അമ്മ മനസ്

അമ്മ മനസ്

യു.കെ. കുമാരൻ എഴുതിയ ഓരോ വിളിയും കാത്ത് എന്ന കഥ വളരെ പ്രശസ്തമാണ്. അച്ഛൻ മരിച്ച വീട്ടിൽ തനിച്ചാകുന്ന അമ്മയാണ് ഇതിവൃത്തം. "അച്ഛനില്ലാത്ത വീട്ടിൽ അമ്മയെങ്ങനെ ജീവിക്കും എന്നതായിരുന്നു മകൻ്റെ വ്യഥ. ഇക്കാലമത്രയും അച്ഛൻ്റെ ഓരോ വിളിക്കു പിന്നാലെയും അമ്മ ഓടുകയായിരുന്നു. മുറിക്കകത്തു വച്ചോ, പറമ്പിൻ്റെ ഏതെങ്കിലും മൂലയിൽ വച്ചോ ആയിരിക്കും അച്ഛൻ്റെ വിളി കേൾക്കുക... വിളിച്ചാലും ഇല്ലെങ്കിലും ഒരു അനക്കം കേട്ടാൽ അമ്മ അവിടെ ഓടിയെത്തും. അത്ര സഹികെട്ടാൽ മാത്രമെ അമ്മ ദേഷ്യപ്പെടൂ. അമ്മയുടെ ശബ്ദമുയർന്നാൽ പിന്നെ അച്ഛൻ ശാന്തമാകും. അച്ഛൻ്റെ വേർപാടിൽ അമ്മയ്ക്ക് നഷ്ടമായത് സ്നേഹപൂർവ്വം കലഹിക്കാനുള്ള ഒരാളാണ്." ഈ കഥയിൽ അമ്മയെ തനിച്ചാക്കി നഗരത്തിൽ ജോലിക്കു പോകാൻ തയ്യാറാകുന്ന മകനോട് അമ്മ പറയുന്ന വാക്കുകൾ ആരുടെയും ഹൃദയമലിയിക്കും: "എന്നെ ഓർത്ത് ദുഃഖിക്കേണ്ട....നീ പൊയ്ക്കോ.... വൈകിയാൽ ബസ് പോകും..."ഒറ്റപ്പെടുന്നതിനെക്കുറിച്ചോ, രോഗാവസ്ഥയെക്കുറിച്ചോ ഒന്നുമല്ല അമ്മയുടെ ചിന്ത. ആ മനസ് മുഴുവനും മകനെക്കുറിച്ചുള്ള ആകുലതകൾ മാത്രമാണ്. കഥയിലെ അമ്മ മാത്രമല്ല നമ്മുടെയെല്ലാം അമ്മമാരും അങ്ങനെ തന്നെയല്ലെ? മക്കളെക്കുറിച്ചും ജീവിത പങ്കാളിയെക്കുറിച്ചുമെല്ലാം അവർക്കുള്ളത്രയും കരുതൽ മറ്റാർക്കാണുള്ളത്? സുവിശേഷത്തിലും കാണാം വിധവയായൊരു അമ്മയെ.മുപ്പതാം വയസിൽ വീടുവിട്ടിറങ്ങിയ മകൻ്റെ പിന്നാലെ നിഴൽ പോലെ അവളുമുണ്ടായിരുന്നു. ഒരു ശല്യമായല്ല കരുത്തും കരുതലുമായി. ഒരിക്കൽ മകൻ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ അവനെ ശല്യം ചെയ്യാതെ കാത്തിരിക്കുന്നുണ്ടവൾ. ശിഷ്യരാണ് അവനോട് 'നിൻ്റെ അമ്മയും സഹോദരങ്ങളും നിനക്കായ് കാത്തിരിക്കുന്നു' എന്നറിയിക്കുന്നത്. എന്നാൽ ആരാണ് എൻ്റെ അമ്മ, ആരാണ് എൻ്റെ സഹോദരങ്ങൾ... എന്നായിരുന്നു അവൻ്റെ മറുചോദ്യം. അതിൻ്റെ അർത്ഥം ശിഷ്യർക്കു പോലും അപ്പോൾ മനസിലായിട്ടുണ്ടാകില്ല. "സ്വര്‍ഗസ്‌ഥനായ എന്റെ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാരോ അവനാണ്‌ എന്റെ സഹോദരനും സഹോദരിയും അമ്മയും" (മത്തായി 12 : 50) എന്നാണ് തൻ്റെ അമ്മയെ സാക്ഷിയാക്കി അവൻ പറഞ്ഞത്.സ്വർഗസ്ഥനായ പിതാവിൻ്റെ ഇഷ്ടം നിറവേറ്റിയ പുതിയ നിയമത്തിലെ ആദ്യത്തെ സ്ത്രീ പരിശുദ്ധ മറിയമല്ലാതെ മറ്റാരാണ് ആരോടും പരാതി പറയാതെ, കയർക്കാതെ ഓരോ കാൽവയ്പിലും ദൈവഹിതത്തിനായ് കാതോർത്ത പരിശുദ്ധ കന്യകാമറിയത്തെ നമുക്ക് കൂട്ടുപിടിക്കാം. മറിയത്തെപ്പോലെ ജീവിത നൊമ്പരങ്ങളിലും ഒറ്റപ്പെടലുകളിലും ദൈവഹിതത്തിൻ്റെ പൊരുളറിയാൻ കഴിഞ്ഞാൽ നമ്മളാരും ഒരിക്കലും തനിച്ചാകില്ല. ഒരു വിളിപ്പാടകലെ ദൈവമുണ്ടെന്ന ബോധ്യം അപ്പോൾ നമ്മിൽ ആഴപ്പെടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26