ഭക്ഷണം കാത്തിരിക്കുന്ന വാനരന്മാർ

ഭക്ഷണം കാത്തിരിക്കുന്ന വാനരന്മാർ

കൊടൈക്കനാലിൽ സ്ഥിതിചെയ്യുന്ന ലാസലെറ്റ് മാതാവിൻ്റെ തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ. ഞങ്ങളുടെ വാഹനം പതിയെ ചുരം കയറുകയായിരുന്നു. റോഡിൻ്റെ ഇടതു വശത്ത് ഡാമും മലനിരകളും കോടമഞ്ഞിന്നിടയിലൂടെ ഭൂമിയെ പുൽകാൻ വെമ്പൽകൊള്ളുന്ന സൂര്യകിരണങ്ങളുമെല്ലാം മനോഹരമായ കാഴ്ചയായിരുന്നു. പെട്ടന്നാണ് ഒരു കൂട്ടം വാനരന്മാർ പാതയോരത്തിരുന്ന് മാമ്പഴം തിന്നുന്ന കാഴ്ച ശ്രദ്ധയിൽ പെട്ടത്. വഴിയിലെങ്ങും ഒരു മാവു പോലും ഇല്ലാതിരിക്കെ കുരങ്ങന്മാർക്ക് എങ്ങനെ മാമ്പഴം കിട്ടി എന്ന ചിന്തയായിരുന്നു മനസിൽ. ആ സംശയത്തിന് വിരാമം കുറിച്ചുകൊണ്ട് ഞങ്ങൾക്കു മുമ്പിൽ ഒരു പിക്കപ്പ് വാൻ ദൃശ്യമായി. മാമ്പഴങ്ങൾ നിറച്ച ആ വാഹനത്തിൽ നിന്നും അതിൻ്റെ ഡ്രൈവർ വഴിയോരത്തിരിക്കുന്ന വാനരന്മാർക്ക് മാമ്പഴം നൽകുന്ന മനോഹരമായ കാഴ്ച ഞങ്ങളുടെ മനസുകളെ കുളിരണിയിപ്പിച്ചു. മുകളിലേക്കുള്ള യാത്രാമധ്യേ പാതയോരത്തെല്ലാം ആരുടെയോ വരവിനായ് കാത്തിരിക്കുന്ന വാനരക്കൂട്ടങ്ങൾ ദൃശ്യമായിരുന്നു. അവ കാത്തിരിക്കുന്നത് ഭക്ഷണവുമായി വരുന്ന ആ നല്ല മനുഷ്യനെയാണെന്ന് ഞങ്ങൾക്കുറപ്പായിരുന്നു. ഒരു വ്യക്തിയുടെ പുണ്യമോ ഗവൺമെൻ്റിൻ്റെ ക്രമീകരണമോ എന്തു തന്നെയായാലും നന്മ നിറഞ്ഞ പ്രവൃത്തി കണ്ടതിൻ്റെ ചാരിതാർത്ഥ്യമായിരുന്നു മനം നിറയെ. "നല്ല മനുഷ്യന്‍ തന്റെ ഹൃദയത്തിലെ നല്ല നിക്‌ഷേപത്തില്‍നിന്നു നന്‍മ പുറപ്പെടുവിക്കുന്നു. ചീത്ത മനുഷ്യന്‍ തിന്‍മയില്‍ നിന്നു തിന്‍മ പുറപ്പെടുവിക്കുന്നു" (ലൂക്കാ 6 : 45) എന്ന ക്രിസ്തു വചനം ഇവിടെ അന്വർത്ഥമാകുന്നു. നന്മകളുടെ അനന്ത സാധ്യതയുള്ളവരാണ് ഓരോ വ്യക്തിയും. ചിന്തയിലും വാക്കിലും പ്രവൃത്തിയിലുമെല്ലാം അവ പ്രകടമാകുമ്പോൾ മാത്രമെ നമ്മിലെ നന്മ മരങ്ങൾ ഫലം ചൂടൂ എന്ന യാഥാർത്ഥ്യം മറക്കാതിരിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.