ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ രക്ഷണമാതാവിന്റെ ഐക്കൺ ശ്രദ്ധയാകർഷിക്കുന്നു

ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ രക്ഷണമാതാവിന്റെ ഐക്കൺ ശ്രദ്ധയാകർഷിക്കുന്നു

ചങ്ങനാശ്ശേരി:  മെത്രാപ്പോലീത്തൻ ദേവാലയമധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാൾ ആചരിക്കുന്നവേളയിൽ കൊച്ചുപള്ളിയിൽ പുതുതായി പ്രതിഷ്ഠിച്ച പരി. മാതാവിന്റെ ഐക്കൺ ശ്രദ്ധാകേന്ദ്രമാകുന്നു. റോമിലെ മരിയ മേജർ ബസിലിക്കയിലെ പുരാതനപ്രസിദ്ധമായ "റോമൻ ജനതയുടെ സംരക്ഷക" എന്നറിയപ്പെടുന്ന ഐക്കൺന്റെ പകർപ്പാണ് ഇത്.

മരപ്പണിക്കാരനായ മാർ യൗസേപ്പിന്റെ പണിപ്പുരയിൽ ദൈവപുത്രനായ ഈശോ പണിത ഒരു മേശയുണ്ടായിരുന്നെന്നും പരിശുദ്ധ കന്യകാമറിയം ഈശോയുടെ ശിഷ്യനായ യോഹന്നാന്റെകൂടെ എഫേസൂസിലേയ്ക്ക് താമസം മാറ്റിയപ്പോൾ ഇതുംകൂടി കൊണ്ടുപോയെന്നും മേശയുടെ ദേവദാരുപ്പലകയിൽ സുവിശേഷകനായ വിശുദ്ധ ലൂക്കാ ഈ ഐക്കൺ വിരരിച്ചുവെന്നുമാണ് പരമ്പരാഗതവിശ്വാസം.

ഈ ചിത്രം നാലാം നൂറ്റാണ്ടിൽ വിശുദ്ധ ഹെലനാരാജ്ഞി ജെറുസലേമിൽനിന്ന് കണ്ടെടുത്തുവെന്നും പിന്നീട് അത് കോൺസ്റ്റാന്റിനോപ്പിളി യിലേയ്ക്കും ഗ്രീസിലേയ്ലേക്കും; ഒടുവിൽ എ.ഡി. 590 ൽ ഗ്രിഗറി ഒന്നാമൻ മാർപ്പാപ്പായുടെ കാലത്ത് റോമിലേയ്ക്കും കൊണ്ടുപോയി എന്നുമാണ് ചരിത്രം. റോമിലെ പരിശുദ്ധ മാതാവിന്റെ വലിയ ദേവാലയത്തിൽ പ്രതിഷ്ഠിച്ച ഐക്കൺ അവിടെ പകർച്ചവ്യാധികളും യുദ്ധങ്ങളും ഉണ്ടാകുമ്പോൾ പ്രദക്ഷിണമായി കൊണ്ടുപോവുകയും വിശ്വാസികൾ പ്രാർത്ഥിച്ച് അനുഗ്രഹങ്ങൾ പ്രാപിക്കുകയും ചെയ്തിരുന്നു.

AD 590 ൽ ഗ്രിഗറി ഒന്നാമൻ മാർപ്പാപ്പായും 1837 ൽ ഗ്രിഗറി പതിനാറാമൻ മാർപ്പാപ്പായും, കൊറോണാവ്യാധിയുടെ സമീപകാലത്ത് 2020 മാർച്ച്‌ 27 ന്, ഫ്രാൻസിസ് മാർപ്പാപ്പായും ഈ അത്ഭുത ഐക്കൺ പ്രതിഷ്ഠിച്ചു പ്രാർത്ഥിക്കുകയുണ്ടായി. 1871 ലെ "ലെ പാന്തോ" യുദ്ധത്തിൽ ഓട്ടോമാൻ തുർക്കികൾക്കെതിരെ റോമൻ ജനത വിജയിച്ചത് ഈ അത്ഭുതമാതാവിന്റെ അനുഗ്രഹത്താലാണെന്ന് അവർ വിശ്വസിക്കുന്നു. റോമാ മാർപ്പാപ്പാമാർ വിദേശരാജ്യങ്ങൾ സന്ദർശിക്കുന്നതിനു മുമ്പും പിമ്പും ഈ അത്ഭുത ഐക്കണിന്റെ മുമ്പിൽ പ്രാർത്ഥിക്കുക പതിവാണ്.

സുവിശേഷം കയ്യിലേന്തിയ ഉണ്ണീശോയെ ചേർത്തുപിടിച്ചിരിക്കുന്ന മാതാവിന്റെ ഐക്കൺന്റെ മുകളിൽ 'ദൈവമാതാവ്' എന്നതിന്റെ ആദ്യാക്ഷരങ്ങൾ ഗ്രീക്കിൽ രേഖപ്പെടുത്തിയിരിക്കുന്നു. ദൈവകൃപ സൂചിപ്പിക്കുന്ന ചുവന്ന വസ്ത്രമാണ് മറിയം ധരിച്ചിരിക്കുന്നത്. അതിന്മേൽ രാജകീയമഹത്ത്വത്തെ സൂചിപ്പിച്ചുകൊണ്ട് സ്ലീവാമുദ്ര ചാർത്തിയ സ്വർണ്ണക്കരയുള്ള അഗാധനീല മേൽവസ്ത്രവും ഉണ്ട്. ഇത് ദിവ്യരഹസ്യങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ച മറിയത്തിന്റെ ധ്യാനാത്മകതയെ ദ്യോതിപ്പിക്കുന്നു. തന്റെ രാജ്ഞിപദത്ത സൂചിപ്പിച്ചുകൊണ്ട് മറിയം വലതു കൈവിരലിൽ മോതിരം അണിഞ്ഞിരിക്കുന്നു. ഇടംകയ്യിലെ നീലത്തൂവാലയും മറിയത്തിന്റെ ഉന്നതപദവിയെ സൂചിപ്പിക്കുന്നു. കരങ്ങളുയർത്തി അനുഗ്രഹിക്കുന്ന ഉണ്ണീശോയുടെ പക്കൽ വരുന്നവരെ പരി. മറിയം കടാക്ഷിക്കുകയും ചെയ്യുന്നതായി ഐക്കണിൽ കാണാം. പ്രസിദ്ധ ഐക്കൺ ചിത്രകാരനായ ഷാജി പുന്നശ്ശേരി ആണ് ഇതു വിരചിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26