സമരത്തിനിറങ്ങുന്ന അഭിഭാഷകര്‍ സൂക്ഷിക്കുക... പുതിയ നിയമ രൂപീകരണത്തിന് ബാര്‍ കൗണ്‍സില്‍ ഒരുങ്ങുന്നു

സമരത്തിനിറങ്ങുന്ന അഭിഭാഷകര്‍ സൂക്ഷിക്കുക... പുതിയ നിയമ രൂപീകരണത്തിന് ബാര്‍ കൗണ്‍സില്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: സമരം ചെയ്യുന്ന അഭിഭാഷകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ബാര്‍ കൗണ്‍സിലിന്റെ മുന്നറിയിപ്പ്. ഇതിനു വേണ്ടി പുതിയ നിയമങ്ങള്‍ രൂപീകരിക്കാനൊരുങ്ങുകയാണ് ബാര്‍ കൗണ്‍സില്‍. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എം.ആര്‍ ഷാ എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ചിനു മുന്നില്‍ ബാര്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ മിശ്ര അറിയിച്ചതാണ് ഇക്കാര്യം.

ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി രാജ്യത്തെ എല്ലാ ബാര്‍ കൗണ്‍സിലുകളുടേയും യോഗം സെപ്തംബര്‍ നാലിന് വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും പുതിയ നിയമങ്ങള്‍ അടുത്ത മാസം തുടക്കത്തില്‍ തന്നെ നിലവില്‍ വരത്തക്ക വിധത്തില്‍ തീരുമാനം എടുക്കുമെന്നും മനന്‍ മിശ്ര കോടതിയില്‍ പറഞ്ഞു. സമരം ചെയ്യുന്ന അഭിഭാഷകര്‍ക്കെതിരെ മാത്രമല്ല സമരം ചെയ്യാന്‍ അവരെ പ്രകോപിപ്പിക്കുന്ന വിധത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നവരെയും ശിക്ഷിക്കുന്ന വിധത്തില്‍ നിയമം നിര്‍മിക്കാനാണ് ശ്രമിക്കുന്നതെന്ന് മനന്‍ മിശ്ര പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യത്തെ മറയാക്കി അഭിഭാഷകര്‍ മിക്കപ്പോഴും സമരം ചെയ്യുന്നത് മൂലം കോടതി നടപടികള്‍ തടസപ്പെടുന്നുണ്ടെന്നും ഇത് രാജ്യത്തെ ജനങ്ങള്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന മൗലിക അവകാശങ്ങള്‍ നിഷേധിക്കുന്നതിനു തുല്ല്യമാണെന്ന് സുപ്രീം കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കോടതിയുടെ ഈ പരാമര്‍ശത്തെ പിന്തുണച്ച ബാര്‍ കൗണ്‍സില്‍ അഭിഭാഷകരുടെ സമരങ്ങള്‍ക്കെതിരായ കരട് നിയമം അടുത്ത മാസം തന്നെ സുപ്രീം കോടതിയുടെ അനുമതിക്കായി സമര്‍പ്പിക്കുമെന്ന് അറിയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.