പ്രത്യാശപ്പൂക്കൾ വിടർന്നു നിൽക്കട്ടെ

പ്രത്യാശപ്പൂക്കൾ  വിടർന്നു നിൽക്കട്ടെ

വിവാഹം കഴിഞ്ഞ് പതിമൂന്ന് വർഷം കഴിഞ്ഞിട്ടും കുട്ടികളില്ലാത്ത ദമ്പതികൾ പ്രാർത്ഥിക്കാനായ് വന്നു. അവരുമായ് സംസാരിക്കുന്നതിനിടയിൽ ആ സ്ത്രീ വിതുമ്പിപ്പോയി. "കാണാത്ത ഡോക്ടർമാരില്ല. ചികിത്സക്ക് പോകാത്ത ഇടങ്ങളുമില്ല. ചെയ്ത ടെസ്റ്റുകളിലൊന്നും ഞങ്ങൾക്ക് രണ്ടു പേർക്കും യാതൊരു കുഴപ്പവുമില്ല. എന്നിട്ടും എന്തുകൊണ്ടാണ് ദൈവം ഞങ്ങൾക്ക് മാത്രം മക്കളെ തരാത്തത്?" അവരുടെ ചോദ്യം ഹൃദയം തകർക്കുന്നതായിരുന്നു. കരയുന്നതിനിടയിൽ അവൾ പിന്നെയും പറഞ്ഞു
"ഇനിയും കാത്തിരിക്കാൻ ഞങ്ങൾക്കാവില്ല. അടുത്ത മാസം IVF ചെയ്യാൻ ഒരുങ്ങുകയാണ്. അതിനും വേണം പണം....സാമ്പത്തികമായ് ഒന്നുമില്ലച്ചാ....ഞങ്ങൾക്കായ് പ്രാർത്ഥിക്കണേ..." അല്പസമയം ഞാനവർക്കു വേണ്ടി പ്രാർത്ഥിച്ചു. എനിക്ക് ലഭിച്ച പ്രചോദനമനുസരിച്ച് ഞാനിങ്ങനെ പറഞ്ഞു: "നിങ്ങൾക്ക് ദൈവം കുഞ്ഞുങ്ങളെ നൽകും. വിരോധമില്ലെങ്കിൽ ഞാൻ പറയുന്ന ഡോക്ടറുടെ അടുത്ത് പോകാമോ" "അതിനെന്താ അച്ചൻ പറയുന്ന ഏത് സ്ഥലത്തു വേണമെങ്കിലും ഞങ്ങൾ പോകാം." "അധികദൂരമൊന്നും പോകേണ്ട
നിങ്ങളുടെ അടുത്തുള്ള നടവയൽ സെൻ്റ് ആൻസ് ആശുപത്രിയിൽ പുതുതായി ഒരു ആയുർവേദ ഡോക്ടർ വന്നിട്ടുണ്ട്; സിസ്റ്റർ സിന്ധു. നിങ്ങൾ അവിടെ പോകൂ....ഞാൻ പ്രാർത്ഥിക്കാം." ഇവർ വരുന്ന കാര്യം ഞാൻ സിസ്റ്ററെ വിളിച്ചു പറഞ്ഞു. ഒന്നര മാസം കഴിഞ്ഞപ്പോൾ ആ ദമ്പതികൾ വീണ്ടും പ്രാർത്ഥിക്കാൻ വന്നു. ആ സ്ത്രീ അപ്പോഴും കരയുകയായിരുന്നു. "അച്ചാ ഞാൻ ഗർഭവതിയാണ്!" ഒരു പായ്ക്കറ്റ് ലഡു എനിക്ക് നൽകികൊണ്ട് അവർ പറഞ്ഞു. അവരുടെ സന്തോഷം കണ്ടപ്പോൾ എൻ്റെ മിഴികളും നിറഞ്ഞു.
''എന്തു കൊണ്ടാണ് ദൈവം ഇത്ര കാലതാമസം വരുത്തിയെന്ന് ഞങ്ങൾക്കിപ്പോൾ മനസിലായി. എത്രമാത്രം കാത്തിരിക്കുന്നുവോ അത്രയേറെ സന്തോഷം നമ്മിൽ നിറയും. കർത്താവിനോട് നന്ദി മാത്രമേയുള്ളൂ....അച്ചൻ തുടർന്നും പ്രാർത്ഥിക്കണം." "ദൈവം തരുന്ന മക്കളെയെല്ലാം സ്വീകരിക്കണം" എന്നു പറഞ്ഞ് ഞാനവരെ യാത്രയാക്കി. അന്നൊരു കാര്യം ഞാനെന്നോടു പറഞ്ഞു: "നമ്മുടെ ദൈവം ഒരു സാധാരണ ദൈവമല്ല. എപ്പോൾ, എങ്ങനെ ഇടപെടുമെന്ന് ഒരിക്കലും പറയാനാകില്ല.''

ഇത് വായിക്കുന്നവരിൽ പലരും ഒരു പ്രത്യേക അനുഗ്രഹത്തിനു വേണ്ടി നാളേറെയായ് കാത്തിരിക്കുന്നവരാകാം. പ്രത്യാശയോടെ പ്രാർത്ഥിക്കാൻ നിങ്ങൾക്കിപ്പോഴും സാധിക്കുന്നുണ്ടോ? ദൈവ വിശ്വാസമില്ലാത്ത ന്യായധിപൻ്റെ സമക്ഷം നീതിക്കുവേണ്ടി നിരന്തരം കേഴുന്ന ഒരു വിധവയുടെ ഉപമ ക്രിസ്തു പറയുന്നുണ്ട്. അവളുടെ ശല്യം സഹിക്കവയ്യാതെ ആ ന്യായാധിപൻ അവൾക്ക് നീതി നടത്തിക്കൊടുക്കുന്നു. ഉപമയുടെ ഒടുവിൽ ക്രിസ്തു പറയുന്ന വാക്കുകൾ ശ്രദ്ധിക്കൂ: "അങ്ങനെയെങ്കില്‍, രാവും പകലും തന്നെ വിളിച്ചു കരയുന്ന തന്റെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന്‌ അതിനു കാലവിളംബം വരുത്തുമോ?" (ലൂക്കാ 18 : 7). ചോദിച്ചിട്ടും ലഭിക്കാതിരിക്കുമ്പോഴും മുട്ടിയിട്ടും തുറക്കാതിരിക്കുമ്പോഴും ഭഗ്നാശരും നിരാശരുമാകാകെ പ്രാർത്ഥിക്കാൻ നമുക്ക് കഴിയട്ടെ! തനിക്കിഷ്ടപ്പെട്ട സമയത്ത്  ദൈവം നമ്മുടെ നിലവിളി കേൾക്കുമെന്ന് നമുക്ക് വിശ്വസിക്കാം, കാത്തിരിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26