അനുദിന വിശുദ്ധര്‍ - ഓഗസ്റ്റ് 19
ഫ്രഞ്ച് പുരോഹിതനും രണ്ട് സന്യാസ സഭകളുടെ സ്ഥാപകനുമായിരുന്ന വിശുദ്ധ ജോണ്‍ യൂഡ്‌സ് 1603 നവംബര്‍ 14-ന് ഫ്രാന്‍സിലെ നോര്‍ മന്റി എന്ന സ്ഥലത്തെ റീ എന്ന ഗ്രാമത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു കര്‍ഷകനും ഭിഷഗ്വരനുമായിരുന്നു.
ബാല്യകാലം മുതല്‍ തന്നെ ജോണില്‍ ചില പ്രത്യേക ഗുണവിശേഷങ്ങളുണ്ടായിരുന്നു. പ്രാര്‍ത്ഥിക്കുക എന്നതായിരുന്നു അവന് ഏറ്റവും ഇഷ്ടപ്പെട്ട പ്രവൃത്തി. അക്കാലത്ത് നിലനിന്നിരുന്ന ജാന്‍സനിസമെന്ന മതവിരുദ്ധ വാദത്തിന്റെ കാര്‍ക്കശ്യത്തിനിടയിലും ജോണ്‍ ബാല്യത്തില്‍ തന്നെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി.
ജോണിന്റെ പ്രാഥമിക വിദ്യാഭ്യാസം നിര്‍വ്വഹിച്ചത് ബ്ലാനറി എന്ന വൈദികനായിരുന്നു. അതിനുശേഷം ഉപരിപഠനാര്‍ത്ഥം ജോണ്‍, കേയിനിലെ ജെസ്വീറ്റ് കോളേജില്‍ പ്രവേശിച്ചു. കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തിരികെയെത്തിയ ജോണിനെ വിവാഹം കഴിപ്പിക്കാനാണ് അദ്ദേഹത്തിന്റെ വീട്ടുകാര്‍ താല്‍പര്യപ്പെട്ടിരുന്നത്. എന്നാല്‍ ഒരു വൈദികനാകാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് 1620 സെപ്റ്റംബര്‍ 19 ന് ജോണ്‍, പ്രഥമപട്ടം സ്വീകരിച്ചു.
പഠനത്തില്‍ സമര്‍ത്ഥനായിരുന്ന അദ്ദേഹം സെമിനാരി ജീവിത കാലത്ത് പ്രസംഗ കലയില്‍ തനിക്കുണ്ടായിരുന്ന അഭിരുചി കൂടെക്കൂടെയുള്ള പരിശീലനം കൊണ്ട് വികസിപ്പിച്ചു. വൈദിക വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ അദ്ദേഹം പ്രശസ്തരായ പ്രാസംഗികരുടെ നിരയിലേയ്ക്ക് ഉയര്‍ന്നിരുന്നു. ബുദ്ധി നിറയെ അറിവും ഹൃദയം നിറയെ സ്നേഹവും സമ്പാദിച്ച ജോണ്‍ 1625 ഡിസംബര്‍ 20 ന് വൈദികനായി.
അശരണരായ ദുഃഖിതരെയും രോഗികളെയും ആശ്വസിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുക, അവരില്‍ ദൈവസ്നേഹാഗ്‌നി ജ്വലിപ്പിക്കുക എന്നിവ അദ്ദേഹം വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന പ്രേക്ഷിത രീതികളായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ അനേകായിരങ്ങളെ ആകര്‍ഷിച്ചു. പ്രസംഗം ആസ്വദിക്കാന്‍ വന്ന അക്രൈസ്തവര്‍ പോലും സത്യവിശ്വാസികളായിത്തീര്‍ന്ന അനേകം സംഭവങ്ങളുണ്ട്.
