ഇവാങ് (ദക്ഷിണ കൊറിയ): കൈക്കൂലി നല്‍കിയതിനും നികുതിവെട്ടിപ്പിനും ശിക്ഷിക്കപ്പെട്ട സാംസങ് ഇലക്ട്രോണിക്‌സ് വൈസ് ചെയര്‍മാന്‍ ലീ ജേ യോംഗിനെ ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ പ്രത്യേക ഉത്തരവിലൂടെ പരോളില്‍ ജയിലില്‍ നിന്ന് ഇറക്കി. ലീയെ മോചിപ്പിക്കാനുള്ള തീരുമാനം ദേശീയ താല്‍പ്പര്യപ്രകാരമാണെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ മെമ്മറി ചിപ്പ്, സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ കമ്പനികളിലൊന്നായ സാംസങ്ങിന്റെ നിയുക്ത മേധാവി കൂടിയായ ലീ ഇല്ലാത്തതിനാല്‍ പ്രധാന തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കുന്നില്ലെന്ന ഉത്കണ്ഠയ്ക്കിടെ അദ്ദേഹത്തിന്റെ പരോളിനായുള്ള പൊതുജന ആവശ്യം ഉയര്‍ന്നിരുന്നു. അതേസമയം, രാജ്യത്തെ ബിസിനസ്സ് വരേണ്യ വര്‍ഗത്തോടുള്ള സൗമ്യതയുടെ മറ്റൊരു അടയാളമാണ് വഴി വിട്ട പരോള്‍ തീരുമാനമെന്നും അതിലൂടെ നീതിന്യായ വ്യവസ്ഥ ദുര്‍ബലപ്പെടുമെന്നുമുള്ള ആക്ഷേപവും ശക്തം.
സാംസംഗ് സ്ഥാപകന്റെ കൊച്ചു മകനാണ് ലീ ജേ യോംഗ്. 2014 മുതലാണ് അനന്തരാവകാശി എന്ന നിലയില്‍ ലീ കമ്പനിയുടെ മേധാവിയായി മാറിയത്. ഏകദേശം 200 കോടി രൂപയോളം വരുന്ന തുക രണ്ടു സന്നദ്ധ സംഘടകള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി നല്‍കിയെന്നതാണ് ലീയെ കുടുക്കിയ പ്രധാന കേസ്. മുന്‍ പ്രസിഡന്റിന്റെ ബന്ധു നടത്തുന്ന സംഘടനയ്ക്ക് നല്‍കിയ പണം രാഷ്ട്രീയപരമായി വഴിവിട്ട സഹായം ലഭിക്കാനായിരുന്നെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.മുന്‍ പ്രസിഡന്റ് പാര്‍ക് ഗുയാനും ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്.
18 മാസം മുമ്പ് തടവിലാക്കപ്പെട്ടതിനേക്കാള്‍ മെലിഞ്ഞ ശരീരവുമായാണ് ഇരുണ്ട ചാരനിറത്തിലുള്ള സ്യൂട്ട് ധരിച്ച് 53 കാരനായ ലീ സിയോള്‍ ഡിറ്റന്‍ഷന്‍ സെന്ററിന് പുറത്ത് പ്രത്യക്ഷപ്പെട്ടത്.30 മാസത്തെ ശിക്ഷയാണ് വിധിച്ചിരുന്നത്.'ഞാന്‍ ജനങ്ങളില്‍ വളരെയധികം ഉത്കണ്ഠയുണ്ടാക്കി.അങ്ങേയറ്റം ക്ഷമ ചോദിക്കുന്നു,' ലീ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'എന്നെക്കുറിച്ചുള്ള ആശങ്കകളും വിമര്‍ശനങ്ങളും ആശങ്കകളും ഉയര്‍ന്ന പ്രതീക്ഷകളും ഞാന്‍ ശ്രദ്ധിക്കുന്നു. ഞാന്‍ കഠിനാധ്വാനം ചെയ്യും.'ഇത്രയും പറഞ്ഞ ശേഷം അദ്ദേഹം സാംസങ് ആസ്ഥാനത്തേക്ക് പോയി.
രാജ്യത്തിന്റെ സാമ്പത്തിക വിജയത്തില്‍ സാംസങ് വഹിച്ചു വരുന്ന പങ്ക് അറിയാമെങ്കിലും പൊതുവേ ദക്ഷിണ കൊറിയക്കാര്‍ക്ക് സ്ഥാപക കുടുംബവുമായി അത്ര മമതയല്ല ഉള്ളത്. 'വൈസ് ചെയര്‍മാന്‍ ജയ് വൈ ലീയുടെ പരോളിനെ പിന്തുണയ്ക്കുന്നതും എതിര്‍ക്കുന്നതുമായ അഭിപ്രായങ്ങള്‍ ഉണ്ടെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. എതിര്‍ക്കുന്ന ആളുകളുടെ കാഴ്ചപ്പാടുകളും ശരിയാണ്,' മൂണിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.'മറുവശത്ത്, ഈ കടുത്ത പ്രതിസന്ധിയില്‍ അദ്ദേഹത്തിന്റെ പരോളിന് ആഹ്വാനം ചെയ്ത ധാരാളം ആളുകള്‍ ഉണ്ടായിരുന്നു.സെമി കണ്ടക്ടര്‍ നിര്‍മ്മാണവും വാക്‌സിനുകളുമായി ബന്ധപ്പെട്ട് അദ്ദേഹം രാജ്യത്തെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.