കുട്ടികൾക്ക് ജീവിത പരിശീലനകളരിയായി BEBF: ഷെവലിയർ ഡോ. മോഹൻ തോമസ് ഉത്‌ഘാടനം ചെയ്തു

കുട്ടികൾക്ക് ജീവിത പരിശീലനകളരിയായി BEBF: ഷെവലിയർ ഡോ. മോഹൻ തോമസ് ഉത്‌ഘാടനം ചെയ്തു

കുവൈറ്റ് സിറ്റി : സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഭാരതത്തിനു ബാലദീപ്തിയുടെ രജത ജൂബിലി സമ്മാനമായി കുവൈറ്റ് എസ്എംസിഎ- ബാലദീപ്തി ഏർപ്പെടുത്തിയ ബാലദീപ്തി എഡ്യൂക്കേഷണൽ ബെനവലന്റ് ഫണ്ട് പദ്ധതി വെള്ളിയാഴ്ച ഷെവലിയർ ഡോ. മോഹൻ തോമസ് ഉത്‌ഘാടനം ചെയ്തു. ചെറുപ്രായത്തിൽ നമ്മൾ കാണുകയും പരിശീലിക്കുകയും ചെയ്യുന്ന ദയയുടെ പാഠങ്ങൾ, ചുട്ട മുതൽ ചുടല വരെ നമ്മെ നയിക്കുമെന്നും അതുകൊണ്ടു തന്നെ ബാലദീപ്തിയുടെ എഡ്യൂക്കേഷണൽ ബെനവലന്റ് ഫണ്ട് എന്ന ജൂബിലി സമ്മാനം ഭാവിയുടെ മുതൽക്കൂട്ടാണെന്നും ഷെവലിയർ ഡോ. മോഹൻ തോമസ് പറഞ്ഞു. BEBF ന്റെ ഉദ്ദേശ ലക്ഷ്യങ്ങളുടെ മഹത്വം മനസിലാക്കുന്ന ഒരു അഭ്യുദയകാംഷി എന്ന നിലയിൽ ഈ സംരഭത്തിലേക്ക് അൻപതിനായിരം രൂപ തന്റെ പങ്കായി ചേർക്കുകയും ചെയ്തു.

ബാലദീപ്തി പ്രസിഡന്റ് നേഹ ജയ്‌മോൻ അധ്യക്ഷത വഹിച്ച ബാലദീപ്തിയുടെ രജത ജൂബിലി ഉൽഘാടന സമ്മേളനത്തിലാണ് BEBF പദ്ധതി രാജ്യത്തിന് സമർപ്പിച്ചത്. സമ്മേളനത്തിൽ ബാലദീപ്തി സെക്രട്ടറി ബ്ലെസ്സി ടി മാർട്ടിൻ സ്വാഗതവും ചീഫ് കോർഡിനേറ്റർ അനു ജോസഫ് പെരികിലേത്ത് നന്ദിയും പറഞ്ഞു.

ബാലദീപ്തി വോളന്റീയർമാർ ചാലക ശക്തികളായി പ്രവർത്തിക്കുന്ന ബാലദീപ്തി എഡ്യൂക്കേഷണൽ ബെനവലന്റ് ഫണ്ട് (BEBF) നൂറിലധികം പാവപെട്ട കുട്ടികളുടെ ജീവിതത്തിൽ മാത്രമല്ല, ഇതിൽ പ്രവർത്തിക്കുന്ന വോളന്റീയർമാരുടെ ജീവിതത്തിലും വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്നു. പാവപ്പെട്ട ഭാരതീയരായ കുട്ടികൾക്ക് പിന്തുണ നൽകുന്നു എന്ന രീതിയിലും രാജ്യത്തിൻറെ ഭാവിയെ തന്നെ നിയന്ത്രിക്കുവാൻ കെൽപ്പുള്ള സന്നദ്ധസേവന മനോഭാവമുള്ള പുതുതലമുറയെ വാർത്തെടുക്കുന്ന സംരംഭം എന്ന നിലയിലും രാജ്യത്തിന് വിലപ്പെട്ട ഒരു സമ്മാനമായി BEBF മാറുമെന്ന് ബാലദീപ്തിയുടെ ട്രഷറർ കുമാരി അമല സോണി ബാബു അവതരിപ്പിച്ച പദ്ധതി രൂപരേഖയിൽ പറയുന്നു

