വനിത ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയന്‍ മുന്നേറ്റം; ഇന്ത്യക്ക് 338 റണ്‍സ് വിജയ ലക്ഷ്യം

വനിത ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയന്‍ മുന്നേറ്റം; ഇന്ത്യക്ക് 338 റണ്‍സ് വിജയ ലക്ഷ്യം

മുംബൈ: വനിത ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യക്കെതിരെ തകര്‍ത്തടിച്ച ഓസ്ട്രേലിയ കൂറ്റന്‍ സ്‌കോറില്‍. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 49.5 ഓവറില്‍ ഓള്‍ ഔട്ടായപ്പോള്‍ 338 റണ്‍സ് സ്വന്തമാക്കി.

തകര്‍പ്പന്‍ ഫോമിലുള്ള ക്യാപ്റ്റന്‍ അലീസ ഹീലിയെ നേരത്തെ മടക്കിയെങ്കിലും സെഞ്ച്വറി നേടിയ ഓപ്പണര്‍ ഫീബി ലിച്ച്ഫീല്‍ഡ്, അര്‍ധ സെഞ്ച്വറികള്‍ നേടിയ എലീസ് പെറി, ആഷ്ലി ഗാര്‍ഡിനര്‍ എന്നിവര്‍ ചേര്‍ന്ന് ഓസീസിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചു.

അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ തന്നെ അലീസ ഹീലി ക്രാന്തി ഗൗഡിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഫീബി ലിച്ച് ഫീല്‍ഡ്, എലീസ് പെറി എന്നിവര്‍ ചേര്‍ന്ന് അടിച്ചെടുത്തത് 155 റണ്‍സ്.

അമന്‍ജോത് കൗറിന്റെ പന്തില്‍ ലിച്ച്ഫീല്‍ഡ് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. പിന്നീട് വന്ന ബെത്ത് മൂണി, അനബെല്‍ സതര്‍ലാന്‍ഡ് എന്നിവരും എലീസ് പെറിയും വീണതോടെ സ്‌കോര്‍ 243ന് അഞ്ച്.

താഹ്ലിയ മഗ്രാത്, ആഷ്ലി ഗാര്‍ഡിനര്‍, കിം ഗാര്‍ത്ത്, അലാന കിങ്, സോഫി മൊളീനക്സ് എന്നിവരാണ് പിന്നീട് പുറത്തായത്. ഇന്ത്യക്ക് വേണ്ടി ശ്രീ ചരണി, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ക്രാന്തി ഗൗഡ്, അമന്‍ജോത് കൗര്‍, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.