അബുദാബി: മഹാമാരിക്കെതിരായ പോരാട്ടത്തിൽ അക്ഷീണം പ്രവർത്തിച്ച ആരോഗ്യപ്രവർത്തകരും കോവിഡിനെ അതിജീവിച്ചവരും ഒത്തുചേർന്ന് അബുദാബിയിൽ ഒരുക്കിയത് കൂട്ടായ്‍മയുടെയും പ്രതീക്ഷയുടെയും പ്രതീകമായ കൂറ്റൻ പൂക്കളം. കോവിഡിന്റെ തുടക്കകാലത്ത് രോഗികൾക്ക് ചികിത്സയൊരുക്കാനുള്ള പ്രത്യേക കേന്ദ്രമായി പ്രവർത്തിച്ച ബുർജീൽ മെഡിക്കൽ സിറ്റിയിലാണ് വർണ്ണവിസ്മയമായ പൂക്കളം ഒരുക്കിയത്.
ഒരുമയുടെ ആഘോഷമായ ഓണത്തിന് ഇത്തരമൊരു കൂട്ടായ്മയൊരുക്കാനുള്ള ആരോഗ്യപ്രവർത്തകരുടെ ഏറെനാളത്തെ ശ്രമഫലമായാണ് 300 ചതുരശ്ര മീറ്റർ വലുപ്പമുള്ള പൂക്കളം. ഉത്രാടനാൾ ഉച്ചയ്ക്ക് രണ്ടു മണിക്ക് തുടങ്ങിയ പൂക്കളമൊരുക്കൽ 16 മണിക്കൂറിലേറെ നീണ്ടു. തിരുവോണദിനം രാവിലെ പൂർത്തിയായ പൂക്കളത്തിനായി 300 കിലോ പൂക്കളാണ് ഉപയോഗിച്ചത്. മധുരയിൽ നിന്ന് പ്രത്യേക കാർഗോ വിമാനത്തിലാണ് കൂറ്റൻ പൂക്കളത്തിനായി പൂക്കളെത്തിച്ചത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ കൂട്ടായി ഒരുക്കിയ പൂക്കളം കോവിഡിനെതിരായ പോരാട്ടത്തിൽ മുന്നണിയിൽ നിന്നവർക്കും പിന്തുണച്ചവർക്കും ത്യാഗങ്ങൾ സഹിച്ചവർക്കുമാണ് സമർപ്പിച്ചിരിക്കുന്നത്. അരളി, രണ്ടു നിറങ്ങളിലുള്ള ചെണ്ട്മല്ലി, റോസ്, വാടാർമല്ലി, ജമന്തി തുടങ്ങിയ പൂക്കളാണ് പ്രധാനമായും പൂക്കളത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
സാമൂഹ്യ അകലവും കോവിഡ് പ്രോട്ടോക്കോളും പാലിച്ച് ഒരുക്കിയ, യുഎഇയിലെ ഈ ഓണക്കാലത്തെ ഏറ്റവും വലിയ പൂക്കളം ബുർജീൽ മെഡിക്കൽ സിറ്റിയിലെ രോഗികൾക്കും സന്ദർശകർക്കും പുതുമയുമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.