മുംബൈ: വനിതാ ഏകദിന ലോകകപ്പിന്റെ രണ്ടാം സെമിഫൈനലില്‍ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി തകര്‍പ്പന്‍ വിജയവുമായി ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യ. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 339 റണ്‍സ് എന്ന കൂറ്റന്‍ വിജയ ലക്ഷ്യം ഇന്ത്യ 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.
ജെമീമ റോഡ്രിഗസ് എന്ന പെണ്‍കരുത്താണ് ഇന്ത്യയെ വിജയത്തിലേയ്ക്ക് നയിച്ചത്. തകര്‍പ്പന്‍ പ്രകടനത്തോടെ പുറത്താകാതെ 127 റണ്‍സ് നേടിയാണ് അവര്‍ കളിയിലെ താരമായത്. തന്റെ വിശ്വാസം ഉറക്കെ പ്രഘോഷിച്ചായിരുന്നു ഇന്ത്യയെ ലോക കപ്പ് ഫൈനലില്‍ എത്തിച്ച ജെമീമ തന്റെ വിജയം ആഘോഷിച്ചത്. 
'ഞാന്‍ ആദ്യം യേശുവിന് നന്ദി പറയുന്നു..' കളിയില്‍ തന്നെ ശക്തിപ്പെടുത്തിയ ബൈബിള്‍ വചനം (പുറപ്പാട് 14:14) മൈതാനത്ത് കാണികള്‍ക്ക് മുമ്പില്‍ താരം ഏറ്റ് പറഞ്ഞു- 'കര്‍ത്താവ് നിങ്ങള്‍ക്ക് വേണ്ടി യുദ്ധം ചെയ്തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി.'
 
പവര്‍പ്ലെയില്‍ രണ്ട് പ്രധാന വിക്കറ്റുകള്‍ നഷ്ടമായതോടെ ഓസീസ് കളിയിലേക്ക് മടങ്ങിയെത്തിയെങ്കിലും മൂന്നാം വിക്കറ്റില്‍ ജെമിമ റോഡ്രിഗസ് തന്റെ വിശ്വാസം മുറുകെ പിടിച്ച് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ കൂട്ടുകെട്ടില്‍ ഇന്ത്യന്‍ വിജയത്തിന് അടിത്തറ പാകുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 154 പന്തില്‍ 167 റണ്‍സാണ് കൂട്ടിചേര്‍ത്തത്. സെഞ്ചുറി തികക്കാതെ 88 പന്തില്‍ 89 റണ്‍സെടുത്ത് ഹര്‍മന്‍പ്രീത് മടങ്ങിയെങ്കിലും ദിപ്തി ശര്‍മയെ കൂട്ടുപിടിച്ച് ജെമീമ പോരാട്ടം തുടരുകയായിരുന്നു. 
41-ാം ഓവറില്‍ ദീപ്തി ശര്‍മ(17 പന്തില്‍ 24) റണ്ണൗട്ടായി പുറത്തായ ശേഷം റിച്ച ഘോഷിനെ കൂട്ടുപിടിച്ച് 115 പന്തില്‍ സെഞ്ചുറി തികച്ച ജെമീമ ഇന്ത്യയെ ആത്മവിശ്വാസത്തിലേക്ക് നയിച്ചു. അവസാന ഓവറുകളില്‍ ദീപ്തി ശര്‍മ റണ്ണൗട്ടായതോടെ ഇന്ത്യന്‍ ക്യാമ്പില്‍ വീണ്ടും ആശങ്ക പടര്‍ന്നിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ അമന്‍ജോത് കൗറുമായി ചേര്‍ന്ന് ജമീമ ഇന്ത്യയെ ചരിത്ര ഫൈനലിലേക്ക് നയിച്ചു. അത് ജെമീമ എന്ന കരുത്തുറ്റ വനിതയുടെ വിശ്വാസ തീഷ്ണതയുടെ വെളിപ്പെടുത്തല്‍ കൂടിയായിരുന്നു.
നാലാം വയസില്‍ തുടങ്ങിയ ക്രിക്കറ്റ് കളി
മുംബൈയിലെ ഭണ്ഡൂപില്‍വച്ച് 2000 സെപ്റ്റംബര്‍ അഞ്ചിനാണ് മംഗലാപുരം സ്വദേശികളായ ക്രിസ്ത്യന്‍ മാതാപിതാക്കള്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്. ഇരട്ട കുട്ടികളില്‍ ഒരാളായ ജെമീമ ചെറുപ്പം മുതല്‍ കായിക ഇനങ്ങളില്‍ താല്‍പര്യം കാണിച്ചിരുന്നു. അങ്ങനെ നാലാം വയസ് മുതല്‍ ജെമീമ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങി. കുട്ടികള്‍ക്ക് മികച്ച കായിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി അവരുടെ കുടുംബം പിന്നീട് ബാന്ദ്ര വെസ്റ്റിലേക്ക് താമസം മാറി. 
സ്‌കൂളിലെ ജൂനിയര്‍ കോച്ചായിരുന്ന പിതാവ് ഇവാന്‍ റോഡ്രിഗസ് ആയിരുന്നു ജെമീമയുടെ ആദ്യ പരിശീലകന്‍. അദ്ദേഹമാണ് അവളുടെ സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു ക്രിക്കറ്റ് ടീം തന്നെ രൂപീകരിച്ചത്. ക്രിക്കറ്റിനൊപ്പം ഫീല്‍ഡ് ഹോക്കിയും കളിച്ചിരുന്ന ജെമീമ, മഹാരാഷ്ട്രയുടെ അണ്ടര്‍-17 ഹോക്കി ടീമില്‍ അംഗമായിരുന്നു.
