പോളണ്ടിൽ വിദ്യാഭ്യാസ മേഖലയിൽ പൊളിച്ചെഴുത്ത്

പോളണ്ടിൽ വിദ്യാഭ്യാസ മേഖലയിൽ പൊളിച്ചെഴുത്ത്

വാർസ,പോളണ്ട് : വിദ്യാഭാസ മേഖലയിൽ പൊളിച്ചെഴുത്തു ലക്ഷ്യമാക്കി കൊണ്ട് പോളിഷ് പ്രസിഡണ്ട് ആൻഡ്രെജ് ദുഡ ,ദേശീയ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് പ്രിസെമിസോ സാർനെക്കിനെ നിയമിച്ചു. പിന്നാലെ വിവാദങ്ങളും തലപൊക്കിത്തുടങ്ങി. മുൻപ് രണ്ട് വ്യത്യസ്ത മന്ത്രാലയങ്ങളായി പ്രവർത്തിച്ചിരുന്ന ദേശീയ വിദ്യാഭ്യാസ മന്ത്രാലയവും , ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും കൂടി സംയോജിപ്പിച്ചു ഒറ്റ മന്ത്രാലയം ആക്കി മാറ്റി.

വിദ്യാഭ്യാസ പ്രക്രിയയിൽ മാതാപിതാക്കളുടെ പങ്ക് ശക്തിപ്പെടുത്തുകയും ശാസ്ത്രീയ ഗവേഷണ സ്വാതന്ത്ര്യം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പുതിയ മന്ത്രിയുടെ ഉത്തരവാദിത്തങ്ങളിൽ പ്രധാനം. വിദ്യാഭ്യാസ നിയമത്തിൽ പ്രസിഡണ്ടിന്റെ കരട് ഭേദഗതി “മാതാപിതാക്കൾക്ക് അവരുടെ വിശ്വാസങ്ങൾക്ക് അനുസൃതമായി മക്കളെ വളർത്താനുള്ള ഭരണഘടനാപരമായ അവകാശം ശക്തിപ്പെടുത്തുക” എന്നതാണ്. ഈ ഭേദഗതി പാസാകുകയാണെങ്കിൽ, സ്കൂളുകളിലെ എല്ലാ ഓർഗനൈസേഷനുകളുടെയും അസോസിയേഷനുകളുടെയും പ്രവർത്തനങ്ങൾക്ക് രക്ഷാകർതൃ അനുമതി ആവശ്യമാണ്. സർവ്വകലാശാലകളുടെ പ്രവർത്തനത്തിലും പൊളിച്ചെഴുത്തുകൾ പദ്ധതിയിടുന്നു.

ലിബറൽ-ഇടതുപക്ഷ ലോകവീക്ഷണം മാത്രമേ സർവ്വകലാശാലകളിൽ പാടുള്ളൂ എന്ന നിലപാടിനെതിരെ ആൻഡ്രെജ് ദുഡ യുടെ സർക്കാർ ശക്തമായി പ്രതികരിക്കുന്നു. “പോളിഷ് സർവ്വകലാശാലകളിൽ ഒരു ലിബറൽ-ഇടതുപക്ഷ പ്രൊഫൈൽ മാത്രമേ നിലനിൽക്കൂ എന്നല്ല, വിവിധ കാഴ്ചപ്പാടുകൾ ഉണ്ടായിരിക്കണം, ഈ കാഴ്ചപ്പാടുകൾ തമ്മിൽ പരസ്പരം സംവദിക്കുകയും വേണം. പ്രസിഡണ്ട് പറഞ്ഞു.

പോളണ്ടിലെ ചില വിദ്യാഭ്യാസ പ്രവർത്തകർ പ്രിസെമിസോ സാർനെക്കിനെ നിയമിച്ചതിൽ ശക്തമായി പ്രതിഷേധിക്കുന്നു. എൽജിബിടി ആളുകൾ “സാധാരണക്കാർക്ക്” തുല്യരല്ലെന്നും കുട്ടികൾക്ക് ജന്മം കൊടുക്കുവാനാണ് സ്ത്രീകൾ സൃഷ്ടിക്കപ്പെട്ടതെന്നുമുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ആണ് അവരെ പ്രകോപിതരാക്കിയത്. മാതാപിതാക്കൾ കുഞ്ഞുങ്ങൾ വേണ്ടെന്നു വയ്ക്കുന്നതിനെയും അദ്ദേഹം എതിർക്കുന്നു.സ്ത്രീകൾ, കരിയർ തേടിയതിനുശേഷം മാത്രം കുട്ടികൾക്ക് ജന്മം കൊടുക്കുന്ന പ്രവണത ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കു നയിക്കുന്നതായി അദ്ദേഹം വാദിച്ചു.

ലിബറൽ - ഇടതു പക്ഷ ചിന്തകർ പ്രിസെമിസോ സാർനെക്കിന്റെ നിയമനം പല്ലും നഖവും ഉപയോഗിച്ചു എതിർക്കുകയാണ്. അദ്ദേഹത്തെ അവർ ക്രിസ്ത്യൻ മൗലിക വാദിയായി മുദ്ര കുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.