ഓസ്‌ട്രേലിയയില്‍ വിമാനാപകടത്തില്‍ പൈലറ്റ് മരിച്ചു

ഓസ്‌ട്രേലിയയില്‍ വിമാനാപകടത്തില്‍ പൈലറ്റ് മരിച്ചു

ബ്രിസ്ബന്‍: ഓസ്‌ട്രേലിയയിലെ തെക്കുകിഴക്കന്‍ ക്വീന്‍സ് ലാന്‍ഡിലുണ്ടായ വിമാനാപകടത്തില്‍ പൈലറ്റ് മരിച്ചു. ബ്രിബി ദ്വീപിന് സമീപം ഇന്ന് രാവിലെ 9.30 നാണ് അപകടമുണ്ടായത്. ചെറിയ വിമാനത്തില്‍ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നതെന്ന് സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അതോറിറ്റി (സി.എ.എസ്.എ) സ്ഥിരീകരിച്ചു.

പ്യൂമിസ്റ്റോണ്‍ പാസേജിന്റെ പടിഞ്ഞാറു ഭാഗത്ത് കണ്ടല്‍ക്കാട്ടിലെ ചെളിയില്‍ പുതഞ്ഞ നിലയില്‍ തലകീഴായാണ് വിമാനം കിടന്നിരുന്നതെന്നു ക്വീന്‍സ് ലാന്‍ഡ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് (ക്യു.എഫ്.ഇ.എസ്) ഉദ്യോഗസ്ഥര്‍ പറഞ്ഞു. എയ്‌റോബാറ്റിക്‌സ് പരിശീലനത്തിനിടെയായിരുന്നു അപകടം.

കണ്ടല്‍ക്കാട്ടില്‍ വീഴുന്നതിനുമുമ്പ് വിമാനം അതിവേഗം താഴേക്കു പതിക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിമാനാപകടം ദാരുണമായ സംഭവമാണെന്ന് സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അതോറിറ്റി വക്താവ് പീറ്റര്‍ ഗിബ്‌സണ്‍ പ്രതികരിച്ചു.

കണ്ടല്‍ക്കാടുകളിലൂടെ സംഭവസ്ഥലത്തേക്ക് ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്. വിമാന ഭാഗങ്ങള്‍ മുറിച്ചുനീക്കുന്നതിനുള്ള ഉപകരണങ്ങള്‍ ഉള്‍പ്പെടെ കാല്‍നടയായി ചതുപ്പിലൂടെ നടന്നാണ് വിമാനാവശിഷ്ടങ്ങള്‍ക്ക് അരികില്‍ എത്തിയതെന്ന് ക്യു.എഫ്.ഇ.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26