ശ്രീലങ്കയിലെ ഈസ്റ്റര്‍ ആക്രമണം: കുറ്റപത്ര നടപടികള്‍ നാടകമെന്ന ആക്ഷേപവുമായി ബിഷപ്പുമാര്‍

 ശ്രീലങ്കയിലെ ഈസ്റ്റര്‍ ആക്രമണം: കുറ്റപത്ര നടപടികള്‍ നാടകമെന്ന ആക്ഷേപവുമായി ബിഷപ്പുമാര്‍

കൊളംബോ: 11 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 270 പേര്‍ കൊല്ലപ്പെട്ട 2019 ലെ ഈസ്റ്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ശ്രീലങ്കയില്‍ 25 പേര്‍ക്കെതിരെ ഫയല്‍ ചെയ്ത കുറ്റപത്രം യാഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണെന്ന ആരോപണവുമായി കത്തോലിക്കാ സഭ.കുറ്റപത്രത്തിലെ വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള കത്തോലിക്കാ ബിഷപ്പുമാരുടെ കത്തിനോടുള്ള പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ പ്രതികരണം കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് നിരസിച്ചു.പ്രസിഡന്റ് മുന്നോട്ടു വയ്ക്കുന്ന ന്യായങ്ങള്‍ തങ്ങളെ തൃപ്തിപ്പെടുത്തിയില്ലെന്ന് കര്‍ദിനാള്‍ പറഞ്ഞു.

കൊളംബോ അതിരൂപത പത്രക്കുറിപ്പില്‍ പറഞ്ഞു: 'ഈ നടപടിക്രമത്തില്‍ നിന്ന് വ്യക്തമാകുന്നത്, ഇത്രയും കാലം കഴിഞ്ഞ് ആക്രമണത്തെക്കുറിച്ചുള്ള സത്യം കണ്ടെത്താന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്നും അവര്‍ അത് മൂടിവച്ച് കൈ കഴുകാന്‍ പോവുകയാണെന്നുമാണ്'. അന്താരാഷ്ട്ര തലത്തില്‍ അരങ്ങേറിയ ഗൂഢാലോചനയുടെ ഫലമായിരുന്നു ഈസ്റ്റര്‍ ആക്രമണമെന്നും അതിലെ യഥാര്‍ത്ഥ കണ്ണികളിലേക്ക് അന്വേഷണം നീളാതിരിക്കാന്‍ വലിയ സാമ്പത്തിക ചരടുവലികള്‍ ഉണ്ടായെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

'ഈസ്റ്റര്‍ ഞായറാഴ്ചയിലെ ആക്രമണത്തിന് ഉത്തരവാദികളായവര്‍ക്കെതിരായ നിയമനടപടികളില്‍ ഞങ്ങള്‍ തൃപ്തരല്ല.നിശബ്ദ പ്രതിഷേധത്തിന്റെ ശക്തമായ പ്രതീകമായി സഭാ വിശ്വാസികള്‍ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നില്‍ ഓഗസ്റ്റ് 21 ന് കരിങ്കൊടി ഉയര്‍ത്തും'- കര്‍ദിനാള്‍ രഞ്ജിത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ ബദല്‍ മാര്‍ഗങ്ങളിലൂടെ പ്രക്ഷോഭം നടത്താന്‍ നിര്‍ബന്ധിതരാകുമെന്ന മുന്നറിയിപ്പ് ഇരകള്‍ക്ക് വേണ്ടി ബിഷപ്പുമാര്‍ പ്രസിഡന്റ് രാജപക്‌സെയ്ക്ക് അയച്ച 19 പേജുള്ള കത്തിലുണ്ട്.



സംശയിക്കുന്നവര്‍ക്കെതിരെ സ്വീകരിക്കപ്പെടുന്ന നിയമനടപടി ആത്മാര്‍ത്ഥമല്ലെന്ന് ബിഷപ്പുമാര്‍ പറഞ്ഞു.സര്‍ക്കാരില്‍ നിന്ന് നാമമാത്രമായ അനുകൂല മറുപടി ലഭിച്ചെങ്കിലും ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചില്ലെന്ന് കര്‍ദിനാള്‍ രഞ്ജിത്ത് ചൂണ്ടിക്കാട്ടി.നടന്നുകൊണ്ടിരിക്കുന്ന ഈ പ്രക്രിയയിലൂടെ സത്യം പുറത്തുവരുമെന്ന് ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല.പ്രസിഡന്റ് നിയമിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്മേലുള്ള ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് കമ്മിറ്റിയെ നിയോഗിക്കുന്നുവെങ്കില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലെയും അംഗങ്ങള്‍ അതില്‍ ഉണ്ടാകണം.അല്ലാത്തപക്ഷം, കമ്മിറ്റിയുടെ നിയമനം തങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദ നിരോധന നിയമ (പിടിഎ) പ്രകാരമുള്ള കുറ്റങ്ങളില്‍ കൊലപാതക ഗൂഢാലോചന, ഭീകരാക്രമണത്തിനു സഹായിക്കല്‍, ആയുധ-വെടിമരുന്ന് ശേഖരണം, വധശ്രമം എന്നിവ ഉള്‍പ്പെടുന്നതായി പ്രസിഡന്റ്് രാജപക്സെയുടെ ഓഫീസ് അറിയിച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാതെ അനാസ്ഥ തുടര്‍ന്ന സര്‍ക്കാരിനെതിരെ കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിതിന്റെ നേതൃത്വത്തില്‍ ശ്രീലങ്കയിലെ കത്തോലിക്കാ സഭ നടത്തിയ പ്രതിഷേധത്തിന്റെയും സമ്മര്‍ദത്തിന്റെയും ഫലമായാണ് കുറ്റപത്രം അന്തിമമായത്.സര്‍ക്കാരിനെതിരെ രാജ്യാന്തര കോടതിയെ സമീപിക്കാനും സഭ തയ്യാറെടുത്തിരുന്നു.

