ഒരു സന്യാസ സഹോദരി തൻ്റെ ദുഃഖങ്ങൾ പങ്കുവച്ചത്  ഇപ്രകാരമായിരുന്നു. "അച്ചാ, ഞാൻ വല്ലാത്ത സംഘർഷത്തിലാണ്. അധികാരികൾ താത്പര്യപ്പെട്ടതനുസരിച്ചാണ് ഞാനാ മിഷൻ പ്രദേശത്ത് ശുശ്രൂഷയ്ക്ക് പോയത്. അവിടെ ചെന്ന ആദ്യ നാളുകളിൽ വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. കാലാവസ്ഥയും ഭക്ഷണവും ഭാഷയുമെല്ലാം വ്യത്യസ്തം.സാവകാശം എല്ലാത്തിനോടും പൊരുത്തപ്പെട്ടു. ഇപ്പോൾ ഞാനവിടുത്തെ സ്കൂളിൻ്റെ പ്രിൻസിപ്പളാണ്. ഈയിടെ സ്കൂളിൽ ഒരു പ്രശ്നമുണ്ടായി. ഒരു അധ്യാപകൻ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയതായി അറിയാൻ കഴിഞ്ഞു. അധ്യാപകൻ്റെ ഭാഗത്താണ് തെറ്റെന്ന് മനസിലാക്കിയപ്പോൾ ഞങ്ങൾക്കദ്ദേഹത്തെ പിരിച്ചുവിടേണ്ടി വന്നു. ഇപ്പോൾ അദ്ദേഹം സ്കൂളിനെതിരെയും എനിക്കെതിരെയും നിരവധി ആക്ഷേപങ്ങൾ ഉന്നയിക്കുകയാണ്. മനസിൻ്റെ സന്തോഷം നഷ്ടപ്പെട്ടു. ചിലയവസരങ്ങളിൽ കൂടെയുള്ള സഹോദരിമാർ പോലും എന്നെ ഒറ്റപ്പെടുത്തി. അവധി കഴിഞ്ഞ് തിരിച്ചങ്ങോട്ട് പോകണമെന്നില്ല. എന്നാൽ അധികാരികൾക്ക് കാര്യങ്ങൾ മനസിലായി. ഈയവസരത്തിൽ 
ഞാൻ തന്നെ അവിടേക്ക് തിരിച്ചു പോകണമെന്നാണ് അവരുടെ ആഗ്രഹം. നാണം കെട്ടും ആക്ഷേപങ്ങൾ കേട്ടും മടുത്തു. ആർക്കുവേണ്ടിയാണ് ഇങ്ങനെ കഷ്ടപ്പെടുന്നതെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.  എന്ത് ചെയ്യണമെന്നറിയില്ല...." ഞാനാ സഹോദരിയോട് പറഞ്ഞു: ''ഇപ്പോഴത്തെ സ്ഥിതിയിൽ മേലധികാരികൾ പറയുന്നതിലും കാര്യമില്ലെ? ഭാഷയും സംസ്കാരവും അറിയാവുന്ന സിസ്റ്റർ തിരിച്ചുപോയില്ലെങ്കിൽ മറ്റാരെയാണ് അവർ ആശ്രയിക്കുക? പിന്നെ, ഒറ്റപ്പെടലും ഏകാന്തതയും കുറ്റപ്പെടുത്തലുകളുമെല്ലാം സ്വാഭാവികമാണ്. ഏതൊരു പ്രവൃത്തിയും ക്രിസ്തുവിനു വേണ്ടി ചെയ്യുക. അധികാരികൾക്കോ നാട്ടുകാർക്കോ വേണ്ടി ചെയ്യാതിരിക്കുക. എങ്കിൽ മാത്രമേ നിന്ദനങ്ങളും സഹനങ്ങളും സന്തോഷത്തോടെ ഏറ്റെടുക്കാൻ കഴിയൂ..." ആ സഹോദരിയെ പ്രാർത്ഥിച്ച് യാത്രയാക്കി. വർഷങ്ങൾക്കു ശേഷം അവധിക്ക് വന്നപ്പോൾ അവർ എന്നെ കാണാൻ വന്നു. അന്നവർ പറഞ്ഞ വാക്കുകൾ എൻ്റെ ഹൃദയത്തെ തൊട്ടു: ''അവിടുത്തെ പ്രശ്നങ്ങളെല്ലാം തീർന്നു. അച്ചൻ പറഞ്ഞതുപോലെ ക്രിസ്തുവിനു വേണ്ടി കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയപ്പോൾ എത്ര വലിയ അപമാനങ്ങളും ആക്ഷേപങ്ങളും അതിജീവിക്കാൻ ശക്തി ലഭിക്കുന്നു. ക്രിസ്തുവിനു വേണ്ടി മരിക്കാൻ വരെ ഞാനിപ്പോൾ തയ്യാറാണ്!" മറ്റുള്ളവർ നമ്മെ ഒറ്റപ്പെടുത്തുമ്പോഴും കുറ്റപ്പെടുത്തുമ്പോഴും അധിക്ഷേപിക്കുമ്പോഴുമെല്ലാം നമ്മുടെ മനസും നൊന്തിട്ടില്ലെ? ആർക്കുവേണ്ടിയാണ് ഞാനിവയെല്ലാം ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുമില്ലെ? ഇവിടെയാണ് ക്രിസ്തുവിലേക്ക് തിരിയാനും അവനോടുള്ള സ്നേഹത്തെപ്രതി കാര്യങ്ങൾ ചെയ്യാനും നമ്മൾ മുതിരേണ്ടത്. അപ്പോൾ അവനുവേണ്ടി മരിക്കാൻ വരെ നമ്മൾ തയ്യാറാകും. അങ്ങനെ തയ്യാറായ അനേകരെ സഭയിൽ നമുക്ക് കാണാൻ കഴിയും. അവരിൽ ഒരാളാണ് പന്ത്രണ്ടു ശിഷ്യരിൽ ഒരുവനായ നഥാനയേൽ എന്നറിയപ്പെടുന്ന ബർത്തലോമിയോ. ഒരു രാത്രി മുഴുവനും പ്രാർത്ഥനയിൽ ചിലവഴിച്ചതിന് ശേഷമാണ് ക്രിസ്തു അവനെയും തിരഞ്ഞെടുത്തത് (Ref: ലൂക്ക 6: 12-16). അവസാനം തൊലി ഉരിയപ്പെട്ട് രക്തസാക്ഷിത്വം വരിക്കുന്ന നിമിഷത്തിൽ പോലും ബർത്തലോമിയോ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞില്ല. ഇതുപോലുള്ള വിശ്വാസമല്ലെ നമുക്കും വേണ്ടത്? വി.ബർത്തലോമിയ ശ്ലീഹായുടെ തിരുനാൾ മംഗളങ്ങൾ!
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.