ജീവന്റെ അപ്പമായ യേശുവിനെ ജീവിതത്തിന്റെ അനിവാര്യതയായി സ്വീകരിക്കണം: ഫ്രാന്‍സിസ് പാപ്പ

ജീവന്റെ അപ്പമായ യേശുവിനെ ജീവിതത്തിന്റെ അനിവാര്യതയായി സ്വീകരിക്കണം: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: നമുക്ക് നിത്യജീവന്‍ ലഭിക്കാനായി സ്വയം അപ്പമായിത്തീര്‍ന്ന യേശുവിനെ ജീവിതത്തിന്റെ അനിവാര്യതയായി സ്വീകരിക്കാന്‍ നമുക്കു കഴിയണമെന്നു ഫ്രാന്‍സിസ് പാപ്പ. യേശു മാത്രമാണ് നമ്മുടെയുള്ളിലെ ആത്മാവിനെ പരിപോഷിപ്പിക്കുന്നതും ഭൂമിയിലെ ജീവിതം അവസാനിക്കുമ്പോള്‍ നിത്യജീവന്‍ പ്രദാനം ചെയ്യുന്നതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച ദിവ്യബലിക്കു ശേഷം ത്രികാല പ്രാര്‍ത്ഥനാ വേളയില്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ തീര്‍ഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ

ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥത്തിലെ യോഹന്നാന്റെ സുവിശേഷം ആറാം അധ്യായം 41-51 വരെയുള്ള വാക്യങ്ങളാണ് പാപ്പ വിചിന്തനത്തിനു വിധേയമാക്കിയത്. യേശു സ്വയം ജീവന്റെ അപ്പമെന്നു പ്രഖ്യാപിച്ച സുവിശേഷ ഭാഗമായിരുന്നു അത്.

മരുഭൂമിയിലെ യാത്രാവേളയില്‍ പൂര്‍വ്വ പിതാക്കന്മാര്‍ക്ക് ദൈവം ഭക്ഷണമായി സ്വര്‍ഗത്തില്‍നിന്നു മന്ന നല്‍കിയതിനെക്കുറിച്ച് യേശു വാചാലനായി. 'ഞാന്‍ ജീവന്റെ അപ്പം' എന്ന് പറഞ്ഞുകൊണ്ട് യേശു സ്വയം വെളിപ്പെടുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിന് അത്യാവശ്യവും അനിവാര്യവുമാണിത്. യേശു മാത്രമാണ് 'ആത്മാവിനെ പരിപോഷിപ്പിക്കുന്നത്. നമ്മുടെ വീഴ്ചകളില്‍ നമ്മോട് ക്ഷമിക്കുന്നത് അവിടുന്ന് മാത്രമാണ്. യേശു എപ്പോഴും നമുക്കൊപ്പം ആയിരിക്കുന്നു. ആത്മാവിന് കരുത്തും ഹൃദയത്തിന് സമാധാനവും നല്‍കുന്നു. ഭൂമിയിലെ ജീവിതം അവസാനിക്കുമ്പോള്‍ നിത്യജീവന്‍ നല്‍കാന്‍ കഴിയുന്നത് അവിടുത്തേയ്ക്കു മാത്രമാണ്.

ജീവന്റെ അപ്പം എന്നത് യേശുവിന്റെ ഏറ്റവും മനോഹരമായ പ്രതിച്ഛായയാണ്. അവിടുത്തെ അസ്തിത്വവും ദൗത്യവും അതില്‍ സംഗ്രഹിക്കുന്നു. അന്ത്യഅത്താഴത്തില്‍ ഇതു പൂര്‍ണ്ണമായി പ്രകടമാകും. ജനത്തിന് ഭക്ഷണം മാത്രമല്ല അവിടുന്ന് നല്‍കുന്നത്, മറിച്ച് തന്നെത്തന്നെ നല്‍കുകയാണ്. സ്വന്തം ജീവനും മാംസവും ഹൃദയവും നമുക്കായി നല്‍കുകയാണ്, നമുക്ക് നിത്യജീവന്‍ ലഭിക്കാന്‍.