മൂന്ന് ക്രൈസ്തവ ദൈവാലയങ്ങളിലും ഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്.എട്ട് ചാവേറുകളും കൊല്ലപ്പെട്ടിരുന്നു.കേസുകള്‍ വേഗത്തില്‍ കേള്‍ക്കുന്നതിന് പ്രത്യേക ഹൈക്കോടതി ബെഞ്ചിനെ നിയമിക്കാന്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടതായി അറ്റോര്‍ണി ജനറല്‍ അറിയിച്ചു.ഐഎസുമായി ബന്ധമുള്ള പ്രാദേശിക ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് ആസൂത്രണം ചെയതു നടപ്പാക്കിയ ചാവേറാക്രമണങ്ങളുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് അംഗവും മുസ്ലീം നേതാവുമായ റിഷാദ് ബദിയുദ്ദീനും സഹോദരന്‍ റിയാജ് ബദിയുദ്ദീനും ഉള്‍പ്പെടെ ശ്രീലങ്കന്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രം 37 വര്‍ഷം നീണ്ടുനിന്ന തമിഴ് വിഘടനവാദ യുദ്ധത്തിന് 2009 മെയ് മാസത്തില്‍ വിരാമം കുറിച്ച ശേഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു 2019 ഈസ്റ്റര്‍ ദിനത്തിലേത്. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെയും നേതൃത്വത്തിലുള്ള അന്നത്തെ ഭരണകൂടത്തിന് ഭീകരാക്രമണങ്ങളെക്കുറിച്ച് മുന്‍കൂട്ടി രഹസ്യാന്വേഷണം ലഭ്യമായിട്ടും തടയാനുള്ള കഴിവില്ലാതെ പോയത് രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായിരുന്നു.മുന്‍ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെര്‍ണാണ്ടോ, മുന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ പുജിത് ജയസുന്ദര എന്നിവര്‍ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ വരുത്തിയ വീഴ്ചകള്‍ ചാവേര്‍ ആക്രമണം സുഗമമാക്കിയെന്നും അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ട്.

സ്ഫോടന പരമ്പരയുടെ രണ്ടാം വാര്‍ഷിക ദിനത്തില്‍ കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളിയില്‍ നടന്ന അനുസ്മരണ യോഗത്തില്‍ അന്വേഷണത്തിലുള്ള രൂക്ഷമായ അസംതൃപ്തി അറിയിച്ചുകൊണ്ടുള്ളതായിരുന്നു കര്‍ദ്ദിനാളിന്റെ പ്രസംഗം.ആക്രമണത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികള്‍ ആരാണെന്നും എന്തായിരുന്നു അവരുടെ ലക്ഷ്യമെന്നും വ്യക്തമാക്കാത്തപക്ഷം, നീതിക്കും സത്യത്തിനും സുതാര്യതയ്ക്കുമായി കത്തോലിക്കാ സമൂഹം സമാധാനപരമായി പ്രതിഷേധം തുടരുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കുകയും ചെയ്തു. മതങ്ങള്‍ തമ്മിലും വംശങ്ങള്‍ തമ്മിലും ഉള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് എല്ലാവരും ഒന്നിക്കണമെന്ന സന്ദേശമാണ് കൊല്ലപ്പെട്ട 269 പേര്‍ നല്‍കുന്നതെന്നും ക്രൈസ്തവര്‍ മാത്രമല്ല മറ്റു മതസ്ഥരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം സര്‍ക്കാരിനെ ഓര്‍മിപ്പിച്ചിരുന്നു.മെല്ലെപ്പോക്കില്‍ പ്രതിഷേധമറിയിച്ച് ജൂലൈയിലും ശ്രീലങ്കയിലെ ക്രിസ്ത്യന്‍ നേതാക്കള്‍ ശ്രീലങ്കന്‍ പ്രസിഡന്റിന് കത്തയച്ചതിനെത്തുടര്‍ന്നാണ് കുറ്റപത്രത്തിന് അന്തിമ രൂപമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26