കാബൂള്‍: അഫ്ഗാനിലെ ഭൂരിഭാഗം പേരും സംസാരിക്കുന്ന ദരി, പഷ്‌ത്തോണ്‍ ഉള്‍പ്പെടെയുള്ള അമ്പതോളം ഭാഷാ ഭേദങ്ങളിലെല്ലാം താലിബാന്‍ എന്ന വാക്കിനര്‍ത്ഥം 'വിദ്യാര്‍ത്ഥികള്‍' എന്നാണ്. പക്ഷേ, കല്ലേപ്പിളര്‍ക്കുന്ന മതനിയമത്തിന്റെ കര്‍ശനമായ വ്യാഖ്യാനം അടിച്ചേല്‍പ്പിക്കുന്ന ഇസ്ലാമിക തീവ്രവാദി സമൂഹത്തിന് നിലവിലുള്ള വിദ്യാര്‍ത്ഥി ബന്ധം പേരില്‍ മാത്രം. അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട് 20 വര്‍ഷത്തെ പ്രവാസത്തിനു ശേഷം പോരാട്ടത്തിലൂടെ തിരിച്ചെത്തിയ താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനിസ്ഥാന്റെ ജീവിതത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന ഭീതിയാണ് വ്യാപകമായുള്ളത്.
ശീതയുദ്ധത്തിന്റെ കാലഘട്ടത്തില്‍ 1990-കളുടെ തുടക്കത്തിലാണ് താലിബാന്‍ രൂപപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശത്തിനെതിരെ ഒരു പതിറ്റാണ്ടോളം കാലം അഫ്ഗാന്‍ മുജാഹിദീന്‍ അഥവാ ഇസ്ലാമിക ഗറില്ല പോരാളികള്‍ യുദ്ധം ചെയ്തു. 1970 കളിലും 1980 കളിലും അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് സൈന്യത്തോട് പോരാടിയ യുഎസ് പിന്തുണയുള്ള മുജാഹിദിന്‍, മൗലികവാദ ഇസ്ലാമിക ഗറില്ലാ പോരാളികളില്‍ നിന്നാണ് താലിബാന്‍ ഗ്രൂപ്പിന്റെ ഉത്ഭവം.
രാജ്യത്ത് ഉടലെടുത്ത പ്രതിസന്ധി നിറഞ്ഞ സാഹചര്യം താലിബാന്റെ ഉദയത്തിന് വളക്കൂറുള്ള മണ്ണൊരുക്കി. 1990-കളുടെ തുടക്കത്തില്‍ ഉത്തര പാകിസ്ഥാനില്‍ സൗദി അറേബ്യയുടെ സാമ്പത്തിക പിന്തുണയില്‍ പ്രവര്‍ത്തിച്ചുവന്ന മദ്രസകളിലാണ് താലിബാന്‍ ആദ്യമായി രൂപം കൊള്ളുന്നത് എന്ന് കരുതപ്പെടുന്നു. അവരില്‍ പലരും സോവിയറ്റിനെതിരെ പോരാട്ടം നടത്തിയ മുജാഹിദീന്‍ സംഘത്തില്‍ ഉള്‍പ്പെട്ടവരായിരുന്നു.
താലിബാന്‍ അധികാരം ഏകീകരിക്കുകയും ഒരു ആഭ്യന്തരയുദ്ധത്തില്‍ പ്രദേശം പിടിച്ചെടുക്കാന്‍ തുടങ്ങുകയും ചെയ്തു. ഇത് പ്രാദേശിക സൈനികരുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സേന ചെറുത്തെങ്കിലും 1996 ആയപ്പോഴേക്കും തീവ്രവാദികള്‍ കാബൂളില്‍ ആക്രമണം നടത്തി, അന്നത്തെ പ്രസിഡന്റിനെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതനാക്കി. അതോടെ രാജ്യത്തുടനീളം താലിബാന്‍ ഭരണം ആരംഭിച്ചു.എന്നിരുന്നാലും, രാജ്യത്തിന്റെ ഒരു ചെറിയ ഭാഗം താലിബാന്റെ നിയന്ത്രണത്തിന് പുറത്തായിരുന്നു.
