ലൈംഗിക തൊഴില്‍ വ്യാവസായിക നിയമങ്ങളുടെ പരിധിയില്‍ കൊണ്ടുവരാനൊരുങ്ങി വിക്‌ടോറിയന്‍ സര്‍ക്കാര്‍; എതിര്‍പ്പുമായി ക്രൈസ്തവ സംഘടനകള്‍

ലൈംഗിക തൊഴില്‍ വ്യാവസായിക നിയമങ്ങളുടെ  പരിധിയില്‍ കൊണ്ടുവരാനൊരുങ്ങി വിക്‌ടോറിയന്‍ സര്‍ക്കാര്‍;  എതിര്‍പ്പുമായി ക്രൈസ്തവ സംഘടനകള്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ വിക്‌ടോറിയയില്‍ മറ്റൊരു വിവാദ നിയമ നിര്‍മാണത്തിനു വഴിയൊരുങ്ങുന്നു. വേശ്യാവൃത്തി നിയമപരമായി അംഗീകരിക്കാനുള്ള നടപടികളുമായാണ് വിക്ടോറിയന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ലൈംഗിക തൊഴിലിനെ രാജ്യത്തെ വ്യാപാര നിയമങ്ങളുടെ പരിധിയില്‍പെടുത്തിയുള്ള പരിഷ്‌കരണ നടപടികള്‍ക്കാണു നീക്കം. അതേമസയം, പെണ്‍കുട്ടികളെ ലൈംഗിക ആവശ്യത്തിനു വേണ്ടി വാങ്ങുന്നതും വില്‍ക്കുന്നതും നിയമവിധേയമാക്കുന്ന സര്‍ക്കാരിന്റെ നീക്കത്തിനെതിരേ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ശക്തമായ എതിര്‍പ്പാണ് ഉയരുന്നത്. ലഹരിമരുന്ന് മാഫിയ, കള്ളക്കടത്ത് സംഘങ്ങള്‍, ബൈക്കീസ് തുടങ്ങി ആസൂത്രിത ക്രിമിനല്‍ സംഘങ്ങള്‍ക്ക് പ്രോല്‍സാഹനമാകുന്ന നിയമത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ക്രൈസ്തവ സംഘടനകള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടു.

ലൈംഗിക തൊഴിലുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നില്ലെന്ന ആക്ഷേപത്തെതുടര്‍ന്നാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.
വിഷയത്തില്‍ കഴിഞ്ഞ വര്‍ഷം റീസണ്‍ പാര്‍ട്ടി നേതാവായ ഫിയോണ പാറ്റണിന്റെ നേതൃത്വത്തില്‍ പഠനങ്ങള്‍ നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ മുന്നിലുണ്ട്. റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ നിയമ പരിഷ്‌കരണം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അടുത്തിടെ വിക്‌ടോറിയന്‍ പാര്‍ലമെന്റില്‍നിന്ന് സ്വര്‍ഗസ്ഥനായ പിതാവേ... എന്ന പ്രാര്‍ഥന നീക്കം ചെയ്യാന്‍ ഫിയോണ പാറ്റണ്‍ പ്രമേയം കൊണ്ടുവന്നത് പരാജയപ്പെട്ടിരുന്നു.

ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറക്കുന്നതിനുമാണ് നിയമ പരിഷ്‌കരണമെന്നാണ് സര്‍ക്കാരിന്റെ അവകാശ വാദം. ഇത് ഏറെ ആക്ഷേപത്തിന് ഇടയാക്കുന്നുണ്ട്. വ്യാപാര നിയമങ്ങളെ അടിസ്ഥാനമാക്കി ലൈംഗിക തൊഴില്‍ പരിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ സംസ്ഥാനമൊട്ടാകെ പ്രതിഷേധം ഉയരുകയാണ്. ഓസ്‌ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറി, ന്യൂ സൗത്ത് വെയില്‍സ് എന്നീ സംസ്ഥാനങ്ങള്‍ ലൈംഗിക തൊഴില്‍ നിയമം മൂലം അംഗീകരിച്ചിട്ടുണ്ട്.

പുതിയ പരിഷ്‌കാരം എങ്ങനെയാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നതെന്നാണ് ഉയരുന്ന ചോദ്യം. പ്രത്യേകിച്ചും ബലാല്‍സംഗം അടക്കം കടുത്ത ചൂഷണങ്ങള്‍ നേരിടുന്നവരുടെ അവകാശങ്ങള്‍ ഈ നിയമം എങ്ങനെ സംരക്ഷിക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചോദിക്കുന്നു. കടുത്ത ലൈംഗിക ചൂഷണങ്ങള്‍ക്കു വിധേയരായവരെ പുനഃരധിവസിപ്പിക്കുന്നതിനു പകരം ഇത്തരം സാധ്യതകള്‍ കൂടുതല്‍ തുറക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് വിമര്‍ശനം.

സ്ത്രീത്വത്തെ നിയമപരമായ ഉപഭോഗ വസ്തുവായി മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് വിമര്‍ശനം. ബലാത്സംഗം, പീഡനം എന്നിവയൊക്കെ പണം കൊടുത്തു വാങ്ങാമെന്ന അവസ്ഥയാണ് ഈ നിയമത്തിലൂടെ സര്‍ക്കാര്‍ കൊണ്ടുവരുന്നത്.

