ഗ്രീന്‍ലാന്‍ഡ് മഞ്ഞുപാളികളില്‍ ചരിത്രത്തിലാദ്യമായി മഴ; ആശങ്കയോടെ ശാസ്ത്ര ലോകം

 ഗ്രീന്‍ലാന്‍ഡ് മഞ്ഞുപാളികളില്‍ ചരിത്രത്തിലാദ്യമായി മഴ; ആശങ്കയോടെ ശാസ്ത്ര ലോകം

ജെനീവ: ഗ്രീന്‍ലാന്‍ഡ് മഞ്ഞുമലയുടെ ഏറ്റവും   ഉയരമുള്ളിടത്ത് ചരിത്രത്തില്‍ ആദ്യമായി മഴ പെയ്തതിന്റെ കനത്ത ആശങ്ക പങ്കിട്ട് ശാസ്ത്ര ലോകം.ഏഴു മണിക്കൂറോളം നീണ്ടുനിന്ന കനത്ത മഴ മൂലം 8.7 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ മഞ്ഞ് ഉരുകി.മഞ്ഞുപാളികളില്‍ ചൂടുള്ള വായുവുമായി കലര്‍ന്ന മഴയില്‍ ഏഴ് ബില്യണ്‍ ടണ്‍ വെള്ളമാണ് മൂന്ന് ദിവസത്തിനകം പതിച്ചതെന്ന് നാഷണല്‍ സ്നോ ആന്റ് ഐസ് ഡാറ്റാ സെന്ററിന്റെ കണക്കുകള്‍ പറയുന്നു.

മനുഷ്യരുടെ ഇടപെടലുകള്‍ മൂലം ഭൂമിയിലെ താപനില വര്‍ധിച്ചുവരുന്നതിന്റ വിനാശകരമായ പരിമാണങ്ങളുടെ ഏറ്റവും പ്രകടമായ തെളിവാണ് ഈ സംഭവമെന്ന് വിദഗ്ധര്‍ പറയുന്നു. പെട്രോളിയം, കല്‍ക്കരി പോലുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളികള്‍ ഉരുകാന്‍ കാരണമായതായി ഐക്യരാഷ്ട്രസഭയുടെ കീഴില്‍ ജെനീവ ആസ്ഥാനമായുള്ള ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) ഈ മാസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

1990കള്‍ മുതല്‍ ഗ്രീന്‍ലാന്‍ഡിലെ 280000 കോടി ടണ്‍ മഞ്ഞുപാളി ഉരുകിപ്പോയിട്ടുണ്ടെന്നാണ് ക്രയോസ്ഫിയര്‍ ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ജൂലൈ മാസത്തിലെ ഒരു ദിവസം മാത്രം 8500 കോടി ടണ്‍ മഞ്ഞ് ഉരുകിമാറി. ആര്‍ട്ടിക് പ്രദേശത്തെ മഞ്ഞുരുകല്‍ മൂലം ആഗോള തലത്തില്‍ സമുദ്ര നിരപ്പ് 1.5 മില്ലിമീറ്റര്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.



സമുദ്ര നിരപ്പ് ഉയരുന്നതോടെ ഇന്ത്യയിലെ 12 തീരദേശ നഗരങ്ങള്‍ വെള്ളത്തിന് അടിയിലാവുമെന്നും ഐ.പി.സി.സി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൊച്ചി, മുംബൈ, ചെന്നൈ തുടങ്ങിയ സുപ്രധാന നഗരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രളയം, കൊടുങ്കാറ്റ്, ചൂട്, വരള്‍ച്ച, തുടങ്ങിയവ ഉണ്ടാവാം.

ഇന്ത്യയില്‍ ഓരോ വര്‍ഷവും 17 കിലോമീറ്റര്‍ വീതം കടല്‍ കയറ്റമുണ്ടാവാം. വിശാലമായ തീരപ്രദേശവും മലയോര മേഖലകളുമുള്ള കേരളത്തെ കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്. ഇത് കാര്‍ഷിക മേഖലയെയും മൃഗപരിപാലന മേഖലകളെയും പ്രതികൂലമായി ബാധിക്കും. കാലാവസ്ഥ വ്യതിയാനം മലേറിയ, ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങി വിവിധ തരം രോഗങ്ങള്‍ പടരാനും കാരണമാവുമെന്ന് സ്റ്റാന്‍ഫോഡ് സര്‍വ്വകലാശാല നടത്തിയ പഠനം പറയുന്നു.