അന്താരാഷ്ട്ര സമൂഹത്തില്‍ ഭൂരിഭാഗവും നിയമാനുസൃതമായ ഒരു സര്‍ക്കാരായി താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കാന്‍ വിസമ്മതിച്ചു.അവരുടെ ക്രൂരമായ ഭരണത്തില്‍ എതിരാളികളെ കൂട്ടക്കൊല ചെയ്തു, തീവ്രവാദ ആക്രമണങ്ങള്‍ നടത്തി. അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളെ, അക്രമാസക്തമായ ശിക്ഷകള്‍ക്കു വിധേയമാക്കി. പൗരാണിക ഇടങ്ങള്‍ നശിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള സാംസ്‌കാരിക ക്രൂരതകള്‍ അസംഖ്യം അരങ്ങേറി. തുടര്‍ന്നാണ് 2001 സെപ്റ്റംബര്‍ 11 ന് അമേരിക്കയ്ക്കെതിരായ ആക്രമണത്തിന് ശേഷം താലിബാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ പാശ്ചാത്യ ശക്തികള്‍ നീക്കം ശക്തമാക്കിയത്.
ആക്രമണങ്ങള്‍ നടത്തിയ ഒസാമ ബിന്‍ ലാദനും അയാളുടെ അല്‍ ഖ്വയ്ദ ഭീകര സംഘടനയ്ക്കും താലിബാന്‍ അഭയം നല്‍കുന്നത് തടയാന്‍ യുഎസ്, ഓസ്‌ട്രേലിയ പങ്കാളിത്തമുള്ള പാശ്ചാത്യ സൈന്യം സംയുക്തമായി രംഗത്തിറങ്ങി ആക്രമിച്ചു. താലിബാനുകള്‍ അധികാരത്തില്‍ നിന്ന് പെട്ടെന്ന് അട്ടിമറിക്കപ്പെട്ടു. പക്ഷേ ക്രൂരമായ 20 വര്‍ഷത്തെ ഗറില്ലാ യുദ്ധം നടത്തിപ്പോന്നു ഭീകര പ്രസ്ഥാനം.സര്‍ക്കാര്‍ സൈന്യം അഫ്ഗാനിസ്ഥാനിലെ നഗരങ്ങളെ നിയന്ത്രിക്കുമ്പോള്‍, താലിബാന്‍ കൂടുതല്‍ വിദൂര പ്രദേശങ്ങളില്‍ വേരു പടര്‍ത്തി. രാജ്യത്തിന്റെ തെക്കും കിഴക്കുമുള്ള പഷ്തൂണ്‍ ഗോത്രങ്ങളില്‍ നിന്ന് അവര്‍ മനുഷ്യശക്തി ആകര്‍ഷിച്ചു.ഈയടുത്ത മാസങ്ങളില്‍ അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചതിന് ശേഷമാണ് താലിബാന്‍ വലിയ മുന്നേറ്റം നടത്തിയത്. പരിമിതമായ ചെറുത്തുനില്‍പ്പിന്റെ പശ്ചാത്തലത്തില്‍ താലിബാന്‍ പോരാളികള്‍ രാജ്യമെമ്പാടും വിഹരിച്ചു.
