നിര്‍ണായക വിധികളിലൂടെ ശ്രദ്ധേയനായ ജസ്റ്റിസ് നരിമാന്‍ വിരമിച്ചു

നിര്‍ണായക വിധികളിലൂടെ ശ്രദ്ധേയനായ ജസ്റ്റിസ് നരിമാന്‍ വിരമിച്ചു

ന്യുഡല്‍ഹി: ജസ്റ്റിസ് റോഹിന്‍ടന്‍ ഫാലി നരിമാന്‍ സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ചു. വ്യാഴാഴ്ചയാണ് അദ്ദേഹത്തിന്റെ സേവനം പൂര്‍ത്തിയായത്. സുപ്രീം കോടതിക്ക് നഷ്ടമായത് സിംഹങ്ങളിലൊന്നിനെയാണെന്ന് ചീഫ് ജസ്റ്റിസ് ആര്‍ വി രമണ പറഞ്ഞു. ജുഡീഷ്യല്‍ സംവിധാനത്തെ സംരക്ഷിക്കുന്ന സിംഹങ്ങളിലൊന്നിനെ നഷ്ടപ്പെട്ടതുപോലെയാണ് തനിക്ക് തോന്നുന്നത്. അദ്ദേഹത്തിന്റെ അറിവും പാണ്ഡിത്യവും ബുദ്ധിയും നമുക്ക് നഷ്ടമാകുന്നു. ശക്തമായ നിയമസംവിധാനത്തിന്റെ തൂണായിരുന്നു. എപ്പോഴും ശരിക്കൊപ്പമാണ് അദ്ദേഹം നിന്നിട്ടുള്ളതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജഡ്ജിമാരുടെ നിയമനത്തില്‍ യോഗ്യതയായിരിക്കണം പ്രധാന മാനദണ്ഡമാകേണ്ടതെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ ജസ്റ്റിസ് റോഹിന്‍ടന്‍ നരിമാന്‍ പറഞ്ഞു. മികച്ച നീതി നിര്‍വഹണമാണ് രാജ്യത്തെ ജനങ്ങള്‍ സുപ്രീംകോടതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി അങ്കണത്തിലാണ് അദ്ദേഹത്തിന് യാത്രയയപ്പ് ഒരുക്കിയത്.

സോളിസിറ്റര്‍ ജനറലായിരുന്ന നരിമാനെ 2014ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നത്. 37ാമത്തെ വയസ്സില്‍ തന്നെ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനായിരുന്നു. പ്രശസ്ത അഭിഭാഷകന്‍ ഫാലി നരിമാനാണ് പിതാവ്. ശബരിമല യുവതീപ്രവേശനം, വിവാദമായ 66എ നിയമം അസാധുവാക്കല്‍, സ്വവര്‍ഗ ലൈംഗികത കുറ്റമല്ലാതക്കല്‍, മുത്തലാഖ് നിരോധനം തുടങ്ങിയ ചരിത്രപ്രധാനമായ വിധി പുറപ്പെടുവിപ്പിച്ച ബെഞ്ചിലെ അംഗമായിരുന്നു നരിമാന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.