സമുദ്ര നിരപ്പില്‍ നിന്ന് മൂന്നു കിലോമീറ്ററില്‍ അധികം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് യുഎസ് നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെ കീഴിലുള്ള സമിറ്റ് സ്റ്റേഷന്‍ എന്ന ഗവേഷണ കേന്ദ്രം ഗ്രീന്‍ലാന്‍ഡില്‍ പ്രവര്‍ത്തിക്കുന്നത്.1950 മുതല്‍ ഇവിടെ കാലാവസ്ഥ രേഖപ്പെടുത്തുന്നുണ്ട്. ജലം ഐസായി മാറുന്ന പതിവ് താപനിലയേക്കാള്‍ കൂടുതലായിരുന്നു ഈ പ്രദേശത്തെ താപനിലയെന്ന് അമേരിക്കന്‍ മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ വര്‍ഷവും ഈ സമയത്ത് ഒരു ദിവസം നഷ്ടപ്പെടുന്ന മഞ്ഞിനേക്കാള്‍ ഏഴു മടങ്ങ് അധികം മഞ്ഞാണ് കനത്ത മഴ മൂലം നഷ്ടപ്പെട്ടത്.ഒമ്പതു മണിക്കൂറാണ് സമിറ്റ് സ്റ്റേഷന്‍ പ്രദേശത്ത് താപനില ഉയര്‍ന്നുനിന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനുള്ളില്‍ മൂന്നു തവണ മാത്രമേ താപനിലയില്‍ ഇത്തരത്തിലുള്ള വ്യത്യാസമുണ്ടായിട്ടുള്ളൂ.

1989 മുതല്‍ പ്രവര്‍ത്തിക്കുന്ന സമിറ്റ് സ്റ്റേഷനിലിരുന്നാണ് ഗവേഷകര്‍ ആര്‍ട്ടിക് പ്രദേശത്തെ കാലാവസ്ഥയും മഞ്ഞുപാളികളുടെ സ്വഭാവവും പരിശോധിക്കുന്നത്. ശീതകാലത്ത് അഞ്ചു പേരും വേനല്‍ക്കാലങ്ങളില്‍ 38 പേരും ഇവിടെയുണ്ടാവും. മഴയുടെ പശ്ചാത്തലത്തില്‍ സ്റ്റേഷന്റെ പ്രവര്‍ത്തനരീതികള്‍ മാറ്റേണ്ടി വരുമെന്ന് പ്രോഗ്രാം ഓഫീസറായ ജെന്നിഫര്‍ മെര്‍സര്‍ സിഎന്‍എന്നിനോട് പറഞ്ഞു. മഞ്ഞ് ഉരുകല്‍, കൊടുങ്കാറ്റ്, മഴ തുടങ്ങിയവ ഇപ്പോള്‍ സ്ഥിരം സംഭവമായി മാറുകയാണ്. സ്റ്റേഷന്‍ സ്ഥാപിച്ച ശേഷം ഇതുവരെ ചെയ്യാത്ത കാര്യങ്ങളാണ് കാലാവസ്ഥാ മാറ്റം മൂലം ചെയ്യേണ്ടി വരുന്നതെന്നും ജെന്നിഫര്‍ വിശദീകരിക്കുന്നു.

ഗ്രീന്‍ലാന്‍ഡിലെ താപനില അതിവേഗം വര്‍ധിക്കുന്നതിന്റെ തെളിവായി ഈ സംഭവത്തെ കാണാമെന്ന് സ്നോ ആന്റ് ഐസ് ഡാറ്റാ സെന്ററിലെ സീനിയര്‍ ഗവേഷകനായ ടെഡ് സ്‌കാമ്പോസ് പറഞ്ഞു. കഴിഞ്ഞ ആയിരം വര്‍ഷമായി രേഖപ്പെടുത്താത്ത സംഭവങ്ങളാണ് ഇപ്പോഴുണ്ടാവുന്നതെന്ന് സ്‌കാമ്പോസ് ചൂണ്ടിക്കാട്ടി.'പ്രകൃതിയില്‍ മനുഷ്യര്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തിരുത്താതെ ഒരു മാറ്റത്തിനും സാധ്യതയില്ല. അസാധാരണ സംഭവങ്ങള്‍ സാധാരണമായി പരിണമിക്കുകയാണ്. ധ്രുവങ്ങളിലെ സമുദ്രതീരത്ത് ഇരതേടി ജീവിക്കുന്ന ഹിമക്കരടികളില്‍ ഒരെണ്ണം രണ്ടു വര്‍ഷം മുമ്പ് സമിറ്റ് സ്റ്റേഷനു സമീപമെത്തി. ആയിരക്കണക്കിന് കിലോമീറ്റര്‍ ആണ് ഈ ഹിമക്കരടി സഞ്ചരിച്ചത്. പിന്നീടും ഹിമക്കരടികള്‍ പ്രദേശത്ത് എത്തുകയുണ്ടായി. കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളാണ് ഇത് സൂചിപ്പിക്കുന്നത്''


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.