ഇതിനിടെ പുരോഹിതരുടെ ആത്മീയ പുരോഗതിക്കായി സെമിനാരികളില്‍ പ്രത്യേകമായി ശ്രദ്ധ പുലര്‍ത്തേണ്ടതു അനിവാര്യമാണെന്ന് ഫാ.ജോണ്‍ യൂഡ്‌സിന് ബോധ്യമായി. അതിനു വേണ്ട പ്രവര്‍ത്തനം തുടങ്ങുന്നതിനായി അദ്ദേഹം തന്റെ ജനറല്‍ സുപ്പീരിയറിന്റേയും മെത്രാന്റെയും കര്‍ദ്ദിനാളിന്റേയും അനുവാദം വാങ്ങിയെങ്കിലും പിന്നീട് വന്ന ജനറല്‍ സുപ്പീരിയര്‍ ഇതിനെ എതിര്‍ത്തു. ശക്തമായ പ്രാര്‍ത്ഥനക്കും ഉപദേശങ്ങള്‍ക്കും ശേഷം ഫാ.ജോണ്‍ തന്റെ പൗരോഹിത്യ സഭ വിടുന്നതിനുള്ള തീരുമാനമെടുത്തു.
1643-ല്‍ വിശുദ്ധന്‍ 'യൂഡിസ്റ്റ്‌സ്' ('സൊസൈറ്റി ഓഫ് ജീസസ് ആന്റ് മേരി) എന്ന സന്യാസ സഭക്ക് രൂപം നല്‍കി. പുരോഹിതന്‍മാരെ ധ്യാനിപ്പിക്കുക, സെമിനാരികള്‍ സ്ഥാപിക്കുക, ജനങ്ങള്‍ക്കിടയില്‍ സുവിശേഷ പ്രഘോഷണങ്ങള്‍ നടത്തുക എന്നിവയായിരുന്നു ഈ സഭയുടെ പ്രധാന ദൗത്യങ്ങള്‍.
ഈ പുതിയ സംരഭത്തിനു മെത്രാന്‍മാരുടെ വ്യക്തിപരമായ പിന്തുണയുണ്ടായിരുന്നുവെങ്കിലും അധികം താമസിയാതെ തന്നെ ശക്തമായ എതിര്‍പ്പിനെ നേരിടേണ്ടി വന്നു. പ്രത്യേകിച്ച് ജാന്‍സനിസ മതവിരുദ്ധ വാദികളില്‍ നിന്നും വിശുദ്ധന്റെ ചില പഴയ സഹപ്രവര്‍ത്തകരില്‍ നിന്നും അദ്ദേഹത്തിന് ഏറെ ഭീഷണിയുണ്ടായെങ്കിലും ക്രമേണ അതിനെയെല്ലാം അതിജീവിച്ചു.
തന്റെ എഴുപത്തിയേഴാം വയസില്‍ 1680 ഓഗസ്റ്റ് 19 ന് കായനില്‍ വെച്ചാണ് ജോണ്‍ യൂഡ്‌സ് മരണപ്പെടുന്നത്. യേശുവിന്റെ തിരുഹൃദയത്തോടും പരിശുദ്ധ മറിയത്തിന്റെ അമലോല്‍ഭവ ഹൃദയത്തോടുമുള്ള വിശുദ്ധന്റെ ഭക്തി കാരണം പിയൂസ് പതിനൊന്നാമന്‍ പാപ്പാ വിശുദ്ധനെ 'യേശുവിന്റേയും മറിയത്തിന്റേയും തിരുഹൃദയങ്ങളോടുള്ള ഭക്തിയാചരണത്തിന്റെ പിതാവ്' എന്ന് പ്രഖ്യാപിക്കുകയുണ്ടായി.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. എമിലി ബിച്ചീരി
2. സിലീസിയായിലെ ട്രെബ്യൂണ്‍ ആന്‍ഡ്രൂവും
3. ലിയോണ്‍സിലെ ബാഡുള്‍ ഫുസ്
4. ബേച്ചിയോയിലെ ബെര്‍ടുള്‍ഫുസ്
5. കല്‍മീനിയൂസ്
6. മെഴ്‌സിയായിലെ ക്രെഡാന്‍
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.