ടെത്തിയ സിംഹ കുഞ്ഞുങ്ങള്‍ക്ക് നീളമുള്ള കട്ടിയുള്ള രോമങ്ങളാണുള്ളത്. അത് തണുത്ത കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ സഹായിച്ചേക്കാമെന്നാണ് ഗവേഷരുടെ നിഗമനം.

പണ്ട്, ഹിമയുഗത്തില്‍ സൈബീരിയ ഇന്നത്തെപോലെ ശൂന്യമായ സ്ഥലമായിരുന്നില്ല. മാമോത്തുകള്‍, ചെന്നായ്ക്കള്‍, കരടികള്‍, കാണ്ടാമൃഗങ്ങള്‍, കാട്ടുപോത്ത് എന്നിവയെല്ലാം വ്യാപിച്ചുകിടന്നിരുന്നു.

വംശനാശം സംഭവിച്ച നിരവധി മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ ഈ മേഖലയില്‍ കണ്ടെത്തിയിട്ടുണ്ട്. മാമോത്തുകള്‍, വൂളി കാണ്ടാമൃഗം, കരടി, നായ്ക്കുട്ടി, സിംഹക്കുട്ടികള്‍ എന്നിവയെ പലപ്പോഴായി കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴും വേട്ടക്കാരാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്. മാമ്മോത്തുകളുടെ കൊമ്പിനു വേണ്ടിയുള്ള തെരച്ചിലിനാണ് വേട്ടക്കാര്‍ ഇവിടെയെത്തുന്നത്. ഹോസുകള്‍ ഉപയോഗിച്ച് അമിത മര്‍ദ്ദത്തിലുള്ള വെള്ളം പെര്‍മാഫ്രോസ്റ്റിലേക്ക് ഇരച്ചുകയറ്റി തുരങ്കങ്ങള്‍ ഉണ്ടാക്കിയാണ് അവശിഷ്ടങ്ങള്‍ തെരയുന്നത്. ഇവ മേഖലയിലെ പരിസ്ഥിതിക്ക് വലിയ ഭീഷണിയാണ് ഇത്തരത്തിലുള്ള ഖനനം ഉയര്‍ത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.