താലിബാന്റെ സ്ഥാപകനും യഥാര്‍ത്ഥ നേതാവുമായ മുല്ല മുഹമ്മദ് ഒമര്‍ അമേരിക്കന്‍ ആക്രമണത്തിനു ശേഷം ഒളിവില്‍ പോയി. 2013 ല്‍ മുല്ല മുഹമ്മദ് ഒമര്‍ മരിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് അക്കാര്യം മകന്‍ അനുയായികളെ അറിയച്ചത്. താലിബാനെ നിലവില്‍ നയിക്കുന്നത് അതിന്റെ പരമോന്നത നേതാവായ ഹിബത്തുല്ല അഖുന്‍സാദയാണ്.യുഎസിലെ വെസ്റ്റ് പോയിന്റ് മിലിറ്ററി അക്കാദമിയിലെ കോംബാറ്റിംഗ് ടെററിസം സെന്റര്‍ പറയുന്നതനുസരിച്ച്, താലിബാന് ഏകദേശം 60,000 യഥാര്‍ത്ഥ പോരാളികളുണ്ട്. പുറമേ സഖ്യകക്ഷികളും പ്രാദേശിക സേനാ അംഗങ്ങളും സഹായത്തിനും.
താലിബാന്‍ ഭരണത്തിന്റെ ആദ്യ കാലഘട്ടത്തില്‍, ഒരു പുരുഷ ബന്ധു ഇല്ലാതെ സ്ത്രീകള്‍ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവാദമില്ലായിരുന്നു. തലയില്‍ നിന്ന് കാല്‍ വരെയുള്ള ബുര്‍ഖ നിര്‍ബന്ധിതവും.സ്ത്രീകള്‍ക്ക് ജോലി ചെയ്യാനും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടാനും അനുവാദമില്ല.'ഇസ്ലാമികമല്ലാത്ത' സംഗീതവും ടെലിവിഷനും നിരോധിച്ചു.മത കോടതികള്‍ കള്ളന്മാരുടെ കൈകള്‍ വെട്ടല്‍, പരസ്യമായി ചാട്ടവാറടിക്കല്‍, വ്യഭിചാരം ചെയ്യുന്നവരെ കല്ലെറിയല്‍ എന്നിവ ഉള്‍പ്പെടെയുള്ള ശാരീരിക ശിക്ഷകള്‍ ഏര്‍പ്പെടുത്തി.
1500 വര്‍ഷം പഴക്കമുള്ള ബമിയാനിലെ ബുദ്ധ പ്രതിമകള്‍ സംഘം തകര്‍ത്തു. പാറയുടെ മുഖത്ത് കൊത്തിയെടുത്ത കൂറ്റന്‍ പ്രതിമകള്‍, താലിബാന്‍ കണ്ടത് ദൈവദൂഷണമായാണ്.താലിബാന്‍ തങ്ങളുടെ ആദ്യ അധികാര കാലത്തിന്റെ ക്രൂരതയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് എതിരാളികളും പാശ്ചാത്യ രാജ്യങ്ങളും ആരോപിക്കുന്നു. തീവ്രവാദ സംഘം അത് നിഷേധിക്കുന്നുണ്ടെങ്കിലും സംഗതികള്‍ ഒട്ടും ശുഭകരമല്ലെന്നു തന്നെ പൊതു സമൂഹം കരുതുന്നു.
സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ക്കായി അഫ്ഗാനിസ്ഥാനില്‍ ഒരു യഥാര്‍ത്ഥ ഇസ്ലാമിക സംവിധാനം വേണമെന്നാണ് താലിബാന്‍ ഈ വര്‍ഷം ആദ്യം പറഞ്ഞത്. എന്നാല്‍ ഏത് നിയമവും സാംസ്‌കാരിക പാരമ്പര്യങ്ങള്‍ക്കും മത നിയമങ്ങള്‍ക്കും അനുസൃതമായിരിക്കണമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയതോടെ സ്ഗതികള്‍ വ്യക്തമായി.തങ്ങളുടെ നിയന്ത്രണത്തിലായ ചില മേഖലകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നത് നിരോധിക്കാന്‍ താലിബാന്‍ ഇതിനകം നീക്കം ആരംഭിച്ചതിന്റെ സൂചനകളുണ്ട്.കാബൂളില്‍, താലിബാന്‍ ഭരണം വരും മുമ്പേ കടയുടമകള്‍ സ്ത്രീകളുടെ ചിത്രങ്ങളെല്ലാം നീക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.