വിശ്രമജീവിതം നയിക്കുന്ന ഒരു വൈദികൻ തൻ്റെ പൗരോഹിത്യ ജീവിതത്തിൽ മായാതെ കിടക്കുന്ന ഓർമകളിലൊന്ന് പങ്കുവച്ചതോർക്കുന്നു. ഇടവകയിലെ ഒരു വീട്ടിൽ കലഹം. ഇടവകക്കാർ വന്ന് അച്ചനെ വിവരമറിയിച്ചപ്പോൾ അച്ചൻ അവരുടെ വീട്ടിലെത്തി. അച്ചൻ്റെ വാക്കുകൾക്ക് അവർ തെല്ലും വിലകൊടുത്തില്ല. മാത്രമല്ല ആ വീട്ടിലെ ഗൃഹനാഥൻ പറഞ്ഞ വാക്കുകൾ ഏറെ വേദനിപ്പിക്കുന്നതുമായിരുന്നു: "എൻ്റെ കുടുംബ കാര്യം നോക്കാൻ എനിക്കറിയാം. അച്ചൻ കുർബാന ചൊല്ലി പള്ളിയിലെ കാര്യം നോക്കിയാൽ മതി...." കണ്ണീരോടെയാണ് അച്ചനവിടെ നിന്നിറങ്ങിയത്. വികാരിയച്ചനും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം പറഞ്ഞിട്ടും തന്നിഷ്ടം ചെയ്ത ആ കുടുംബത്തിന് പിന്നീട് വളരെയധികം തകർച്ചകളുണ്ടായെന്നാണ് അച്ചനറിയാൻ കഴിഞ്ഞത്. ഈ സംഭവം നമ്മുടെ ജീവിതത്തിലും ഒരു പാഠമാകേണ്ടതാണ്. നമുക്കും കാണും സുഹൃത്തുക്കളായ വൈദികരും സന്യസ്തരും അല്മായരുമെല്ലാം. ചില പ്രതിസന്ധി ഘട്ടങ്ങളിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്നുള്ള അവരുടെ ഉപദേശങ്ങൾക്ക് ചെവികൊടുക്കാൻ പരമാവധി പ്രയത്നിക്കണം.
അശുദ്ധാത്മാവ് ബാധിച്ച ഒരുവനെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം പ്രതിപാദിക്കുന്നുണ്ട്. അയാൾ താമസിച്ചിരുന്നത് മൃതകുടീരങ്ങൾക്കിടയിലാണ്. ക്രിസ്തു ദൈവപുത്രനാണെന്നുള്ള തിരിച്ചറിവും അവനുണ്ടായിരുന്നു. എന്നിട്ടും ക്രിസ്തു അവനരികിൽ എത്തിയപ്പോൾ അവൻ പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കൂ: "മഹോന്നതനായ ദൈവത്തിന്റെ പുത്രാ, യേശുവേ, അങ്ങ് എന്റെ കാര്യത്തില്‍ എന്തിന് ഇടപെടുന്നു? ദൈവത്തെക്കൊണ്ട് ആണയിട്ട് ഞാന്‍ അങ്ങയോട് അപേക്‌ഷിക്കുന്നു: അങ്ങ് എന്നെ പീഡിപ്പിക്കരുതേ!" (മര്‍ക്കോസ് 5 : 7) നമ്മെ ശാസിക്കാനും തിരുത്താനും ദൈവത്തിന് നമ്മൾ അനുവാദം കൊടുത്തില്ലെങ്കിൽ നമ്മുടെ നിയന്ത്രണം സാത്താൻ്റെ കരങ്ങളിലായിരിക്കും. മുതിർന്നവരുടെയും ആത്മീയ ഗുരുക്കളുടെയുമെല്ലാം ഉപദേശങ്ങൾ ശ്രദ്ധാപൂർവ്വം ശ്രവിക്കാനാണ് നമ്മൾ പഠിക്കേണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26