ഈ മേഖലയിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന പീസ്, സ്‌പേസ് ഇന്റര്‍നാഷണല്‍, നോര്‍മാക്ക്, വാഹിന്‍ ടോ റൈസിംഗ് തുടങ്ങിയ സംഘടനകളുടെ അഭിപ്രായം തേടാതെയാണ് സര്‍ക്കാര്‍ നീങ്ങുന്നത്. വിക്‌ടോറിയയില്‍ ഇത്തരം ലൈംഗിക വില്‍പന കേന്ദ്രങ്ങളെ പിന്തുണയ്ക്കുന്ന നയമാണ് സര്‍ക്കാരിന്റേതെന്നാണ് വിമര്‍ശനമുയരുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സുതാര്യമല്ലെന്നും സ്ഥാപിത താല്‍പര്യങ്ങള്‍ കടന്നുകൂടിയെന്നും ഇത്തരം ബിസിനസ് കേന്ദ്രങ്ങള്‍ നടത്തുന്നവരുടെ താല്‍പര്യങ്ങളാണ് സര്‍ക്കാര്‍ പരിഗണിച്ചതെന്നുമാണ് ആക്ഷേപം.

സര്‍ക്കാരിന്റെ ഈ നയം വഴി സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമെന്നും ചൂഷണം ഏറുമെന്നും ബാല ലൈംഗികതയ്ക്ക് പ്രചാരമേറുമെന്നും മനുഷ്യക്കടത്ത് വര്‍ധിക്കുമെന്നുമാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന സാമൂഹിക-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. ലഹരി മരുന്ന്, കള്ളക്കടത്ത് സംഘങ്ങളും കുറ്റവാളികളും നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് കൂടുതല്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ഇതിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ആശങ്കയുണ്ട്.

ക്രൈസ്തവ സംഘടനയായ ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിയും (എ.സി.എല്‍) സര്‍ക്കാര്‍ നീക്കത്തിനെതിരേ എതിര്‍പ്പുമായി രംഗത്തുണ്ട്. നിയമ പരിഷ്‌കരണം തെരുവ് വേശ്യാവൃത്തിക്ക് വഴി തുറക്കുമെന്നും മനുഷ്യക്കടത്ത് പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുമെന്ന് എ.സി.എല്ലിന്റെ വിക്ടോറിയന്‍ കോര്‍ഡിനേറ്റര്‍ ജാസ്മിന്‍ യുയന്‍ പറഞ്ഞു,

ദാരിദ്ര്യം മൂലമോ താമസിക്കാന്‍ ഒരിടം ഇല്ലാത്തതു മൂലമോ വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞ സ്ത്രീകളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടാന്‍ ഇതു കാരണമാകും. വേശ്യാവൃത്തിയെ അനുകൂലിക്കുന്നവര്‍ അവകാശപ്പെടുന്നതുപോലെ സ്ത്രീകള്‍ സ്വമേധയാ ആണ് ഈ തൊഴില്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍, എന്തുകൊണ്ടാണ് പിന്നോക്ക വിഭാഗക്കാരും പാര്‍ശ്വവത്കരിക്കപ്പെട്ട സ്ത്രീകളും കൂടുതലായി ഈ തൊഴിലില്‍ ഏര്‍പ്പെടുന്നതെന്ന് ചിന്തിക്കണമെന്ന് ജാസ്മിന്‍ യുയന്‍ പറഞ്ഞു.

23 വയസില്‍ താഴെയുള്ളവര്‍ക്കിടയില്‍ 2004-ല്‍ നടത്തിയ പഠനത്തില്‍, ലൈംഗിക ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന 80% യുവതികളും ബാല്യത്തില്‍ പീഡനം ഏറ്റുവാങ്ങിയവരാണെന്നു കണ്ടെത്തിയിരുന്നു. ന്യൂ സൗത്ത് വെയില്‍സ് ഉള്‍പ്പെടെ ലൈംഗിക തൊഴിലിനെ വാണിജ്യപരമായി അംഗീകരിച്ചിട്ടുള്ള ലോകത്തെ എല്ലാ സ്ഥലങ്ങളിലും മനുഷ്യക്കടത്തും മറ്റ് അനുബന്ധ കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്.

ന്യൂ സൗത്ത് വെയില്‍സില്‍ എവിടെയും ലൈംഗിക തൊഴിലിനുള്ള പാര്‍ലറുകള്‍ തുറക്കാമെന്ന അവസ്ഥയാണ്. സ്‌കൂളുകള്‍, പഠന കേന്ദ്രങ്ങള്‍, പാര്‍പ്പിട മേഖലകള്‍ എന്നിവയ്ക്കു സമീപം ഉള്‍പ്പെടെ ഇത്തരം പാര്‍ലറുകള്‍ തുറക്കുന്നത് തടയാന്‍ ആര്‍ക്കും കഴിയില്ല. ന്യൂ സൗത്ത് വെയില്‍സിന്റെ അനുഭവം വിക്ടോറിയയില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും ജാസ്മിന്‍ യുവന്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.