ഞാന്‍ ജീവന്റെ അപ്പമാകുന്നു-കര്‍ത്താവിന്റെ ഈ വാക്കുകള്‍ വിശുദ്ധ കുര്‍ബ്ബാനയെന്ന ദാനത്തെക്കുറിച്ചുള്ള വിസ്മയം നമ്മില്‍ ഉണര്‍ത്തുന്നു.
ജീവന്റെ അപ്പമായി യേശു നമുക്ക് സ്വയം ഭക്ഷണമായിത്തീരുന്നു. ആരാധനയിലൂടെ ഈ വിസ്മയം ശക്തിപ്പെടുന്നു.

അതേസമയം, സുവിശേഷ ഭാഗത്തില്‍ ജനം ആശ്ചര്യപ്പെടുന്നതിനുപകരം യേശുവിന്റെ പ്രഖ്യാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്നതായി കാണാം. അവര്‍ക്കറിയാവുന്ന യേശുവിന് താന്‍ ജീവന്റെ അപ്പമാണെന്ന് എങ്ങനെ പ്രഖ്യാപിക്കാന്‍ കഴിയും എന്ന് ആശ്ചര്യപ്പെടുന്നു. യഹൂദന്മാര്‍ അവനെക്കുറിച്ചു പിറുപിറുക്കുന്നു. നമ്മുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാതെ, സ്വര്‍ഗത്തില്‍ മാത്രമിരിക്കുന്ന ദൈവം കൂടുതല്‍ സൗകര്യപ്രദമായിരിക്കുമെന്ന മനോഭാവം നമുക്കും ചിലപ്പോള്‍ ഉണ്ടാകാമെന്ന് മാര്‍പ്പാപ്പ ഓര്‍മിപ്പിച്ചു. എന്നാല്‍ യേശുവാകട്ടെ, ഈ ലോകത്തിന്റെ മൂര്‍ത്തമായ യാഥാര്‍ഥ്യത്തിലേക്ക് പ്രവേശിക്കാന്‍ മനുഷ്യനായി ഇറങ്ങിവന്നു. നമ്മുടെ ജീവന്റെ ഭാഗമായിത്തീരാന്‍ അവന്‍ മനുഷ്യനായിത്തീര്‍ന്നു. നമുക്ക് ആവശ്യമുള്ളപ്പോള്‍ മാത്രം മറ്റൊരു ലോകത്തുനിന്ന് വിളിക്കപ്പെടാന്‍ അവിടുന്ന് ആഗ്രിക്കുന്നില്ല. അങ്ങനെ വേര്‍തിരിക്കപ്പെടാന്‍ അവിടുന്ന് ആഗ്രഹിക്കുന്നുമില്ല. സ്‌നേഹവാനായ യേശു നമ്മോടുള്ള ഉറ്റബന്ധമാണ് ആഗ്രഹിക്കുന്നതെന്നു പാപ്പാ പറഞ്ഞു.

അത്താഴത്തിനായി കുടുംബേത്താടൊപ്പം ഇരിക്കുമ്പോള്‍, അപ്പം മുറിക്കുന്നതിന് മുന്‍പായി, ജീവന്റെ അപ്പമായ യേശുവിനെ നമ്മുടെ വീട്ടിലേക്കു ക്ഷണിക്കാനും അവിടുത്തെ അനുഗ്രഹത്തിനായി ചോദിക്കാനും നമുക്ക് കഴിയണം. ലാളിത്യത്തോടെയും ആത്മവിശ്വാസത്തോടെയും നമുക്ക് പ്രാര്‍ഥിക്കാം. യേശു നമ്മോടൊപ്പം വിരുന്നിനിരിക്കുകയും ഏറ്റവും സ്‌നേഹത്തോടെ നമ്മുടെ വിശപ്പടക്കുകയും ചെയ്യും.

ജീവന്റെ അപ്പമായ യേശുവുമായുള്ള സൗഹൃദത്തില്‍ അനുദിനം വളരാന്‍ മറിയം നമ്മെ സഹായിക്കട്ടെ എന്ന് പറഞ്ഞ് മാര്‍പാപ്പ സന്ദേശം അവസാനിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.