പദ്ധതി ഗുണഭോക്താക്കൾ
ഓരോ വോളന്റീയറും തങ്ങളുടെ ബന്ധുക്കളും മിത്രങ്ങളുമായ പത്തുവീതം ബെനഫാക്ടർമാരെ കണ്ടെത്തുകയും അവരിൽ നിന്ന് ആഴ്ച തോറും നൂറു ഫിൽസുവീതം കൈപ്പറ്റുകയും ചെയ്യും. ഇങ്ങനെ ആറു മാസം കൊണ്ട് കുറഞ്ഞത് 6 ലക്ഷം രൂപ എങ്കിലും കണ്ടെത്തി ഇന്ത്യക്കാരായ നൂറു കുട്ടികൾക്ക് വിദ്യാഭ്യാസ സഹായമായി വിനിയോഗിക്കാനാവും എന്നതാണ് പദ്ധതികൊണ്ട് വിഭാവനം ചെയ്യുന്നത്. ഇന്ത്യയിലോ കുവൈറ്റിലോ 1 മുതൽ 12 വരെ ക്ലാസ്സ്കളിൽ പഠിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുമൂലം പഠനം തുടരാനാവാത്ത കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

സാമൂഹ്യ സേവന പരിശീലനം
ഇതിലൂടെ സഹായധനമായി വിനിയോഗിക്കുന്ന പണത്തേക്കാൾ പതിന്മടങ്ങു മൂല്യമുള്ള പരിശീലനമാണ് ഈ പദ്ധതി ഇതിന്റെ വോളന്റീയർമാർക്കായി നൽകുന്നത്. സാമൂഹ്യ സേവന സന്നദ്ധത, പൗരബോധം എന്നിങ്ങനെ നഷ്ടപ്പെട്ടു തുടങ്ങിയ മൂല്യങ്ങൾക്ക് BEBFലൂടെ പരിശീലന വേദി ഒരുങ്ങും. പുസ്തകങ്ങളിലല്ല ജീവിത പാതയിലാണ് ഇവ കുട്ടികൾ മനസിലാക്കുന്നത് എന്നതാണ് BEBF ന്റെ പരിശീലന രീതിയുടെ പ്രത്യേകത. പദ്ധതികളുടെ പ്ലാനിംഗ്, നടത്തിപ്പ്, അവലോകനം, കണക്ക് സൂക്ഷിക്കൽ, പണം കൈകാര്യംചെയ്യൽ തുടങ്ങി ജീവിതത്തിൽ ഉത്തരവാദിത്വത്തോടെ നിർവഹിക്കേണ്ട കാര്യങ്ങളിൽ ചെറുപ്പത്തിൽ തന്നെ പരിശീലനം നൽകപ്പെടും. ഗുണഭോകതാക്കളുടെ ജീവിത സാഹചര്യങ്ങൾ അടുത്തതറിയുന്നതിലൂടെ സമ്പത്തിന്റെ സൂക്ഷമായ വിനിയോഗം, ആഡംബര ഭ്രമത്തിൽ നിന്നുള്ള മോചനം തുടങ്ങിയ വളരെ പ്രധാനപ്പെട്ട പല കാര്യങ്ങളും കുട്ടികൾ അറിയാതെ തന്നെ സംഭവിക്കും. വോളണ്ടിയർമാർക്കായി നടത്തുന്ന പരിശീലന ക്‌ളാസ്സുകളും ബാലദീപ്തി കോർഡിനേറ്റർമാരുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ നടത്തുന്ന മാസംതോറുമുള്ള റിപ്പോർട്ടിങ് മീറ്റിംഗുകളും ഈ പദ്ധതിയുടെ ഭാഗമായുണ്ട്. BEBF വോളന്റീയർമാർക്കു നൽകുന്ന പ്രത്യേക ബാഡ്ജ്, സർട്ടിഫിക്കറ്റ് എന്നിവ യൂണിവേഴ്സിറ്റികളിലും, അന്താരാഷ്ട്ര കമ്പനികളിലും സാമൂഹ്യ സേവന മനോഭാവത്തിനുള്ള വിലയേറിയ സാക്ഷ്യപത്രമായി ഉപയോഗപ്പെടുകയും ചെയ്യും.

ഇതിൽ വോളന്റീയർമാരായി ചേരാൻ ആഗ്രഹിക്കുന്ന കുവൈറ്റിലെ  ബാലദീപ്തി അംഗങ്ങൾ അതാതു ഏരിയ ബാലദീപ്തി കോർഡിനേറ്റർമാരുമായി ബന്ധപ്പെടുകയോ കുടുംബ യൂണിറ്റികളിൽ സർക്കുലേറ്റ് ചെയ്ത ഓൺലൈൻ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുകയോ ചെയ്യണമെന്ന്   ഭാരവാഹികൾ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.