ക്രിക്കറ്റിനൊപ്പം 
ഹോക്കിയിലും അത്‌ലറ്റിക്‌സിലും മികവ് തെളിയിച്ച ശേഷമാണ് ജെമീമ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. 2017 ല്‍ ആഭ്യന്തര അണ്ടര്‍-19 ഏകദിന ട്രോഫിയില്‍ സൗരാഷ്ട്രയ്ക്കെതിരെ പുറത്താകാതെ 202 റണ്‍സ് നേടിയതോടെ സ്മൃതി മന്ധാനയ്ക്ക് ശേഷം ആ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമായി അവര്‍ മാറി.
2018 ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 മത്സരത്തിലൂടെയാണ് ജെമീമ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.
പ്രധാന നേട്ടങ്ങള്‍:
2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.
2022 വനിതാ ഏഷ്യാ കപ്പ് കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്നു. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് ജെമീമ കാഴ്ചവെച്ചത്.
2023 ലെ വനിതാ പ്രീമിയര്‍ ലീഗിന്റെ (WPL) പ്രഥമ ലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 2.20 കോടി രൂപയ്ക്ക് ജെമീമയെ സ്വന്തമാക്കി.
2025 വനിതാ ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെ പുറത്താകാതെ നേടിയ സെഞ്ച്വറി (127* റണ്‍സ്) ഇന്ത്യയെ ചരിത്രപരമായ വിജയത്തിലേക്ക് നയിച്ചു. 
വ്യക്തി ജീവിതം
തന്റെ കരിയറിലെ ബുദ്ധിമുട്ടേറിയ ഘട്ടങ്ങളില്‍ ബൈബിള്‍ വചനങ്ങള്‍ ആവര്‍ത്തിച്ച് ചൊല്ലിയാണ് ജെമീമ ആശ്വാസം കണ്ടെത്തിയിരുന്നത്.
അടുത്തിടെ മുംബൈയിലെ ഖാര്‍ ജിംഖാന ക്ലബ്ബില്‍ പിതാവ് മതപരമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു എന്ന ആരോപണങ്ങളെത്തുടര്‍ന്ന് ക്ലബ്ബ് ജെമീമയ്ക്ക് നല്‍കിയിരുന്ന ഓണററി അംഗത്വം റദ്ദാക്കിയത് വാര്‍ത്തയായിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി ജെമീമയുടെ പിതാവ് തന്നെ രംഗത്തെത്തിയിരുന്നു. 
വനിതാ ക്രിക്കറ്റിലെ 'സഞ്ജു സാംസണ്‍'
വണ്‍ ഡൗണായി കളിക്കാന്‍ ജെമിമയെക്കാളും നല്ല ഓപ്ഷന്‍ ഇന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ടി20 യില്‍ സഞ്ജു സാംസണെ ബാറ്റിങ് പൊസിഷനില്‍ എങ്ങനെയാണോ അമ്മാനമാടുന്നത്, അതുപോലെയാണ് വനിതാ ക്രിക്കറ്റില്‍ ജെമിമയുടെ കാര്യവും എന്നാണ് പറയുന്നത്. ഇന്ന് കാണുന്ന പൊസിഷനില്‍ നാളെ കണ്ടെന്നുവരില്ല. പക്ഷേ എവിടെ ഇറക്കിയാലും കിട്ടുന്ന റോള്‍ ജെമിമ ഭംഗിയാക്കും. അത് ജെമിമ നല്‍കുന്ന ഉറപ്പാണ്. 
ഓള്‍ റൗണ്ടര്‍, പക്ഷേ...
മികച്ച ഒരു ഓള്‍ റൗണ്ടറാണ് ജെമിമ. പാര്‍ട്ട് ടൈം ബൗളറായി പ്രയോജനപ്പെടുത്താവുന്ന താരം എന്നാണ് വിലയിരുത്തല്‍. ഫീല്‍ഡിങിലും ജെമിമ ഒരു വിസ്മയമാണ്. 2023 ല്‍ ബംഗ്ലാദേശിനെതിരെ നടന്ന ഒരു മത്സരത്തില്‍ മൂന്ന് റണ്‍സിന് നാല് വിക്കറ്റുകളാണ് ജെമിമ പിഴുതതെറിഞ്ഞത്. എന്നാല്‍ പിന്നീട് ജെമിമയെ ബൗളിങ് റോളില്‍ അധികം കണ്ടിട്ടില്ല. ജെമിമയിലെ ബൗളിങ് മികവ് പ്രയോജനപ്പെടുത്താതെ നശിപ്പിക്കുന്നുവെന്നാണ് പലപ്പോഴും വന്നിട്ടുള്ള പരാതി. 
ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ ജെമിമ റോഡ്രിഗസ് എപ്പോഴും അണ്ടര്‍റേറ്റഡാണ്. ഇപ്പോള്‍ ലഭിക്കുന്ന കയ്യടികള്‍ താരത്തിന് വളരെ നേരത്തെ തന്നെ ലഭിക്കേണ്ടതായിരുന്നു. ജെമിമയുടെ മനസാന്നിധ്യവും ഉറച്ച വിശ്വാസമാണ് ഓസീസിനെ തോല്‍പിക്കാന്‍ ഇന്ത്യയ്ക്ക് കരുത്തായത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.