ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. 
മുംബൈ: ഓസ്‌ട്രേലിയയെ  തകര്‍ത്ത് ഇന്ത്യന്‍  വനിതകള്‍  ക്രിക്കറ്റ്  ലോകകപ്പ്  ഫൈനലില്‍. സെമിയില്‍ അഞ്ച് വിക്കറ്റിന്റെ ഉജ്ജ്വല ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നേടിയത് 338 റണ്‍സ്.
ഈ കൂറ്റന്‍ സ്‌കോര്‍ മറികടക്കുക എന്ന ലക്ഷ്യവുമായി ബാറ്റേന്തിയ ഇന്ത്യ 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 341 റണ്‍സ് അടിച്ചെടുത്താണ് മറുപടി പറഞ്ഞത്. കന്നി ഏകദിന ലോകകപ്പ് കിരീടമെന്ന ഇന്ത്യന്‍ വനിതകളുടെ സ്വപ്ന സാക്ഷാത്കാരത്തിന് ഇനി ഒറ്റ ജയത്തിന്റെ അകലം മാത്രം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. 
ഉജ്ജ്വല സെഞ്ച്വറിയുമായി തകര്‍പ്പന്‍ പെര്‍ഫോമന്‍സുമായി  പുറത്താകാതെ നിന്ന ജെമിമ റോഡ്രിഗസിന്റെ ഐതിഹാസിക ഇന്നിങ്സ് ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലെ വിജയത്തിന് സുവര്‍ണ തിളക്കമേകി. 134 പന്തില്‍ 14 ഫോറുകള്‍ സഹിതം ജെമിമ 127 റണ്‍സ് കണ്ടെത്തി.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനു അര്‍ഹിച്ച സെഞ്ച്വറി 11 റണ്‍സ് അകലെ നഷ്ടമായി. താരം 10 ഫോറും രണ്ട്  സിക്സും അടിച്ച് 89 റണ്‍സില്‍ മടങ്ങി. ഇരുവരും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് കളി ഇന്ത്യക്ക് അനുകൂലമാക്കിയത്. 167 റണ്‍സ് എടുത്താണ് സഖ്യം പിരിഞ്ഞത്.
17 പന്തില്‍ മൂന്ന്  ഫോറുകള്‍ സഹിതം 24 റണ്‍സെടുത്ത ദീപ്തി ശര്‍മ, 16 പന്തില്‍ രണ്ട് വീതം സിക്സും ഫോറും സഹിതം 26 റണ്‍സ് നേടിയ  റിച്ച ഘോഷ് എന്നിവരുടെ ബാറ്റിങും ജയത്തില്‍ നിര്‍ണായകമായി. ഒപ്പം എട്ട് പന്തില്‍ 15 റണ്‍സുമായി പുറത്താകാതെ നിന്ന അമന്‍ജോത് കൗറും സ്‌കോറിലേക്ക് സംഭാവന നല്‍കി.
പ്രതിക റാവലിനു പകരം ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സീനിയര്‍ ടീമിലേക്ക് തിരിച്ചെത്തിയ ഓപ്പണര്‍ ഷഫാലി വര്‍മയ്ക്കു തിളങ്ങാനായില്ല. ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ താരത്തെ നഷ്ടമായി. ഷഫാലിയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടപ്പെട്ടത്. താരം 10 റണ്‍സ് മാത്രമാണ് എടുത്തത്. സ്‌കോര്‍ 59 ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും നഷ്ടമായി. സ്മൃതി മന്താന 24 പന്തില്‍ 24 റണ്‍സുമായി മടങ്ങി.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.5 ഓവറില്‍ 338 റണ്‍സില്‍ ഓള്‍ ഔട്ടായി. ഫോബ് ലിച്ഫീല്‍ഡ് സെഞ്ച്വറിയും എല്ലിസ് പെറി, ആഷ്ലി ഗാര്‍ഡ്നര്‍ എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളുടേയും ബലത്തിലാണ് ഓസീസ് വനിതകള്‍ മികച്ച സ്‌കോറുയര്‍ത്തിയത്. 
ഒരു ഘട്ടത്തില്‍ ഓസ്ട്രേലിയ 400 കടക്കുമെന്നു തോന്നിച്ചെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍ ഓസീസ് കുതിപ്പിനു കടിഞ്ഞാണിടുകയായിരുന്നു. അവസാന ഓവറില്‍ ഒരു റണ്ണൗട്ടടക്കം ഓസീസിന് മൂന്ന്  വിക്കറ്റുകളാണ് നഷ്ടമായത്.
രണ്ട്  വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന കരുത്തുറ്റ നിലയില്‍ മുന്നേറിയ ഓസീസിന് 265 ല്‍ എത്തുമ്പോഴേക്കും ആറ്  വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് ആഷ്ലി ഗാര്‍ഡ്നര്‍ നടത്തിയ വെടിക്കെട്ടാണ് സ്‌കോര്‍ 300 കടത്തിയത്.
ഇരുപത്തിരണ്ടുകാരിയായ ലിച്ഫീല്‍ഡിന്റെ മൂന്നാം ഏകദിനമാണിത്. കന്നി ലോകകപ്പ് സെഞ്ച്വറി കുറിച്ച് നേടി താരം ക്രീസ് വിട്ടു. 77 പന്തില്‍ താരം 100 റണ്‍സിലെത്തി. 17 ഫോറും മൂന്ന് സിക്സും സഹിതം 93 പന്തില്‍ 119 റണ്‍സുമായി ലിച്ഫീല്‍ഡ് ഒടുവില്‍ പുറത്തായി. താരത്തെ പുറത്താക്കി അമന്‍ജോത് കൗറാണ് ഇന്ത്യക്ക് ആശ്വാസം പകര്‍ന്നത്.
എല്ലിസ് പെറി 88 പന്തില്‍ 77 റണ്‍സെടുത്തു. അറ് ഫോറും രണ്ട്  സിക്സും സഹിതമാണ് പെറിയുടെ അര്‍ധ സെഞ്ച്വറി.
പിന്നീട് തുടരെ വിക്കറ്റുകള്‍ വീണെങ്കിലും ആറാമതെത്തിയ ആഷ്ലി 45 പന്തില്‍ നാലു വീതം സിക്സും ഫോറും സഹിതം 63 റണ്‍സ് വാരിയാണ് സ്‌കോര്‍ 300 കടത്തിയത്.
ടോസ് നേടി ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരം ആറാം ഓവറിലേക്ക് കടന്നപ്പോള്‍ മഴ വില്ലനായതോടെ കളി നിര്‍ത്തി വച്ചു. കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സെന്ന നിലയിലായിരുന്നു. മഴ മാറി മത്സരം പുനരാരംഭിച്ച ശേഷമാണ് ഓസീസ് 100 കടന്നത്.
ഓപ്പണറും ക്യാപ്റ്റനുമായ അലിസ ഹീലിയുടെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. താരം 15 പന്തില്‍ അഞ്ച്  റണ്‍സെടുത്തു. ക്രാന്തി ഗൗഡ് അലിസയെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ബെത് മൂണി (24), അന്നബെല്‍ സതര്‍ലാന്‍ഡ് (3), തഹില മഗ്രാത്ത് (12), കിം ഗാര്‍ത് (17), അലന കിങ് (4), സോഫി മൊണിനെക്സ് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
ഇന്ത്യക്കായി ശ്രീ ചരണി, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ക്രാന്തി ഗൗഡ്, അമന്‍ജോത് കൗര്‍, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.