സാമൂഹ്യ മാധ്യമങ്ങളിലെ ക്രിസ്ത്യൻ നാമധാരികൾ

സാമൂഹ്യ മാധ്യമങ്ങളിലെ  ക്രിസ്ത്യൻ നാമധാരികൾ

പരിചയമുള്ള ഒരു യുവാവായ സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം നിറുത്തിയത് എന്നെ അതിശയിപ്പിച്ചു. ശക്തമായ രീതിയിൽ ആശയങ്ങൾ എഴുതാനും പങ്കുവയ്ക്കാനും കഴിവുള്ള ആ വ്യക്തി എന്തുകൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുത്തു എന്നറിയാൻ ഞാൻ ആഗ്രഹിച്ചു. ഒരു ദിവസം ഞാനദ്ദേഹത്തോട് കാര്യങ്ങൾ തിരക്കി. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു അദ്ദേഹം പങ്കുവച്ചത്: ''അച്ചാ, സമൂഹമാധ്യമങ്ങളിൽ നിന്ന് കുറച്ചു നാളത്തേക്ക് പിൻവാങ്ങിയെന്നേയുള്ളൂ. അതിന് തക്ക കാരണങ്ങളുമുണ്ട്. എൻ്റെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഭൂരിഭാഗം പേരും ക്രിസ്ത്യൻ നാമധാരികൾ. എനിക്ക് വന്ന ഫ്രണ്ട് റിക്വസ്റ്റുകൾ പേര് നോക്കിയാണ് ഞാൻ സെലക്ട് ചെയ്തിരുന്നത്. ഏറെ വൈകിയാണ് ഞാനാ സത്യം തിരിച്ചറിഞ്ഞത്. എൻ്റെ സുഹൃത്തുക്കളിൽ സഭാ വിരോധികളും ക്രിസ്തുവിരോധികളും ധാരാളം ഉണ്ടായിരുന്നു. സഭയ്ക്കനുകൂലമായ് എന്തെങ്കിലും എഴുതിയാലുടൻ അസഭ്യവർഷങ്ങളുമായ് അവരെത്തും. കാര്യങ്ങൾ ശരിയായ രീതിയിലല്ല പോകുന്നതെന്നറിഞ്ഞപ്പോൾ എൻ്റെ അക്കൗണ്ടുകളെല്ലാം ഞാൻ ക്ലോസ് ചെയ്തു. കുറച്ചു നാളത്തെ പ്രാർത്ഥനയ്ക്കും ധ്യാനത്തിനും ശേഷമെ ഇനി അങ്ങോട്ടുള്ളൂ..." ആ സുഹൃത്തിൻ്റെ വാക്കുകളിൽ പൊരുളുണ്ടെന്ന് നാം തിരിച്ചറിയണം. ക്രിസ്ത്യൻ നാമധാരികളും ക്രിസ്തീയ പേരുകളിൽ വരുന്നവരുമെല്ലാം ക്രിസ്തുവിനെയും സഭയെയും സ്നേഹിക്കുന്നവരാകണമെന്ന് നിർബന്ധമില്ല. എല്ലാവരും നമ്മുടെ ആശയങ്ങൾ അനുകൂലിക്കണമെന്നുമില്ല. "ഇതാ, ക്രിസ്‌തു ഇവിടെ; അതാ, അവിടെ എന്ന്‌ ആരെങ്കിലും പറഞ്ഞാല്‍, നിങ്ങള്‍ വിശ്വസിക്കരുത്‌. കാരണം, കള്ളക്രിസ്‌തുമാരും വ്യാജപ്രവാചകന്‍മാരും പ്രത്യക്‌ഷപ്പെടും. സാധ്യമെങ്കില്‍, തെരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കുന്നതിന്‌ അടയാളങ്ങളും അദ്‌ഭുതങ്ങളും അവര്‍ പ്രവര്‍ത്തിക്കും. നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. എല്ലാം ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു" (മര്‍ക്കോസ്‌ 13 : 21-23) എന്ന ക്രിസ്തു വചനങ്ങൾ ഗൗരവത്തിൽ കാണേണ്ടതുണ്ട്. ഓരോ ചുവടുവയ്പിലും വിവേകവും വിജ്ഞാനവും നൽകാൻ പരിശുദ്ധാത്മ വരത്തിനായ് ഉണർവോടെ പ്രാർത്ഥിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.